ബാങ്കുകൾക്ക് അധിക നികുതി ചുമത്തുമോ? ആൻഡി ബേൺഹാമിന്റെ നീക്കത്തിൽ ബാങ്കർമാരും യൂണിയനുകളും നേർക്കുനേർ
ജീവിതച്ചെലവ് പ്രതിസന്ധിയിലായ കുടുംബങ്ങളെ സഹായിക്കാൻ ബാങ്കുകൾക്ക് അധിക നികുതി ചുമത്തണമെന്ന സാധ്യതയെ ചൊല്ലി തർക്കം ശക്തമാകുന്നു.
ലണ്ടൻ : ജീവിതച്ചെലവ് വർധനവിൽ പ്രതിസന്ധിയിലായ സാധാരണ കുടുംബങ്ങളെ സഹായിക്കാൻ യുകെയിലെ ബാങ്കുകൾക്ക് മേൽ അധിക നികുതി ചുമത്തണമെന്ന നിർദേശത്തെ ചൊല്ലി ബാങ്കിംഗ് മേഖലയും തൊഴിലാളി യൂണിയനുകളും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. കിയർ സ്റ്റാർമറിന് ശേഷം പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്ന ആൻഡി ബേൺഹാം, ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് അടിയന്തര ആശ്വാസം നൽകേണ്ടതുണ്ടെന്ന് വ്യക്തമാക്കിയതോടെയാണ് ഈ ചർച്ചകൾക്ക് വീണ്ടും ജീവൻ വച്ചത്. പൊതുധനകാര്യത്തിന് ദോഷമുണ്ടാക്കാതെ ജനങ്ങൾക്ക് താൽക്കാലിക ആശ്വാസം നൽകാനുള്ള മാർഗങ്ങൾ പരിശോധിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഉയർന്ന പലിശനിരക്കുകൾ കാരണം വലിയ ബാങ്കുകൾ വൻ ലാഭം കൊയ്യുന്ന സാഹചര്യത്തിലാണ് ഈ നീക്കം.
മുൻ കൺസർവേറ്റീവ് സർക്കാർ കുറച്ച ബാങ്കിംഗ് സർചാർജ് വീണ്ടും ഉയർത്തിയാൽ അടുത്ത നാല് വർഷത്തിനിടെ ഏകദേശം 9 ബില്യൺ പൗണ്ട് സമാഹരിക്കാനാകുമെന്നാണ് ട്രേഡ്‌സ് യൂണിയൻ കോൺഗ്രസ് ചൂണ്ടിക്കാണിക്കുന്നത്. അധ്വാനിക്കുന്ന സാധാരണ ജനങ്ങളെ കൂടുതൽ നികുതി ഭാരത്തിലേക്ക് തള്ളിയിടാതെ, വലിയ ലാഭം നേടുന്ന കോർപ്പറേറ്റ് മേഖലകളിൽ നിന്ന് തുക ഈടാക്കണമെന്നാണ് യൂണിയൻ നേതാക്കളുടെ ആവശ്യം. എന്നാൽ ഈ നീക്കത്തെ സിറ്റി മേഖലയിലെ ബാങ്കർമാർ ശക്തമായി എതിർക്കുകയാണ്. ബാങ്കുകൾക്ക് മേൽ അധിക നികുതി അടിച്ചേൽപ്പിക്കുന്നത് രാജ്യത്തെ സാമ്പത്തിക വളർച്ചയെ സാരമായി ബാധിക്കുമെന്നും ആഗോള വിപണിയിലെ മത്സരത്തിൽ യുകെയെ പിന്നിലാക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.
നിലവിൽ കോർപ്പറേഷൻ നികുതിക്ക് പുറമേ ബാങ്ക് സർചാർജും ലെവിയും യുകെയിലെ ധനകാര്യ സ്ഥാപനങ്ങൾ നൽകുന്നുണ്ട്. ഫ്രാങ്ക്ഫർട്ട്, ന്യൂയോർക്ക് തുടങ്ങിയ സാമ്പത്തിക കേന്ദ്രങ്ങളെ അപേക്ഷിച്ച് യുകെയിലെ ബാങ്കിംഗ് മേഖലയിലെ മൊത്തം നികുതി ഭാരം കൂടുതലാണെന്നും പുതിയ നികുതികൾ വന്നാൽ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും മറ്റ് രാജ്യങ്ങളിലേക്ക് മാറുമെന്നുമാണ് വ്യവസായ സംഘടനകളുടെ വാദം. എന്നാൽ രാജ്യത്ത് പട്ടിണി പടരുമ്പോൾ ബാങ്കിംഗ് ലോബികളുടെ സമ്മർദ്ദത്തിന് സർക്കാർ വഴങ്ങരുതെന്ന് യൂണിയനുകൾ ആവശ്യപ്പെടുന്നു. വരാനിരിക്കുന്ന ട്രഷറി നിയമനങ്ങളും പുതിയ ചാൻസലറുടെ നിലപാടുകളും ഈ നികുതി തർക്കത്തിൽ നിർണായകമാകും.
English Summary: UK bankers and unions are heading for a clash over a possible bank tax under Andy Burnham’s economic plans.
