യുകെയിൽ നിന്നും പാരീസിലേക്ക് വിനോദയാത്രയ്ക്ക് പോയ അങ്കമാലി സ്വദേശി അന്തരിച്ചു

May 11, 2026 - 16:25
 0
യുകെയിൽ നിന്നും പാരീസിലേക്ക് വിനോദയാത്രയ്ക്ക് പോയ അങ്കമാലി സ്വദേശി അന്തരിച്ചു

ലണ്ടൻ : യുകെയിൽ നിന്നും സുഹൃത്തുക്കളോടൊപ്പം പാരീസ് സന്ദർശിക്കാൻ പോയ അങ്കമാലി സ്വദേശി ജീസ് ജോസ് (49) അന്തരിച്ചു. വെള്ളിയാഴ്ച വൈകിട്ട് വാടകയ്ക്കെടുത്ത വാനിൽ ആറംഗ സംഘത്തോടൊപ്പം പാരീസിലേക്ക് പുറപ്പെട്ടതായിരുന്നു ഇദ്ദേഹം. ശനിയാഴ്ച വൈകുന്നേരത്തോടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ജീസിനെ രാത്രി ഏഴു മണിയോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അർദ്ധരാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പാരിസിൽ നിന്നുള്ള സുഹൃത്തുക്കൾ അറിയിച്ചത്.

അങ്കമാലി കിടങ്ങൂർ കുന്നപ്പള്ളി കുടുംബാംഗമായ ജീസ് ലെസ്റ്റർ ഹോസ്പിറ്റലിൽ ഫെസിലിറ്റേറ്റർ അസിസ്റ്റന്റായി ജോലി ചെയ്തു വരികയായിരുന്നു. യുകെയിൽ എത്തിയിട്ട് അഞ്ചു വർഷമായ ജീസ് കുടുംബത്തോടൊപ്പം ഡാർബിയിലാണ് താമസിച്ചിരുന്നത്. പന്ത്രണ്ടും രണ്ടും വയസ്സുള്ള രണ്ട് കുട്ടികളാണ് ഇവർക്കുള്ളത്. ഭാര്യ ജോയ്‌സി സെബാസ്റ്റ്യൻ ഇപ്പോൾ മൂന്നാമത്തെ കുഞ്ഞിനെ ഗർഭിണിയാണ്.

കുടുംബത്തിന് കൈത്താങ്ങാകാൻ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ചാരിറ്റി ഫണ്ട് കളക്ഷൻ ആരംഭിച്ചിട്ടുണ്ട്. ജീസിന്റെ ആകസ്മിക നിര്യാണത്തിൽ ലെസ്റ്റർ അങ്കമാലി കമ്മ്യൂണിറ്റിയും യുണൈറ്റഡ് മലയാളി ഇൻ ലെസ്റ്ററും അനുശോചനം രേഖപ്പെടുത്തി.

Webadmin UK Malayali News editorial team brings the latest UK news, immigration updates, community stories and important information for Malayali readers in the United Kingdom.
ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.