വിസ ചട്ടങ്ങൾ ലംഘിച്ചാൽ വിദേശ വിദ്യാർത്ഥികളെ വിലക്കാൻ ബ്രിട്ടൻ; സർവ്വകലാശാലകൾക്കെതിരെ കർശന നടപടി

Jun 4, 2026 - 13:07
 0
വിസ ചട്ടങ്ങൾ ലംഘിച്ചാൽ വിദേശ വിദ്യാർത്ഥികളെ വിലക്കാൻ ബ്രിട്ടൻ; സർവ്വകലാശാലകൾക്കെതിരെ കർശന നടപടി

ലണ്ടൻ : യുകെയിൽ പഠന വിസയിലെത്തിയ ശേഷം കോഴ്സുകൾ പൂർത്തിയാക്കാതെ പകുതിക്കുവെച്ച് നിർത്തുന്ന വിദേശ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ കർശന നടപടികളുമായി ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയം. പഠന വിസകൾ ദുരുപയോഗം ചെയ്ത് രാജ്യത്ത് തുടരാൻ ശ്രമിക്കുന്നവരെ തടയുന്നതിൻ്റെ ഭാഗമായി വിസ നിയമങ്ങളിൽ വൻ പരിഷ്കാരങ്ങളാണ് ഹോം ഓഫീസ് പ്രഖ്യാപിച്ചിരിക്കുന്നത്. നിശ്ചിത പരിധിയിൽ കൂടുതൽ വിദ്യാർത്ഥികൾ കോഴ്സ് ഉപേക്ഷിക്കുകയോ വിസ ചട്ടങ്ങൾ ലംഘിക്കുകയോ ചെയ്താൽ ബന്ധപ്പെട്ട സർവ്വകലാശാലകൾക്ക് വിദേശ വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്യാനുള്ള അനുമതി പൂർണ്ണമായും റദ്ദാക്കുമെന്നാണ് പുതിയ മുന്നറിയിപ്പ്.

കഴിഞ്ഞ വർഷം മാത്രം പഠന വിസയിലെത്തിയ പതിനായിരത്തിലധികം ആളുകൾ യുകെയിൽ രാഷ്ട്രീയ അഭയം (അഭയാർത്ഥി പദവി) തേടിയെന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് സർക്കാരിൻ്റെ ഈ പുതിയ നീക്കം. കഴിഞ്ഞ മാർച്ച് വരെയുള്ള കണക്കുകൾ പ്രകാരം 10835 പേരാണ് ഇത്തരത്തിൽ സ്റ്റുഡൻ്റ് വിസയിൽ വന്ന് അഭയത്തിനായി അപേക്ഷ നൽകിയത്. കുടുംബാംഗങ്ങളെ ഒപ്പം കൂട്ടുന്നതിനുള്ള നിയന്ത്രണങ്ങൾ വന്നതോടെ നിലവിൽ വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ നേരിയ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും വിസ ദുരുപയോഗം പൂർണ്ണമായി ഇല്ലാതാക്കുകയാണ് പുതിയ നിയമ ഭേദഗതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

അതേസമയം പുതിയ നിയന്ത്രണങ്ങൾ യുകെയിലെ സർവ്വകലാശാലകളെ സാമ്പത്തിക പ്രതിസന്ധിയിലാക്കുമെന്ന ആശങ്കയും ശക്തമാണ്. വിദേശ വിദ്യാർത്ഥികളിൽ നിന്നുള്ള വരുമാനം കുറഞ്ഞത് നിലവിൽ തന്നെ പല സ്ഥാപനങ്ങളിലും ജീവനക്കാരുടെ വെട്ടിച്ചുരുക്കലിനും ജോലി നഷ്ടത്തിനും കാരണമായിട്ടുണ്ടെന്ന് യൂണിവേഴ്സിറ്റീസ് യുകെ പ്രസിഡൻ്റ് പ്രൊഫസർ മാൽക്കം പ്രെസ്സ് ചൂണ്ടിക്കാട്ടി. എങ്കിലും വിസാ സമ്പ്രദായത്തിലെ സുതാര്യത ഉറപ്പാക്കാനും നിയമലംഘനങ്ങൾക്കെതിരെ വേഗത്തിൽ നടപടിയെടുക്കാനും സർക്കാരുമായി സഹകരിക്കുമെന്നും സർവ്വകലാശാലാ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

English Summary:

The UK government has announced strict reforms to strip universities of their right to recruit international students if the visa system is found to be abused.

ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.