യൂറോമില്യൺസ് ജേതാവിന് ദാരുണാന്ത്യം; എസെക്സിൽ സൈക്കിളിൽ പോകവേ കാർ ഇടിച്ച സംഭവം ഹിറ്റ് ആൻഡ് റൺ എന്ന സംശയം
ലണ്ടൻ : എസെക്സിൽ സൈക്കിളിൽ പോകുന്നതിനിടെ കാർ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ യൂറോമില്യൺസ് ജേതാവ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. ടിപ്ട്രീയിലെ മാൾഡൺ റോഡിൽ മെയ് 21ന് രാവിലെ 6.30ഓടെയാണ് സൈക്കിൾ യാത്രക്കാരനും കറുത്ത ഫോർഡ് കാറും തമ്മിൽ കൂട്ടിയിടിച്ചത്. പരിക്കേറ്റ മുപ്പതുകളിലുള്ള യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നാലുദിവസങ്ങൾക്ക് ശേഷം മരണം സ്ഥിരീകരിക്കുകയായിരുന്നു. മരിച്ചത് ആന്റണി കാന്റിയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കോവിഡ് കാലത്ത് ഹൃദയാഘാതം സംഭവിച്ച ഒരു പോലീസ് ഉദ്യോഗസ്ഥന് സിപിആർ നൽകി ജീവൻ രക്ഷിക്കാൻ സഹായിച്ച വ്യക്തി എന്ന നിലയിലും ആന്റണി കാന്റി ശ്രദ്ധേയനായിരുന്നു. 2020 ഏപ്രിലിൽ ബസിൽ യാത്ര ചെയ്യുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണപ്പോൾ കാന്റി അടിയന്തര സഹായം നൽകുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥനെ എയർ ആംബുലൻസിൽ ആശുപത്രിയിലെത്തിക്കുകയും അഞ്ചുദിവസം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ നൽകുകയും ചെയ്തു. ഇതിന് ആഴ്ചകൾക്ക് പിന്നാലെ 2020 മേയിൽ പങ്കാളിയായ കെയ്റ്റി സള്ളിവനൊപ്പം കാന്റി യൂറോമില്യൺസ് നറുക്കെടുപ്പിൽ 10 ലക്ഷം പൗണ്ട് സമ്മാനം നേടിയിരുന്നു. എന്നാൽ സമ്മാനം ലഭിച്ച ശേഷവും ജോലി ഉപേക്ഷിക്കില്ലെന്ന് വാട്ടർ സപ്ലൈ മേഖലയിൽ ജോലി ചെയ്തിരുന്ന കാന്റി വ്യക്തമാക്കിയിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് 18 വയസ്സുള്ള യുവാവിനെ അപകടകരമായ ഡ്രൈവിംഗിലൂടെ ഗുരുതര പരിക്ക് വരുത്തിയതിന്റെ സംശയത്തിലും, മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ച് വാഹനമോടിച്ചതിന്റെ സംശയത്തിലും, അപകടസ്ഥലത്ത് നിർത്താതെ പോയതിന്റെയും സംശയത്തിൽ ആദ്യം അറസ്റ്റ് ചെയ്തതായി എസെക്സ് പോലീസ് അറിയിച്ചു. ഇയാൾ ഇപ്പോൾ അന്വേഷണ വിധേയനായി തുടരുകയാണ്. മെയ് 21ന് രാവിലെ അപകടസമയത്ത് പ്രദേശത്ത് കറുത്ത ഫോർഡ് കാ കാർ ഓടിച്ചുകണ്ടവരിൽ നിന്നോ, സിസിടിവി, ഡാഷ്‌ക്യാം അല്ലെങ്കിൽ മറ്റ് ദൃശ്യങ്ങൾ കൈവശമുള്ളവരിൽ നിന്നോ വിവരങ്ങൾ ലഭിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.
English Summary: EuroMillions winner Anthony Canty has died after a suspected hit-and-run collision in Essex.
