ലിവർപൂളിൽ ആർസിഎൻ കോൺഗ്രസിന് തുടക്കമായി; നഴ്സിങ് മേഖലയ്ക്ക് മികച്ച ഭാവി ഉറപ്പാക്കുമെന്ന് പ്രസിഡന്റ് ബിജോയ് സെബാസ്റ്റ്യൻ
ലണ്ടൻ : യുകെയിലെ നഴ്സുമാരുടെ ഏറ്റവും വലിയ സംഘടനയായ റോയൽ കോളേജ് ഓഫ് നഴ്സിങ്ങിന്റെ വാർഷിക സമ്മേളനത്തിന് ലിവർപൂളിൽ ആവേശകരമായ തുടക്കമായി. സംഘടനയുടെ പ്രസിഡന്റായി ചുമതലയേറ്റ ശേഷം നടക്കുന്ന ആദ്യ കോൺഗ്രസിനെ അഭിസംബോധന ചെയ്തുകൊണ്ട് ബിജോയ് സെബാസ്റ്റ്യൻ നടത്തിയ പ്രസംഗം നഴ്സിങ് സമൂഹത്തിന് വലിയ ആത്മവിശ്വാസമാണ് നൽകിയത്. നഴ്സുമാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും തൊഴിൽ മേഖലയിലെ വെല്ലുവിളികളെ നേരിടുന്നതിനും താൻ എപ്പോഴും ഒപ്പമുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. മുൻവർഷങ്ങളിൽ ഒത്തൊരുമയോടെ നടത്തിയ പോരാട്ടങ്ങളുടെ വിജയങ്ങൾ അനുസ്മരിച്ച അദ്ദേഹം, കൂട്ടായ മുന്നേറ്റങ്ങളുടെ കരുത്താണ് സംഘടനയുടെ അടിത്തറയെന്നും ഓർമ്മിപ്പിച്ചു.
നഴ്സുമാരുടെ ശമ്പളഘടന അടിമുടി പരിഷ്കരിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞായിരുന്നു പ്രസിഡന്റിന്റെ പ്രസംഗം. വെറും വാർഷിക ശമ്പള വർദ്ധനവിന് വേണ്ടി മാത്രമല്ല, മറിച്ച് അടിസ്ഥാന ശമ്പളത്തിൽ തന്നെ വലിയ തോതിലുള്ള മാറ്റങ്ങളാണ് ഇനി ഉണ്ടാകേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. എൻഎച്ച്എസിലെ ബാൻഡ് 5 നഴ്സുമാരുടെ പദവികൾ പുനഃപരിശോധിക്കാമെന്ന വെസ്റ്റ്മിൻസ്റ്റർ സർക്കാരിന്റെ മുൻ ഉറപ്പ് അദ്ദേഹം പ്രതിനിധികളെ ഓർമ്മിപ്പിച്ചു. അപകടസാധ്യത നിറഞ്ഞതും കഠിനവുമായ നഴ്സിങ് ജോലിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് അർഹമായ വേതനം നൽകാൻ അധികാരികൾ തയ്യാറാകണമെന്നും, അല്ലാത്തപക്ഷം വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ടുപോകുമെന്നും ബിജോയ് സെബാസ്റ്റ്യൻ മുന്നറിയിപ്പ് നൽകി. ഒപ്പം യുകെയിലെ ഇൻഡെഫിനിറ്റ് ലീവ് ടു റിമെയ്ൻ നിയമങ്ങളിൽ നഴ്സുമാർക്ക് അനുകൂലമായി വരുത്തിയ മാറ്റങ്ങളും അദ്ദേഹം പ്രസംഗത്തിൽ പരാമർശിച്ചു.
ആർസിഎൻ കോൺഗ്രസിന്റെ ഉദ്ഘാടന ചടങ്ങിൽ ഹിൽസ്ബറോ ദുരന്തബാധിതർക്കായി പോരാടിയ പ്രശസ്ത സാമൂഹിക പ്രവർത്തക മാർഗരറ്റ് അസ്പിനാൽ മുഖ്യാതിഥിയായി പങ്കെടുത്തു. നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങൾ ഒരിക്കലും പരാജയപ്പെടില്ലെന്ന് സ്വന്തം ജീവിതാനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് അവർ ഓർമ്മിപ്പിച്ചു. മെയ് 18 മുതൽ 21 വരെ നാല് ദിവസങ്ങളിലായി നടക്കുന്ന ഈ സമ്മേളനത്തിൽ അയ്യായിരത്തിലധികം പ്രതിനിധികളാണ് പങ്കെടുക്കുന്നത്. വരും ദിവസങ്ങളിൽ നഴ്സിങ് മേഖല നേരിടുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ചുള്ള ചർച്ചകളും പ്രമുഖരുടെ ക്ലാസുകളും കോൺഗ്രസിന്റെ ഭാഗമായി ലിവർപൂളിൽ നടക്കും.
English Summary: RCN President Bejoy Sebastian addressed the annual Congress in Liverpool, promising to stand with members for a brighter future in nursing.

