ബെൽഫാസ്റ്റിൽ ടാക്സി ഡ്രൈവർക്ക് നേരെ വംശീയാക്രമണം: ദേഹത്ത് തുപ്പി, മുഖത്തിടിച്ചു

May 18, 2026 - 18:50
 0
ബെൽഫാസ്റ്റിൽ ടാക്സി ഡ്രൈവർക്ക് നേരെ വംശീയാക്രമണം: ദേഹത്ത് തുപ്പി, മുഖത്തിടിച്ചു

നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ബെല്‍ഫാസ്റ്റില്‍ ടാക്‌സി ഡ്രൈവര്‍ക്ക് നേരെ വംശീയാക്രമണം. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി 11:10-ഓടെ ടാബോള്‍ട്ട് സ്ട്രീറ്റില്‍ വച്ചാണ് രണ്ട് പുരുഷന്മാര്‍ ടാക്‌സി ഡ്രൈവറെ വംശീയമായി അധിക്ഷേപിക്കുകയും, മുഖത്ത് ഇടിക്കുകയും ചെയ്തത്. സംഭവത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:
ടാബോള്‍ട്ട് സ്ട്രീറ്റില്‍ ടാക്‌സിക്കായി ഡ്രൈവറെ സമീപിച്ച രണ്ട് പുരുഷന്മാരും, ഒരു സ്ത്രീയും അടങ്ങുന്ന സംഘത്തോട്, തനിക്ക് വേറെ ബുക്കിങ് ഉള്ളതിനാല്‍ ഓട്ടം വരാനാകില്ലെന്ന് ഡ്രൈവര്‍ പറഞ്ഞു. ഇതോടെ പുരുഷന്മാരില്‍ ഒരാള്‍ ഡ്രൈവറെ മോശം വാക്കുകളുപയോഗിച്ച് വംശീയമായി അധിക്ഷേപിക്കാനും, കാറിനിട്ട് ഇടിക്കാനും തുടങ്ങി. ഡ്രൈവര്‍ക്ക് നേരെ തുപ്പുകയും ചെയ്തു. ഇതോടെ കാര്‍ വിട്ടിറങ്ങിയ ഡ്രൈവറെ ഇയാള്‍ മുഖത്തിടിച്ചു. നിലത്തുവീണ ഡ്രൈവര്‍ എഴുന്നേല്‍ക്കാന്‍ ശ്രമിക്കവെ രണ്ടാമത്തെ പുരുഷന്‍ ഇയാളെ വീണ്ടും ഇടിച്ചു. ശേഷം സംഘം സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടു.

ഒരു പ്രകോപനവും കൂടാതെയാണ് വംശീയമായ ഈ ആക്രമണമുണ്ടായതെന്നും, സംഭവത്തില്‍ തങ്ങള്‍ അന്വേഷണമാരംഭിച്ചിട്ടുണ്ടെന്നും നോര്‍ത്തേണ്‍ അയര്‍ലണ്ട് പൊലീസ് അറിയിച്ചു. നമ്മുടെ സമൂഹത്തില്‍ വിദ്വേഷത്തിനും, വംശീയതയ്ക്കും സ്ഥാനമില്ലെന്നും, എല്ലാവര്‍ക്കും ഇവിടെ സുരക്ഷിതരായിരിക്കാനും, ബഹുമാനം ലഭിക്കാനും അര്‍ഹതയുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

Webadmin UK Malayali News editorial team brings the latest UK news, immigration updates, community stories and important information for Malayali readers in the United Kingdom.
ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.