കുടിയേറ്റ പരിശോധനയ്ക്ക് മുഖം തിരിച്ചറിയുന്ന ക്യാമറകൾ; പൊതുസ്ഥലങ്ങളിൽ ഉപയോഗം വ്യാപിപ്പിക്കാൻ ഹോം ഓഫീസ്
കുടിയേറ്റ പരിശോധനയ്ക്കായി പൊതുസ്ഥലങ്ങളിൽ ലൈവ് ഫേഷ്യൽ റെക്കഗ്നിഷൻ ഉപയോഗം വികസിപ്പിക്കാൻ ഹോം ഓഫീസ്; സ്വകാര്യതയിലും മേൽനോട്ടത്തിലും ആശങ്ക.
ലണ്ടൻ : കുടിയേറ്റനിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്നവരെ കണ്ടെത്താൻ ഗതാഗതകേന്ദ്രങ്ങളിലും പൊതുപരിപാടികളിലും ലൈവ് ഫേഷ്യൽ റെക്കഗ്നിഷൻ ക്യാമറകൾ ഉപയോഗിക്കുന്നതിനുള്ള പദ്ധതി വികസിപ്പിച്ച് യുകെ ഹോം ഓഫീസ്. ക്യാമറയിൽ പതിയുന്ന മുഖങ്ങൾ മുൻകൂട്ടി തയ്യാറാക്കിയ നിരീക്ഷണപ്പട്ടികയുമായി തത്സമയം താരതമ്യം ചെയ്യുന്ന സംവിധാനമാണിത്. നാടുകടത്തൽ ഉത്തരവ് ലംഘിച്ച് യുകെയിലേക്ക് തിരിച്ചെത്താൻ ശ്രമിക്കുന്നവർ, രാജ്യം വിടാനുള്ള നടപടികൾ നേരിടുന്നവർ, പ്രവേശന–താമസ വ്യവസ്ഥകൾ പാലിക്കാത്തവർ തുടങ്ങിയവരെ കണ്ടെത്താനാണ് നീക്കം. ക്രിമിനൽ കേസുകൾക്കപ്പുറമുള്ള ചില കുടിയേറ്റനിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ടവരെയും പട്ടികയിൽ ഉൾപ്പെടുത്താമെന്നാണ് ഒക്ടോബറിൽ പുറത്തുവന്ന നയരേഖകൾ സൂചിപ്പിക്കുന്നത്. എന്നാൽ രാജ്യവ്യാപകമായി സംവിധാനം പൂർണമായി നടപ്പാക്കിയിട്ടില്ലെന്നും കൂടുതൽ പരീക്ഷണങ്ങൾ പരിഗണിക്കുകയാണെന്നും ഹോം ഓഫീസ് വ്യക്തമാക്കി.
വടക്കൻ വെയിൽസിലെ ഹോളിഹെഡ് തുറമുഖത്ത് കഴിഞ്ഞ നവംബർ മുതൽ ഫെബ്രുവരിവരെ മൂന്ന് പരീക്ഷണങ്ങൾ നടത്തിയിരുന്നു. അയർലൻഡിൽനിന്ന് എത്തുന്നവരിൽ നാടുകടത്തൽ ഉത്തരവ് ലംഘിക്കുന്നവരെയും കുടിയേറ്റബന്ധിത കുറ്റത്തിന് വാറന്റുള്ളവരെയും കണ്ടെത്തുന്നതിലായിരുന്നു ഇവയുടെ ശ്രദ്ധ. ഭാവിയിൽ കൂടുതൽ ആളുകൾ എത്തുന്ന ഗതാഗതകേന്ദ്രങ്ങളിലും നിർദിഷ്ട പരിപാടികളിലും ക്യാമറകൾ വിന്യസിക്കാൻ രേഖകൾ വഴിയൊരുക്കുന്നു. പതിനെട്ട് വയസ്സിന് താഴെയുള്ളവരെ നിരീക്ഷണപ്പട്ടികയിൽ ഉൾപ്പെടുത്തില്ലെന്നും നയം വ്യക്തമാക്കുന്നു. വീടുകളിലും തൊഴിലിടങ്ങളിലും ആവർത്തിച്ച് പരിശോധന നടത്തുന്നതുമൂലമുള്ള പൊതുജനങ്ങളുടെ ബുദ്ധിമുട്ട് കുറയ്ക്കാൻ സംവിധാനം സഹായിക്കുമെന്നാണ് ഹോം ഓഫീസിന്റെ വാദം. കുടിയേറ്റനിയമ നിർവഹണത്തിനുള്ള ബജറ്റ് ഇരട്ടിയാക്കാനും ജീവനക്കാരുടെ എണ്ണം 60 ശതമാനം വർധിപ്പിക്കാനുമുള്ള ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദിന്റെ തീരുമാനത്തിന് പിന്നാലെയാണ് നീക്കം.
അതേസമയം, മതിയായ സുതാര്യതയും പൊതുപരിശോധനയും ഇല്ലാതെ പൊതുസ്ഥലങ്ങളിലെ നിരീക്ഷണം വ്യാപിപ്പിക്കുന്നുവെന്ന് അവകാശസംഘടനകൾ വിമർശിച്ചു. മുഖം തിരിച്ചറിയുന്ന സാങ്കേതികവിദ്യയിലെ വംശീയ പക്ഷപാതവും തെറ്റായ തിരിച്ചറിയലും കുടിയേറ്റ സമൂഹങ്ങളെ ബാധിക്കാമെന്നാണ് മുന്നറിയിപ്പ്. ബയോമെട്രിക്സ് ആൻഡ് സർവെയ്‌ലൻസ് ക്യാമറ കമ്മിഷണറുടെയും ഇൻഫർമേഷൻ കമ്മിഷണറുടെയും ബാഹ്യ മേൽനോട്ടത്തിന് പദ്ധതി വിധേയമാണെന്നാണ് നയരേഖ പറയുന്നത്. എന്നാൽ നയരൂപീകരണത്തിൽ തന്നെ സമീപിച്ചിട്ടില്ലെന്നും കുടിയേറ്റ ആവശ്യങ്ങൾക്കുള്ള ലൈവ് ഫേഷ്യൽ റെക്കഗ്നിഷൻ ഉപയോഗം തന്റെ അധികാരപരിധിക്ക് പുറത്താണെന്നും കമ്മിഷണർ വില്യം വെബ്‌സ്റ്റർ വ്യക്തമാക്കി. ഇതോടെ സംവിധാനത്തിന്റെ നിയന്ത്രണവും സ്വതന്ത്ര മേൽനോട്ടവും സംബന്ധിച്ച ചോദ്യങ്ങളും ശക്തമായിരിക്കുകയാണ്.
English Summary: The Home Office is developing wider facial recognition use for immigration enforcement, drawing concerns over privacy, racial bias and oversight.
