കാറിൽനിന്ന് ഇറങ്ങാതെ വിരലടയാള പരിശോധന; യൂറോടണലിൽ പുതിയ സംവിധാനത്തിന് അനുമതി
യൂറോടണലിൽ വാഹനത്തിൽനിന്ന് ഇറങ്ങാതെ ബയോമെട്രിക് വിവരങ്ങൾ നൽകാനുള്ള സംവിധാനത്തിന് അനുമതി; അതിർത്തിയിലെ കാത്തിരിപ്പ് കുറയ്ക്കാൻ ലക്ഷ്യം.
ലണ്ടൻ : യുകെയിൽനിന്ന് ഫ്രാൻസിലേക്ക് യൂറോടണൽ വഴി യാത്ര ചെയ്യുന്നവർക്ക് കാറിൽനിന്ന് ഇറങ്ങാതെ വിരലടയാളവും മുഖചിത്രവും രേഖപ്പെടുത്താൻ പുതിയ സംവിധാനം. അതിർത്തി പരിശോധനകളെ തുടർന്ന് നീണ്ട വാഹനനിരയും ഗതാഗതക്കുരുക്കും ഉണ്ടാകുന്നത് ഒഴിവാക്കാനുള്ള പദ്ധതിക്ക് യൂറോപ്യൻ കമ്മിഷൻ അനുമതി നൽകി. വിമാനത്താവളങ്ങളിലെ പരിശോധനാരീതിക്ക് സമാനമായ സംവിധാനമാണ് ഇംഗ്ലണ്ടിലെ ഫോക്ക്‌സ്റ്റണിലും ഫ്രാൻസിലെ കലെയിലും ഒരുക്കുന്നത്. യൂറോടണൽ ഉടമകളായ ഗെറ്റ്‌ലിങ്കാണ് പദ്ധതി നടപ്പാക്കുന്നത്.
യാത്രക്കാർ വാഹനം നിർത്തി ടെർമിനൽ കെട്ടിടത്തിലേക്ക് പോകുന്നതിനുപകരം പ്രത്യേക ഡ്രൈവ്‌ത്രൂ കിയോസ്‌കുകളിൽ വിരലടയാളവും മുഖചിത്രവും രേഖപ്പെടുത്തും. ഇരുകരകളിലെയും കേന്ദ്രങ്ങളിൽ ഇതിനായി കിയോസ്‌കുകൾ സജ്ജമാക്കിയിട്ടുണ്ട്. റോം, പാരിസ് വിമാനത്താവളങ്ങളിൽ ഉപയോഗിക്കുന്ന ‘ഈഗിൾ ഐ’ ക്യാമറ സംവിധാനത്തിലൂടെ പൊലീസ് പരിശോധനകൾ നിരീക്ഷിക്കും. വിമാനത്താവളങ്ങളിലെ ഇ–ഗേറ്റുകൾക്ക് സമാനമായി ഓരോ കിയോസ്‌കിനരികിലും ഉദ്യോഗസ്ഥർ നേരിട്ട് നിൽക്കേണ്ടതില്ലെന്നതാണ് പ്രത്യേകത. തിരക്കേറിയ അവധിക്കാലങ്ങളിൽ പരിശോധന സുഗമമാക്കാനും യാത്രക്കാരുടെ കാത്തിരിപ്പ് കുറയ്ക്കാനും ഇതിലൂടെ കഴിയുമെന്നാണ് ഗെറ്റ്‌ലിങ്കിന്റെ പ്രതീക്ഷ.
ഷെങ്കൻ മേഖലയിലേക്കുള്ള പ്രവേശനവും പുറത്തേക്കുള്ള യാത്രയും രേഖപ്പെടുത്തുന്ന എൻട്രി–എക്സിറ്റ് സംവിധാനത്തിന്റെ ഭാഗമായാണ് പുതിയ ക്രമീകരണം. ബ്രിട്ടീഷ് പാസ്‌പോർട്ട് ഉടമകൾ ഉൾപ്പെടെ സംവിധാനത്തിന് വിധേയരായ യൂറോപ്യൻ യൂണിയന് പുറത്തുനിന്നുള്ള യാത്രക്കാർ ബയോമെട്രിക് വിവരങ്ങൾ നൽകണം. സാങ്കേതിക പ്രശ്‌നങ്ങൾ കാരണം ഫ്രാൻസ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ സംവിധാനം പൂർണമായി നടപ്പാക്കുന്നത് വൈകുകയാണ്. അതിർത്തി പരിശോധനയിൽ കൂടുതൽ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനുള്ള 40 പേജുള്ള നിർദേശം വരും ആഴ്ചകളിൽ യുകെ, ഫ്രഞ്ച് അധികൃതർക്ക് സമർപ്പിക്കുമെന്ന് ഗെറ്റ്‌ലിങ്ക് മേധാവി യാൻ ലെറിഷ് അറിയിച്ചു.
English Summary: Eurotunnel will introduce drive-through biometric checks to reduce border delays at Folkestone and Calais
