ലൂസി ലെറ്റ്ബി കേസ്: അധികൃതർ കൃത്യസമയത്ത് ഇടപെട്ടിരുന്നെങ്കിൽ മൂന്ന് കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് അന്വേഷണ റിപ്പോർട്ട്
An official public inquiry has concluded that at least three babies might have survived if hospital management had acted promptly on doctors' concerns regarding nurse Lucy Letby.
ലണ്ടൻ : ബ്രിട്ടനിലെ കൗണ്ടസ് ഓഫ് ചെസ്റ്റർ ആശുപത്രിയിൽ സീരിയൽ കില്ലർ നഴ്സ് ലൂസി ലെറ്റ്ബിക്കെതിരെ ഉയർന്ന പരാതികളിൽ മാനേജ്‌മെന്റ് കൃത്യസമയത്ത് നടപടിയെടുത്തിരുന്നെങ്കിൽ മൂന്ന് കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് ഔദ്യോഗിക അന്വേഷണ റിപ്പോർട്ട്. ലേഡി ജസ്റ്റിസ് തെർൾവാളിന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷനാണ് ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചകൾ ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ട് പുറത്തുവിട്ടത്. മുതിർന്ന ഡോക്ടർമാർ തുടക്കത്തിൽത്തന്നെ സംശയം പ്രകടിപ്പിച്ചിട്ടും ലെറ്റ്ബിയെ ചുമതലകളിൽനിന്ന് നീക്കാൻ വൈകിയതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയതെന്നും, ഇരട്ടക്കുട്ടികൾ ഉൾപ്പെടെയുള്ള നവജാതശിശുക്കളെ രക്ഷിക്കാനും മറ്റ് ഏഴ് കുഞ്ഞുങ്ങൾക്ക് നേരെയുണ്ടായ ആക്രമണം തടയാനും കഴിയുമായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ കെടുകാര്യസ്ഥതയെയും നിരുത്തരവാദപരമായ സമീപനത്തെയും കമ്മീഷൻ രൂക്ഷമായി വിമർശിച്ചു. കുഞ്ഞുങ്ങളുടെ സുരക്ഷയേക്കാൾ സ്വന്തം സ്ഥാപനത്തിന്റെ സൽപ്പേര് സംരക്ഷിക്കാനാണ് മാനേജ്‌മെന്റ് മുൻഗണന നൽകിയത്. ഡോക്ടർമാർ നിരന്തരം ആശങ്കയറിയിച്ചിട്ടും പോലീസിൽ വിവരമറിയിക്കാൻ രണ്ട് വർഷത്തോളം കാലതാമസം വരുത്തിയെന്നും, കുഞ്ഞുങ്ങൾക്ക് അപകടം സംഭവിച്ച വിവരം മാതാപിതാക്കളിൽനിന്ന് ദീർഘകാലം മറച്ചുവെച്ചുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ആശങ്കകൾ ഗൗരവമായി കാണുന്നതിൽ അധികൃതർ പരാജയപ്പെട്ടത് രോഗീസുരക്ഷാ സംവിധാനങ്ങളുടെ സമ്പൂർണ തകർച്ചയാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു.
ആരോഗ്യമേഖലയിൽ അടിമുടി മാറ്റങ്ങൾ വരുത്തണമെന്ന് ആവശ്യപ്പെടുന്ന റിപ്പോർട്ടിൽ, നവജാതശിശു പരിചരണ വിഭാഗങ്ങളിലെ (Neonatal Units) മുഴുവൻ തൊട്ടിലുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നത് ഉൾപ്പെടെയുള്ള നിർണായക ശുപാർശകൾ മുന്നോട്ടുവെച്ചിട്ടുണ്ട്. ആശുപത്രികളുടെ മേൽനോട്ടം കൂടുതൽ കർശനമാക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു. ഏഴ് നവജാതശിശുക്കളെ കൊലപ്പെടുത്തിയതിനും മറ്റ് ഏഴ് കുഞ്ഞുങ്ങളെ കൊലപ്പെടുത്താൻ ശ്രമിച്ചതിനും നിലവിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ് മുപ്പത്തിയാറുകാരിയായ ലൂസി ലെറ്റ്ബി.
