യുകെയിൽ ഇന്ധന പ്രതിസന്ധിയെത്തുടർന്ന് വിമാനസർവീസുകൾ കൂട്ടത്തോടെ റദ്ദാക്കുന്നു; നാട്ടിൽ പോകുന്ന മലയാളികൾക്കും തിരിച്ചടി

May 6, 2026 - 13:48
 0
യുകെയിൽ ഇന്ധന പ്രതിസന്ധിയെത്തുടർന്ന് വിമാനസർവീസുകൾ കൂട്ടത്തോടെ റദ്ദാക്കുന്നു; നാട്ടിൽ പോകുന്ന മലയാളികൾക്കും തിരിച്ചടി

ഇറാൻ യുദ്ധത്തെത്തുടർന്നുണ്ടായ ആഗോള ഇന്ധന പ്രതിസന്ധി ബ്രിട്ടനിലെ വ്യോമയാന മേഖലയെ സാരമായി ബാധിക്കുന്നു. ഇന്ധന ലഭ്യതയിലുണ്ടായ കുറവും വിലവർദ്ധനവും കണക്കിലെടുത്ത് ഈ മാസം മാത്രം 13,000 വിമാന സർവീസുകളാണ് വിവിധ കമ്പനികൾ റദ്ദാക്കിയത്. രണ്ടാഴ്ചയ്ക്കിടെ രണ്ട് മില്യൺ സീറ്റുകളാണ് വിമാന ഷെഡ്യൂളുകളിൽ നിന്നും വെട്ടിക്കുറച്ചിരിക്കുന്നത്. യുദ്ധം തുടങ്ങിയ ശേഷം ജെറ്റ് ഇന്ധനത്തിന്റെ വില ഇരട്ടിയിലധികം വർദ്ധിച്ചതും ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ കാരണം വിതരണം തടസ്സപ്പെട്ടതുമാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം.


ബ്രിട്ടീഷ് എയർവേസ്, ലുഫ്താൻസ, എയർ ഫ്രാൻസ്, ടർക്കിഷ് എയർലൈൻസ് തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികളെല്ലാം സർവീസുകൾ വെട്ടിച്ചുരുക്കിയവരിൽ ഉൾപ്പെടുന്നു. ജെറ്റ് ഇന്ധനം ലാഭിക്കുന്നതിനായി പല കമ്പനികളും വലിയ വിമാനങ്ങൾക്ക് പകരം ചെറിയ വിമാനങ്ങളാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. യുകെ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ 65 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണെന്നത് സാഹചര്യത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. വരും മാസങ്ങളിൽ യൂറോപ്പിലാകെ ഇന്ധനക്ഷാമം രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര ഊർജ ഏജൻസി ഇതിനോടകം മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.


വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയത് ഹാഫ് ടേം അവധിക്ക് നാട്ടിലേക്ക് പോകാനിരുന്ന മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. യാത്രയ്ക്ക് രണ്ടാഴ്ച മുമ്പ് യാത്രക്കാരെ വിവരം അറിയിക്കുന്ന രീതിയാണ് ഇപ്പോൾ എയർലൈനുകൾ പിന്തുടരുന്നത്. അസാധാരണ സാഹചര്യം പരിഗണിച്ച് നഷ്ടപരിഹാര തുക നൽകുന്നതിൽ നിന്നും ഒഴിവാക്കണമെന്ന വിമാനക്കമ്പനികളുടെ ആവശ്യം അധികൃതർ അംഗീകരിച്ചിട്ടില്ല. വിമാനങ്ങൾക്കൊപ്പം ഹോട്ടലുകളും മറ്റും ബുക്ക് ചെയ്തവർക്ക് യാത്ര മുടങ്ങുന്നത് വലിയ സാമ്പത്തിക നഷ്ടത്തിനും ഇടയാക്കുന്നുണ്ട്.

Webadmin UK Malayali News editorial team brings the latest UK news, immigration updates, community stories and important information for Malayali readers in the United Kingdom.
ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.