വിൽപ്പന കൂട്ടാൻ പുതിയ വീടുകൾക്ക് വൻ വിലക്കുറവ്; ചില വീടുകളിൽ ഒരു ലക്ഷം പൗണ്ടിലേറെ ഇളവുമായി വിസ്ട്രി
ലണ്ടൻ : യുകെയിലെ പുതിയ വീടുകളുടെ വിപണിയിൽ ആവശ്യക്കാർ കുറഞ്ഞതോടെ പ്രമുഖ ഹൗസ് ബിൽഡറായ വിസ്ട്രി വൻ വിലക്കുറവിലേക്ക്. വിൽപ്പന വേഗത്തിലാക്കാനും പണമൊഴുക്ക് മെച്ചപ്പെടുത്താനും ചില പുതിയ വീടുകൾക്ക് ഒരു ലക്ഷം പൗണ്ടിലേറെ വരെ വിലകുറച്ചതായാണ് റിപ്പോർട്ട്. ഇൻവെസ്റ്റ്മെന്റ് ബാങ്കായ റോയൽ ബാങ്ക് ഓഫ് കാനഡ നടത്തിയ വിശകലനത്തിൽ, വെസ്റ്റ് സസെക്സിലെ നാല് ബെഡ്‌റൂം വീട് 680,000 പൗണ്ടിൽ നിന്ന് 565,000 പൗണ്ട് ആയി കുറച്ച ഉദാഹരണവും കണ്ടെത്തി. ചില വീടുകളിൽ വിലക്കുറവ് 17 ശതമാനം വരെ എത്തിയതായാണ് വിലയിരുത്തൽ.
സാമൂഹിക ഭവന പദ്ധതികളിൽ പ്രധാന പങ്കാളിയായ വിസ്ട്രിക്ക് കഴിഞ്ഞ മാസങ്ങളിലായി കടുത്ത സാമ്പത്തിക സമ്മർദ്ദമാണ് നേരിടേണ്ടിവന്നത്. നിർമ്മാണച്ചെലവ് കുതിച്ചതും ചില പദ്ധതികളിൽ ചെലവ് കണക്കുകൂട്ടലുകൾ തെറ്റിയതും ലേബർ സർക്കാരിന്റെ 39 ബില്യൺ പൗണ്ട് സോഷ്യൽ ഹൗസിംഗ് പദ്ധതിയിലെ താമസവും കമ്പനിയെ ബാധിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ വിസ്ട്രിയുടെ ഓഹരി വില ഏകദേശം 65 ശതമാനം വരെ ഇടിഞ്ഞിട്ടുണ്ട്. ഈ വർഷം ജനുവരി മുതൽ മേയ് അവസാനം വരെ വിൽപ്പനയ്ക്ക് വെച്ച 1,273 പുതിയ വീടുകളിൽ വിലക്കുറവ് നൽകിയവയിൽ ശരാശരി 8.4 ശതമാനം ഇളവുണ്ടായതായി ആർബിസി കണ്ടെത്തി.
വിലകുറച്ച് വിൽപ്പന കൂട്ടാനുള്ള നീക്കം കമ്പനിയുടെ ലാഭത്തെ ഈ വർഷം ഗണ്യമായി ബാധിക്കാമെന്നാണ് മുന്നറിയിപ്പ്. വിപണിയിലെ മോശം സാഹചര്യം തുടരുന്നുവെങ്കിൽ കൂടുതൽ വിലക്കുറവ് ആവശ്യമായി വരാമെന്നും വിശകലന വിദഗ്ധർ പറയുന്നു. ഇറാൻ യുദ്ധത്തെ തുടർന്ന് നിർമ്മാണച്ചെലവും പണപ്പെരുപ്പ സമ്മർദ്ദവും ഉയർന്നതും മോർട്ട്ഗേജ് നിരക്കുകൾ താഴാതെ തുടരുന്നതും വീടുകളുടെ ആവശ്യകതയെ ബാധിച്ചിട്ടുണ്ട്. എന്നാൽ കടബാധ്യത കുറയ്ക്കാനും പണമൊഴുക്ക് മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്നും, 4.5 ബില്യൺ പൗണ്ട് മൂല്യമുള്ള ഫോർവേഡ് ഓർഡർ ബുക്ക് കമ്പനിക്കുണ്ടെന്നും വിസ്ട്രി പ്രതികരിച്ചു.
Vistry has cut prices on some new homes by more than 100,000 pounds as it tries to boost sales and improve cash flow.
