ബ്രിട്ടനിൽ കാർ ഡ്രൈവിംഗ് ടെസ്റ്റ് ബുക്കിംഗ് നടപടികളിൽ വിപ്ലവകരമായ മാറ്റങ്ങൾ; വിശദാംശങ്ങളറിയാം

May 12, 2026 - 17:46
 0
ബ്രിട്ടനിൽ കാർ ഡ്രൈവിംഗ് ടെസ്റ്റ് ബുക്കിംഗ് നടപടികളിൽ വിപ്ലവകരമായ മാറ്റങ്ങൾ; വിശദാംശങ്ങളറിയാം

ബ്രിട്ടനിൽ കാർ ഡ്രൈവിംഗ് ടെസ്റ്റ് ബുക്കിംഗ് നടപടികളിൽ വിപ്ലവകരമായ മാറ്റങ്ങൾ ഇന്നുമുതൽ നിലവിൽ വന്നു. ഡ്രൈവർ ആൻഡ് വെഹിക്കിൾ സ്റ്റാൻഡേർഡ്സ് ഏജൻസിയുടെ (DVSA) പുതിയ പരിഷ്‌കാരം അനുസരിച്ച്, ഇനി മുതൽ പഠിതാക്കൾക്ക് മാത്രമേ സ്വന്തം നിലയിൽ ടെസ്റ്റ് ബുക്ക് ചെയ്യാനോ തീയതികളിൽ മാറ്റം വരുത്താനോ സാധിക്കുകയുള്ളൂ. ഇതിനായി സർക്കാർ വെബ്സൈറ്റ് നേരിട്ട് ഉപയോഗിക്കണം. ഡ്രൈവിംഗ് ഇൻസ്ട്രക്ടർമാർ വിദ്യാർത്ഥികൾക്ക് വേണ്ടി പരീക്ഷാ സ്ലോട്ടുകൾ കൈകാര്യം ചെയ്യുന്നത് നിയമപരമായി തടഞ്ഞതോടെ ബുക്കിംഗ് സംവിധാനം പൂർണ്ണമായും പഠിതാക്കളുടെ നിയന്ത്രണത്തിലായി.


നിലവിൽ രാജ്യത്ത് ആറുലക്ഷത്തോളം പേർ ഡ്രൈവിംഗ് ടെസ്റ്റിനായി കാത്തിരിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ ഈ കർശന നടപടി സ്വീകരിച്ചത്. ടെസ്റ്റ് സ്ലോട്ടുകൾക്കായി 22 ആഴ്ച വരെ നീളുന്ന കാത്തിരിപ്പ് ഒഴിവാക്കാനും മൂന്നാംകക്ഷി ഏജൻസികൾ വൻതുക ഈടാക്കി സ്ലോട്ടുകൾ മറിച്ചുവിൽക്കുന്നത് തടയാനും പുതിയ സുതാര്യമായ രീതിയിലൂടെ സാധിക്കുമെന്ന് അധികൃതർ കരുതുന്നു. മുൻപ് പലരും 500 പൗണ്ട് വരെ നൽകി സ്വകാര്യ ഏജൻസികളിൽ നിന്ന് സ്ലോട്ടുകൾ വാങ്ങിയിരുന്നതായി നാഷണൽ ഓഡിറ്റ് ഓഫീസ് കണ്ടെത്തിയിരുന്നു.


പുതിയ നിബന്ധനകൾ പ്രകാരം ഒരാൾക്ക് ടെസ്റ്റ് ബുക്കിംഗിൽ രണ്ടുതവണ മാത്രമേ മാറ്റങ്ങൾ വരുത്താൻ അനുവാദമുള്ളൂ. സമയം, തീയതി, പരീക്ഷാ കേന്ദ്രം എന്നിവ മാറ്റുന്നതും മറ്റൊരാൾക്ക് സ്ലോട്ട് കൈമാറുന്നതും ഇതിൽ ഉൾപ്പെടും. ജൂൺ 9 മുതൽ പരീക്ഷാ കേന്ദ്രം മാറ്റുന്നത് അടുത്തുള്ള മൂന്ന് സെന്ററുകളിലേക്ക് മാത്രമായി പരിമിതപ്പെടുത്തും. ഇതിനുപുറമെ, റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി 25 വയസ്സിൽ താഴെയുള്ളവർക്ക് പ്രത്യേക പരിശീലന കാലയളവ് നിർബന്ധമാക്കുന്ന കാര്യവും സർക്കാരിന്റെ പരിഗണനയിലുണ്ട്.

ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.