ബാങ്ക് ശാഖ നശിപ്പിച്ച കേസിൽ പലസ്തീൻ ആക്ഷൻ പ്രവർത്തകർക്ക് ഭീകരബന്ധം പരിഗണിച്ച് ശിക്ഷ നൽകാൻ നീക്കം
ബാർക്ലേയ്സ് ബാങ്ക് ശാഖ നശിപ്പിച്ച കേസിൽ കുറ്റക്കാരായ അഞ്ച് പലസ്തീൻ ആക്ഷൻ പ്രവർത്തകർക്ക് ഭീകരബന്ധമുള്ള കുറ്റമായി ശിക്ഷ നൽകുന്നത് കോടതി പരിഗണിക്കുന്നു.
ലണ്ടൻ : ലങ്കാഷയറിലെ ബേൺലിയിൽ ബാർക്ലേയ്സ് ബാങ്ക് ശാഖയുടെ ജനൽച്ചില്ലുകൾ തകർക്കുകയും ചുവന്ന പെയിന്റ് ഒഴിക്കുകയും ചെയ്ത കേസിൽ കുറ്റക്കാരായി കണ്ടെത്തപ്പെട്ട അഞ്ച് പലസ്തീൻ ആക്ഷൻ പ്രവർത്തകർക്ക് ‘ഭീകരബന്ധമുള്ള കുറ്റകൃത്യം’ എന്ന നിലയിൽ ശിക്ഷ നൽകുന്നത് കോടതി പരിഗണിക്കുന്നു. 2024 ഓഗസ്റ്റിൽ നടന്ന പ്രതിഷേധത്തിൽ ഏകദേശം £212,000യുടെ നാശനഷ്ടം സംഭവിച്ചതായി കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇസ്രയേലി ആയുധനിർമാണ കമ്പനിയായ എൽബിറ്റ് സിസ്റ്റംസിലെ ഓഹരികൾ ബാങ്ക് കൈവശം വെച്ചിരുന്നുവെന്നാരോപിച്ചായിരുന്നു പ്രതിഷേധം.
ബ്രെൻഡൻ ഒ’ഹാഗൻ, അമാൻഡ കെല്ലി, ഹ്മീര അതിഖ്നിസാർ, മുഹമ്മദ് മാലിക്, അൽമ യാനിവ് എന്നിവരെയാണ് കേസിൽ കുറ്റക്കാരായി കണ്ടെത്തിയത്. വിധി വന്നതിന് പിന്നാലെ, കുറ്റകൃത്യത്തിന് ഭീകരബന്ധമുണ്ടോയെന്ന് പരിഗണിക്കുമെന്ന് ജഡ്ജി ഫിലിപ്പ് പാരി പ്രോസിക്യൂഷനെയും പ്രതിഭാഗത്തെയും അറിയിച്ചു. വിചാരണയ്ക്കിടയിൽ ഇത്തരമൊരു സാധ്യത ജൂറിക്കും പ്രതികൾക്കും മുന്നിൽ ഉന്നയിച്ചിരുന്നില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. എന്നാൽ പലസ്തീൻ ആക്ഷനുമായുള്ള ബന്ധവും ബാർക്ലേയ്സിനെതിരായ വിപുലമായ പ്രചാരണത്തിന്റെ ഭാഗമായിരുന്നു പ്രതിഷേധമെന്ന പ്രതികളുടെ മൊഴികളും കണക്കിലെടുത്താണ് ക്രൗൺ പ്രോസിക്യൂഷൻ സർവീസ് ഭീകരബന്ധം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടത്.
സംഭവം നടന്ന സമയത്ത് പലസ്തീൻ ആക്ഷനെ യുകെയിൽ നിരോധിത ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നില്ല. അതിനാൽ ഭീകരവിരുദ്ധ നിയമങ്ങൾ ഉപയോഗിച്ച് രാഷ്ട്രീയ പ്രതിഷേധങ്ങളെ ശിക്ഷിക്കുന്നത് അപകടകരമായ മാതൃകയാകുമെന്ന് ലിബർട്ടി, ആംനെസ്റ്റി ഇന്റർനാഷണൽ തുടങ്ങിയ മനുഷ്യാവകാശ സംഘടനകൾ വിമർശിച്ചു. ഭീകരബന്ധമുള്ള കുറ്റമായി ശിക്ഷിക്കപ്പെട്ടാൽ പ്രതികൾക്ക് കൂടുതൽ കാലം തടവിൽ കഴിയേണ്ടിവരുന്നതിനൊപ്പം മോചനത്തിന് ശേഷവും 15 വർഷം വരെ പ്രത്യേക നിരീക്ഷണ വ്യവസ്ഥകൾ ബാധകമാകാം. കേസിലെ ശിക്ഷ സെപ്റ്റംബർ 4ന് പ്രഖ്യാപിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്.
Five Palestine Action activists may be sentenced under terrorism-related provisions for damaging a Barclays branch in Burnley.
