വിഗാൻ ആശുപത്രിയിൽ മതവിദ്വേഷ പരാമർശം: ഡോക്ടർക്ക് സസ്പെൻഷൻ
English Summary: A consultant doctor in Wigan has been suspended for three months for making religiously abusive remarks against Shia colleagues.
ലണ്ടൻ : മാഞ്ചസ്റ്ററിന് സമീപമുള്ള വിഗാനിലെ റോയൽ ആൽബർട്ട് എഡ്വേർഡ് ഇൻഫർമറി ആശുപത്രിയിൽ സഹപ്രവർത്തകർക്കും സന്ദർശകർക്കും എതിരെ മതവിദ്വേഷ പരാമർശം നടത്തിയ കൺസൾട്ടന്റ് ഡോക്ടറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. സുന്നി വിഭാഗത്തിൽപ്പെട്ട ഡോക്ടർ നൂരി അറ്റാഗൂർ, ഷിയാ വിഭാഗക്കാരെ അധിക്ഷേപിച്ചതായി മെഡിക്കൽ പ്രാക്ടീഷണേഴ്സ് ട്രിബ്യൂണൽ കണ്ടെത്തുകയായിരുന്നു. സംഭവത്തെത്തുടർന്ന് ഇദ്ദേഹത്തിന്റെ മെഡിക്കൽ രജിസ്ട്രേഷൻ മൂന്ന് മാസത്തേക്ക് റദ്ദാക്കി.
2023 ഏപ്രിൽ മാസത്തിൽ റമദാൻ സമയത്ത് ആശുപത്രിയിലെ പ്രാർത്ഥനാ മുറിയിൽ വെച്ചാണ് വിവാദമായ വാക്കുതർക്കം ഉണ്ടായത്. ഷിയാ വിഭാഗത്തിൽപ്പെട്ട സഹപ്രവർത്തകനെയും മറ്റൊരു വ്യക്തിയെയും ഡോക്ടർ അറ്റാഗൂർ കാഫിർ എന്ന് വിളിച്ചതായും ഷിയാ വിശ്വാസികൾ ഇസ്‌ലാമിന് ഭീഷണിയാണെന്ന് ആരോപിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇവർ നരകത്തിൽ കത്തിയമരുമെന്നും ഷിയാ വിശ്വാസികൾക്കൊപ്പം ഇരിക്കാൻ താൽപ്പര്യമില്ലെന്നും അദ്ദേഹം പ്രകോപനപരമായി സംസാരിച്ചതായും ട്രിബ്യൂണൽ രേഖപ്പെടുത്തി.
ആരോപണങ്ങൾ ഭാഗികമായി നിഷേധിച്ച ഡോക്ടർ, പിന്നീട് തന്റെ പെരുമാറ്റത്തിൽ ഖേദം പ്രകടിപ്പിക്കുകയും മനുഷ്യാവകാശ കോഴ്സുകളിൽ പങ്കെടുക്കുകയും ചെയ്തു. എന്നാൽ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഒരാളിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത അതീവ ഗുരുതരമായ മതപരമായ അസഹിഷ്ണുതയും വിവേചനവുമാണ് ഇതെന്ന് ട്രിബ്യൂണൽ നിരീക്ഷിച്ചു. രോഗികൾക്കും സഹപ്രവർത്തകർക്കും ഇടയിൽ സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ നടപടി സ്വീകരിച്ചത്.

