യുകെ സ്റ്റുഡന്റ് വിസയിൽ കർശന നടപടി; നിയമലംഘനം കൂടിയാൽ യൂണിവേഴ്സിറ്റികൾക്ക് വിദേശ വിദ്യാർത്ഥി റിക്രൂട്ട്മെന്റ് വിലക്ക്
ലണ്ടൻ : യുകെയിൽ സ്റ്റുഡന്റ് വിസ സംവിധാനത്തിന്റെ ദുരുപയോഗം തടയാൻ കർശന നടപടികളുമായി ബ്രിട്ടീഷ് സർക്കാർ. വിദേശ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്ന യൂണിവേഴ്സിറ്റികളിൽ ഉയർന്ന തോതിൽ വിസ നിയമലംഘനം, കോഴ്സ് ഉപേക്ഷിക്കൽ, എൻറോൾമെന്റ് പ്രശ്നങ്ങൾ, വിസ നിരസിക്കൽ എന്നിവ കണ്ടെത്തിയാൽ ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് അന്താരാഷ്ട്ര വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്യാനുള്ള അവകാശം നഷ്ടപ്പെടുമെന്നാണ് ഹോം ഓഫീസ് മുന്നറിയിപ്പ് നൽകിയത്. പഠന വിസയെ അഭയാർത്ഥി അപേക്ഷകൾക്കും നിയമവിരുദ്ധ ജോലികൾക്കും വഴിയാക്കുന്ന പ്രവണത തടയുകയാണ് പുതിയ നീക്കത്തിന്റെ പ്രധാന ലക്ഷ്യം.
പുതിയ നടപടികളുടെ ഭാഗമായി യൂണിവേഴ്സിറ്റികൾക്കായി ട്രാഫിക് ലൈറ്റ് രീതിയിലുള്ള റേറ്റിങ് സംവിധാനം കൊണ്ടുവരും. വിസ നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്ക് ‘റെഡ് റേറ്റിങ്’ ലഭിക്കും. ഇത്തരം യൂണിവേഴ്സിറ്റികൾക്ക് വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിൽ നിയന്ത്രണം നേരിടേണ്ടിവരും. കൂടാതെ പ്രവർത്തനരീതികൾ ശരിയാക്കാൻ 12 മാസത്തെ ആക്ഷൻ പ്ലാൻ തയ്യാറാക്കാനും ചെലവ് വഹിക്കാനും നിർദേശമുണ്ടാകും. ആവശ്യമായ പുരോഗതി കാണിക്കാത്ത സ്ഥാപനങ്ങൾക്കാണ് വിദേശ വിദ്യാർത്ഥികളെ സ്പോൺസർ ചെയ്യാനുള്ള ലൈസൻസ് തന്നെ നഷ്ടപ്പെടാൻ സാധ്യത.
അതേസമയം, യഥാർത്ഥ വിദ്യാർത്ഥികളെ ബാധിക്കാത്ത രീതിയിലായിരിക്കണം നടപടി വേണമെന്ന് യൂണിവേഴ്സിറ്റി മേഖലയിലെ പ്രമുഖ സംഘടനകൾ ആവശ്യപ്പെടുന്നു. Russell Group ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ വിസ തട്ടിപ്പിനെതിരെ ശക്തമായ പരിശോധന വേണമെന്ന് അംഗീകരിക്കുമ്പോഴും, ചിലരുടെ ദുരുപയോഗം കാരണം genuine international students-ന് തിരിച്ചടിയാകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നടക്കം യുകെയിൽ പഠനത്തിനായി എത്തുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് പുതിയ നിയമങ്ങൾ കൂടുതൽ ശ്രദ്ധയോടെ പാലിക്കേണ്ട സാഹചര്യമാണിത്. കോഴ്സ് തിരഞ്ഞെടുപ്പ്, രേഖകൾ, ഹാജർ, ജോലി സമയം, വിസ നിബന്ധനകൾ എന്നിവയിൽ വീഴ്ച വരുത്തിയാൽ വിദ്യാർത്ഥികൾക്കും യൂണിവേഴ്സിറ്റികൾക്കും ഒരുപോലെ പ്രതിസന്ധി സൃഷ്ടിക്കാനിടയുണ്ട്.
English Summary: The UK is tightening student visa rules, warning universities they could lose international recruitment rights if visa abuse rises.
