യുകെയിൽ ഇന്ത്യൻ വംശജരുടെ 23 വർഷത്തെ വിവാഹമോചന കേസിന് അവസാനം; മുൻ ഭാര്യയ്ക്ക് 66 ലക്ഷം പൗണ്ട് കോമ്പൻസേഷൻ

Jun 3, 2026 - 19:00
 0
യുകെയിൽ ഇന്ത്യൻ വംശജരുടെ 23 വർഷത്തെ വിവാഹമോചന കേസിന് അവസാനം; മുൻ ഭാര്യയ്ക്ക് 66 ലക്ഷം പൗണ്ട് കോമ്പൻസേഷൻ

ലണ്ടൻ : ഇന്ത്യൻ വംശജരായ ദമ്പതികളുടെ 23 വർഷം നീണ്ടുനിന്ന നിയമപോരാട്ടത്തിന് ഒടുവിൽ ലണ്ടൻ കോടതിയിൽ നാടകീയമായ അന്ത്യം. മുൻ ഭർത്താവ് ഭദ്രേഷ് ഗോഹിൽ തന്റെ യഥാർത്ഥ സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചെന്ന മുൻ ഭാര്യ വർഷ ഗോഹിലിന്റെ പരാതിയിലാണ് യുകെ ഹൈക്കോടതി നിർണായക വിധി പ്രസ്താവിച്ചത്. വർഷങ്ങളായി തുടർന്നുവന്ന സാമ്പത്തിക തർക്കത്തിനൊടുവിൽ മുൻ ഭാര്യയ്ക്ക് 66 ലക്ഷം പൗണ്ട് അതായത് ഏകദേശം 70 കോടിയിലധികം ഇന്ത്യൻ രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. ബ്രിട്ടനിലെ തന്നെ ഏറ്റവും ദീർഘമേറിയ വിവാഹമോചന കേസുകളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്.


2002-ൽ വിവാഹമോചന നടപടികൾ ആരംഭിച്ച സമയത്ത് 2.7 ലക്ഷം പൗണ്ടിന്റെ സാമ്പത്തിക ഒത്തുതീർപ്പും ഒരു കാറും സ്വീകരിച്ച് വർഷ പിന്മാറിയിരുന്നു. എന്നാൽ മുൻ സോളിസിറ്ററായ ഭദ്രേഷ് ഗോഹിൽ തന്റെ ഭീമമായ സമ്പത്ത് പൂർണ്ണമായി വെളിപ്പെടുത്തിയില്ലെന്ന സംശയത്തെ തുടർന്ന് 2007-ൽ വർഷ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനിടെ 2011-ൽ പണം വെളുപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഭദ്രേഷ് ശിക്ഷിക്കപ്പെട്ടതോടെ കേസിന് പുതിയ വഴിത്തിരിവുണ്ടായി. തുടർന്ന് ഇയാൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒളിപ്പിച്ച ഏകദേശം 2.8 കോടി പൗണ്ടിന്റെ ആസ്തികൾ അന്വേഷണ ഏജൻസികൾ മരവിപ്പിച്ചു.
യുകെ സുപ്രീം കോടതി വരെ എത്തിയ ഈ കേസിൽ സാമ്പത്തിക ഒത്തുതീർപ്പ് പുനഃപരിശോധിക്കാൻ കോടതി അനുമതി നൽകിയത് വർഷയ്ക്ക് അനുകൂലമായി.

മരവിപ്പിച്ച സ്വത്തുക്കളിൽ ഭൂരിഭാഗവും വിവാഹജീവിത കാലത്തെ നിയമാനുസൃതമായ ബിസിനസുകളിൽ നിന്ന് നേടിയതാണെന്ന് ഹൈക്കോടതി കണ്ടെത്തിയതോടെയാണ് ഈ തുക വർഷയ്ക്ക് അനുവദിക്കാൻ ജസ്റ്റിസ് വില്യംസ് ഉത്തരവിട്ടത്. കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച ഭദ്രേഷിന്റെ നിലപാടുകളെ ജഡ്ജി കടുത്ത ഭാഷയിൽ വിമർശിക്കുകയും ചെയ്തു.


English summary: A 23-year UK divorce battle ended with Varsha Gohil being awarded 6.6 million pounds after claims over her ex-husband’s hidden wealth.

Webadmin UK Malayali News editorial team brings the latest UK news, immigration updates, community stories and important information for Malayali readers in the United Kingdom.
ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.