യുകെയിലെ കൊട്ടാരക്കരക്കാർ ഒന്നിക്കുന്നു; ഫെബ്രുവരി 27ന് റെഡ്ഡിച്ചിൽ സംഗമം
ലണ്ടൻ : യുകെയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന കൊട്ടാരക്കരക്കാരെ ഒരുമിപ്പിക്കുന്ന ‘യുണൈറ്റഡ് കൊട്ടാരക്കര’ കൂട്ടായ്മയുടെ ആദ്യ സംഗമം 2027 ഫെബ്രുവരി 27 ശനിയാഴ്ച റെഡ്ഡിച്ചിൽ നടക്കും. ട്രിനിറ്റി ഹൈസ്കൂളിൽ രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ചുവരെയാണ് പരിപാടി. കുടുംബങ്ങൾ തമ്മിലുള്ള സൗഹൃദം ശക്തിപ്പെടുത്താനും കുട്ടികൾക്കും യുവജനങ്ങൾക്കും സ്വന്തം നാടിന്റെ സംസ്കാരവും പാരമ്പര്യവും പരിചയപ്പെടുത്താനുമാണ് സംഗമം ഒരുക്കുന്നത്.
താളം റെഡ്ഡിച്ച് അവതരിപ്പിക്കുന്ന ചെണ്ടമേളവും ഡിജെ ജിൻ ബീറ്റ്സിന്റെ സംഗീതപരിപാടിയും സംഗമത്തിന് മാറ്റുകൂട്ടും. ചെണ്ടമേളം രാവിലെ പത്തിന് ആരംഭിക്കുമെന്നാണ് സംഘാടകർ പുറത്തിറക്കിയ പോസ്റ്ററിൽ അറിയിച്ചിരിക്കുന്നത്. പിനാക്കിൾ ഫിനാൻഷ്യൽ സൊല്യൂഷൻസ് ലിമിറ്റഡാണ് പരിപാടിയുടെ സ്പോൺസർ. ഭാരവാഹികൾക്കും സ്ഥാനമാനങ്ങൾക്കും പ്രാധാന്യം നൽകുന്നതിനുപകരം എല്ലാവർക്കും അഭിപ്രായങ്ങളും ആശയങ്ങളും പങ്കുവയ്ക്കാൻ അവസരമുള്ള കുടുംബകൂട്ടായ്മയായാണ് യുണൈറ്റഡ് കൊട്ടാരക്കരയെ വിഭാവനം ചെയ്യുന്നതെന്ന് സംഘാടകർ അറിയിച്ചു.
കൊട്ടാരക്കരയുടെ കലാ–സാംസ്കാരിക പൈതൃകം പ്രവാസലോകത്തും നിലനിർത്തുന്നതിനൊപ്പം കുടുംബസംഗമങ്ങൾ, സാമൂഹിക–ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയിലൂടെ പരസ്പര പിന്തുണയ്ക്കുള്ള വേദിയായി കൂട്ടായ്മയെ വളർത്താനാണ് ലക്ഷ്യം. ആദ്യ സംഗമത്തിലേക്ക് യുകെയിലെ കൊട്ടാരക്കരക്കാരായ കുടുംബങ്ങളെ സംഘാടകർ ക്ഷണിച്ചു. വേദിയുടെ വിലാസം: Trinity High School, Redditch, B97 4HB. കൂടുതൽ വിവരങ്ങൾക്കും കൂട്ടായ്മയുടെ സമൂഹമാധ്യമ പേജുകളിലേക്കുള്ള പ്രവേശനത്തിനും ഔദ്യോഗിക പോസ്റ്ററിലെ ക്യുആർ കോഡ് ഉപയോഗിക്കാം.
ഫോട്ടോ: സംഘാടകർ നൽകിയ പോസ്റ്ററുകൾ.
English Summary: United Kottarakkara’s first UK gathering will take place in Redditch on 27 February 2027, featuring chenda melam and DJ music.
