പക്ഷിപ്പനി ഭീഷണി: ഇംഗ്ലണ്ടിലും സ്കോട്ട്ലൻഡിലും വളർത്തുപക്ഷികളെ അകത്ത് പാർപ്പിക്കാൻ നിയന്ത്രണം
പക്ഷിപ്പനി സാധ്യത വർധിച്ചതോടെ ഇംഗ്ലണ്ടിലും സ്കോട്ട്ലൻഡിലും വളർത്തുപക്ഷികളെ അകത്ത് പാർപ്പിക്കാൻ നിയന്ത്രണം; മനുഷ്യർക്കുള്ള നിലവിലെ അപകടസാധ്യത വളരെ കുറവെന്ന് സർക്കാർ.
ലണ്ടൻ : പക്ഷിപ്പനി വ്യാപനസാധ്യത ഉയർന്നതോടെ ഇംഗ്ലണ്ടിലും സ്കോട്ട്ലൻഡിലും കോഴികളെയും മറ്റ് വളർത്തുപക്ഷികളെയും അകത്ത് പാർപ്പിക്കാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇംഗ്ലണ്ട് മുഴുവൻ പ്രഖ്യാപിച്ച ഏവിയൻ ഇൻഫ്ലുവൻസ പ്രിവൻഷൻ സോൺ പ്രകാരം 50ഓ അതിലധികമോ കോഴികളെയോ മറ്റ് പക്ഷികളെയോ വളർത്തുന്നവർ അവയെ അകത്ത് പാർപ്പിക്കണം. സ്കോട്ട്ലൻഡിലും ചൊവ്വാഴ്ച സമാന നിയന്ത്രണം പ്രഖ്യാപിച്ചിരുന്നു. വളർത്തുപക്ഷികളിലും കാട്ടുപക്ഷികളിലും ഗുരുതരമായ പക്ഷിപ്പനി സ്ഥിരീകരിക്കുന്ന സംഭവങ്ങൾ വർധിച്ചതിനെത്തുടർന്നാണ് നടപടി. തുടർച്ചയായ രണ്ടാംവർഷമാണ് ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.
പക്ഷികളെ വളർത്തുന്നവർ രോഗപ്രതിരോധത്തിനുള്ള ശുചിത്വ–സുരക്ഷാ നടപടികൾ ശക്തമാക്കണമെന്നും അധികൃതർ നിർദേശിച്ചു. മുട്ടയുൽപാദനത്തിലെ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെടുത്തുകയും രോഗം സംശയിച്ചാൽ ഉടൻ ആനിമൽ ആൻഡ് പ്ലാന്റ് ഹെൽത്ത് ഏജൻസിയെ അറിയിക്കുകയും വേണം. പക്ഷിപ്പനി സ്ഥിരീകരിക്കുന്നത് കർഷകർക്കും വളർത്തൽമേഖലയ്ക്കും വിനാശകരമായ അനുഭവമാകാമെന്ന് യുകെ ചീഫ് വെറ്ററിനറി ഓഫീസർ ക്രിസ്റ്റീൻ മിഡിൽമിസ് പറഞ്ഞു. രോഗനിയന്ത്രണ നടപടികളോടുള്ള വ്യവസായമേഖലയുടെ സഹകരണത്തിന് അവർ നന്ദി അറിയിച്ചു. 2021 വേനൽക്കാലം മുതൽ യുകെയിലെ കാട്ടുപക്ഷികളുടെ കൂട്ടങ്ങളിൽ വലിയ നാശമുണ്ടാക്കിയ രോഗം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മറ്റ് ജീവിവർഗങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്.
അതേസമയം, നിലവിൽ മനുഷ്യരുടെ ആരോഗ്യത്തിനുള്ള അപകടസാധ്യത വളരെ കുറവാണെന്ന് സർക്കാർ വ്യക്തമാക്കി. രോഗബാധിത ജീവികളുമായി അടുത്ത സമ്പർക്കം പുലർത്തുന്നവരിൽ പനിപോലുള്ള ലക്ഷണങ്ങളും കണ്ണിലെ അണുബാധയും ഉണ്ടാകാം. ക്രിസ്മസ് ടർക്കിയുടെയോ മറ്റ് സീസണൽ കോഴിയിറച്ചി ഉൽപന്നങ്ങളുടെയോ ലഭ്യതയെ നിയന്ത്രണങ്ങൾ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും സർക്കാർ അറിയിച്ചു. ശരിയായി പാകം ചെയ്ത കോഴിയിറച്ചിയും മുട്ട ഉൾപ്പെടെയുള്ള ഉൽപന്നങ്ങളും കഴിക്കുന്നത് സുരക്ഷിതമാണെന്ന് ഭക്ഷ്യസുരക്ഷാ അധികൃതരും വ്യക്തമാക്കി.
English Summary: England and Scotland have imposed poultry housing restrictions as bird flu risks rise, while the current risk to human health remains very low.
