ലീഡ്സിൽ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത ഇന്ത്യൻ വിദ്യാർഥിക്ക് ഒമ്പതുവർഷം തടവ്
ലീഡ്സിൽ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ ഇന്ത്യൻ വിദ്യാർഥി ഉവേഷ് വഹോറയ്ക്ക് ഒമ്പതുവർഷം തടവ് വിധിച്ച് ലീഡ്സ് ക്രൗൺ കോടതി.
ലണ്ടൻ : ലീഡ്സിൽ ആശയക്കുഴപ്പത്തിലായിരുന്ന യുവതിയെ സഹായിക്കാനെന്ന വ്യാജേന വീട്ടിലെത്തിച്ച് ബലാത്സംഗം ചെയ്ത ഇന്ത്യൻ വിദ്യാർഥിക്ക് ഒമ്പതുവർഷം തടവ്. ഇന്ത്യയിൽനിന്ന് യുകെയിലെത്തി രണ്ടുമാസത്തിനുശേഷം കുറ്റകൃത്യം നടത്തിയ ഉവേഷ് വഹോറയ്ക്കാണ് (36) ലീഡ്സ് ക്രൗൺ കോടതി ശിക്ഷ വിധിച്ചത്. ഏപ്രിൽ ഒമ്പതിന് ഹൈഡ് പാർക്ക് പ്രദേശത്ത് സ്വന്തം വീടിന്റെ വാതിൽ തുറക്കാൻ ബുദ്ധിമുട്ടുകയായിരുന്ന 25കാരിയെയാണ് ഇയാൾ സമീപിച്ചത്. യുവതിയുടെ ദുർബലാവസ്ഥ സ്വന്തം ലൈംഗിക താൽപര്യത്തിനായി മുതലെടുത്തെന്ന് ജഡ്ജി ഗൈ കീർൽ കെസി പറഞ്ഞു. നാടുകടത്താൻ തനിക്ക് ഉത്തരവിടാനാകില്ലെങ്കിലും ഈ ശിക്ഷയുടെ അനിവാര്യമായ തുടർഫലമാകും നാടുകടത്തലെന്നും ജഡ്ജി അഭിപ്രായപ്പെട്ടു.
യോർക്ക് സെന്റ് ജോൺ സർവകലാശാലയിൽ ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര പഠനത്തിനായാണ് വഹോറ ലീഡ്സിലെത്തിയത്. ആക്രമണത്തിനിരയായ യുവതിയും അന്ന് ലീഡ്സിൽ വിദ്യാർഥിനിയായിരുന്നു. കെറ്റമിൻ ലഹരിയാസക്തിയിൽനിന്ന് മുക്തി നേടാൻ സഹായം സ്വീകരിച്ചിരുന്ന അവർ, സംഭവദിവസം ലഹരിവസ്തുവിന്റെ സ്വാധീനത്തിൽ വ്യക്തമായി ചിന്തിക്കാൻ കഴിയാത്ത നിലയിലായിരുന്നുവെന്ന് കോടതി കണ്ടെത്തി. ശുചിമുറി ഉപയോഗിക്കാമെന്ന് പറഞ്ഞ് യുവതിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ ഇയാൾ ഫോൺ കൈക്കലാക്കിയശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. ഇരുവരും വീട്ടിലേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കോടതിയിൽ തെളിവായി. കുറ്റം നിഷേധിച്ച വഹോറ അറസ്റ്റിനുശേഷം റിമാൻഡിലായിരുന്നു.
ആക്രമണം തന്റെ ജീവിതത്തെയും സ്വയം കാണുന്ന രീതിയെയും ആഴത്തിൽ ബാധിച്ചതായി യുവതി കോടതിയിൽ സമർപ്പിച്ച മൊഴിയിൽ വ്യക്തമാക്കി. സ്വന്തം ശരീരത്തിൽപ്പോലും സുരക്ഷിതത്വവും ആത്മവിശ്വാസവും നഷ്ടപ്പെട്ടെന്നും നേരത്തേ ധരിച്ചിരുന്ന വസ്ത്രങ്ങൾ ധരിക്കാൻ മടിക്കുന്ന അവസ്ഥയിലായെന്നും അവർ പറഞ്ഞു. ലഹരിയുടെ സ്വാധീനവും ആക്രമിക്കപ്പെടുമെന്ന ഭയവും കാരണം യുവതിക്ക് ശാരീരികമായി ചെറുത്തുനിൽക്കാനായില്ലെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. സമാന അനുഭവങ്ങൾ നേരിട്ടവരുടെ ശബ്ദത്തിന് വിലയുണ്ടെന്നും നീതി തേടുന്നത് അർഥവത്താണെന്നും മറ്റുള്ളവർക്ക് ബോധ്യപ്പെടാൻ തന്റെ തുറന്നുപറച്ചിൽ സഹായിക്കട്ടെയെന്നും യുവതി മൊഴിയിൽ അറിയിച്ചു.
English Summary: Uvesh Vahora, an Indian student in Leeds, has been jailed for nine years for raping a vulnerable woman.
