യുകെയിൽ പലിശ വീണ്ടും ഉയർന്നേക്കും; മോർട്ട്ഗേജ് പുതുക്കാനിരിക്കുന്ന 23 ലക്ഷം വീട്ടുടമകൾക്ക് ആശങ്ക
തുടർ പലിശവർധനയ്ക്ക് സാധ്യത സൂചിപ്പിച്ച് ഹ്യൂ പിൽ; 2027ൽ മോർട്ട്ഗേജ് പുതുക്കേണ്ട 23 ലക്ഷം വീട്ടുടമകൾക്ക് ചെലവുയരാമെന്ന ആശങ്ക.
ലണ്ടൻ : പണപ്പെരുപ്പം നിയന്ത്രിക്കാൻ അടുത്തമാസവും 2027ന്റെ തുടക്കത്തിലും പലിശനിരക്ക് വീണ്ടും ഉയർത്തേണ്ടിവന്നേക്കുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ചീഫ് ഇക്കണോമിസ്റ്റ് ഹ്യൂ പിൽ. ഈ മാസം അടിസ്ഥാന പലിശനിരക്ക് 3.75 ശതമാനത്തിൽനിന്ന് നാലുശതമാനമാക്കിയത് പ്രധാന നടപടിയാണെങ്കിലും ഇനിയും മുന്നോട്ടുപോകാനുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പണപ്പെരുപ്പം ക്രമേണ രണ്ടുശതമാനത്തിലേക്ക് തിരിച്ചെത്തിക്കാൻ ആവശ്യമായ നടപടിയെടുക്കുമെന്നും ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിൽ പിൽ പറഞ്ഞു. അടുത്തവർഷം മോർട്ട്ഗേജ് പുതുക്കേണ്ടിവരുന്ന ഏകദേശം 23 ലക്ഷം വീട്ടുടമകൾക്ക് തിരിച്ചടവുചെലവ് ഉയരുമെന്ന ആശങ്ക ശക്തമാക്കുന്നതാണ് പ്രതികരണം. എന്നാൽ തുടർവർധനയിൽ ബാങ്ക് അന്തിമ തീരുമാനം എടുത്തിട്ടില്ല.
ഇറാൻ യുദ്ധത്തെത്തുടർന്നുള്ള ഉയർന്ന എണ്ണ–വാതക വിലകൾ കാരണം അടുത്തവർഷം വസന്തകാലത്ത് പണപ്പെരുപ്പം അഞ്ചുശതമാനത്തിനടുത്തെത്താമെന്നാണ് പ്രതീക്ഷ. ജീവിതച്ചെലവ് ഉയരുമ്പോൾ ജീവനക്കാർ കൂടുതൽ ശമ്പളം ആവശ്യപ്പെടുകയും സ്ഥാപനങ്ങൾ വർധിച്ച ചെലവ് ഉൽപന്നവിലകളിലേക്ക് മാറ്റുകയും ചെയ്താൽ വിലക്കയറ്റം കൂടുതൽ കാലം തുടരാമെന്നാണ് പിലിന്റെ ആശങ്ക. ഇത്തരത്തിലുള്ള തുടർപ്രത്യാഘാതങ്ങൾക്ക് വ്യക്തമായ തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലും അതുകൊണ്ട് അപകടസാധ്യത ഇല്ലാതാകുന്നില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പലിശനടപടി സ്വീകരിക്കാൻ ബാങ്ക് വൈകിയെന്നും പിൽ പറഞ്ഞു. യുകെ സമ്പദ്‌വ്യവസ്ഥ മൂന്നാംപാദത്തിൽ 0.7 ശതമാനം വളർന്നത് കൂടുതൽ കർശനമായ പണനയത്തെ പിന്തുണയ്ക്കുന്ന ചില സമിതിയംഗങ്ങളുടെ വിലയിരുത്തലിന് കരുത്തേകിയിട്ടുണ്ട്.
2027ൽ പലിശനിരക്ക് അഞ്ചുശതമാനത്തിനടുത്തെത്തുമെന്ന ധനവിപണികളുടെ പ്രതീക്ഷ അസംബന്ധമല്ലെന്നും പിൽ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെയും മറ്റ് പണനയസമിതി അംഗങ്ങളുടെയും പ്രതികരണങ്ങൾ ഡിസംബറിലെ വർധനയുടെ സാധ്യത ശക്തമാക്കുന്നതായി വിപണി നിരീക്ഷകർ വിലയിരുത്തുന്നു. എന്നാൽ കൂടുതൽ പലിശവർധന നിർമാണ–ഉൽപാദന മേഖലകളെ ബാധിക്കാമെന്ന ആശങ്കയും നിലനിൽക്കുന്നു. ഊർജബില്ലുകളും കൗൺസിൽ നികുതിയും ഉയരുന്നതിനൊപ്പം വായ്പാച്ചെലവും കൂടിയാൽ കുടുംബങ്ങൾ മറ്റ് ചെലവുകൾ കുറച്ചേക്കും. അതിനാൽ വിലക്കയറ്റം നിയന്ത്രിക്കുന്നതിനൊപ്പം സാമ്പത്തിക വളർച്ചയ്ക്കും കുടുംബബജറ്റുകൾക്കും ഉണ്ടാകുന്ന ആഘാതവും ബാങ്കിന്റെ തുടർതീരുമാനങ്ങളിൽ നിർണായകമാകും.
English Summary: Bank of England chief economist Huw Pill has signalled further interest rate rises, raising concerns for homeowners refinancing mortgages in 2027.
