യോർക്ക്ഷെയർ വന്യജീവി പാർക്കിലെ കടുവയുടെ ആക്രമണം; ഡൊണാൾഡ് ട്രംപിന്റെ പ്രതികരണം വിവാദത്തിൽ
Donald Trump's sharing of a controversial AI-generated video regarding the tragic death of 23-year-old William Chapman, who was killed by a tiger at Yorkshire Wildlife Park, has sparked widespread outrage and caused deep distress to the victim's family.
ലണ്ടൻ : ബ്രിട്ടനിലെ യോർക്ക്ഷെയർ വന്യജീവി പാർക്കിൽ കടുവയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കുവെച്ച എ.ഐ വീഡിയോ വിവാദമാകുന്നു. ഇരുപത്തിമൂന്നുകാരനായ വില്യം ചാപ്മാൻ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന ദൃശ്യങ്ങളും, അതിനുപിന്നാലെ ട്രംപ് ഒരു കടുവയുമായി മൽപ്പിടുത്തം നടത്തുന്ന എ.ഐ ദൃശ്യങ്ങളുമാണ് ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിലൂടെ അദ്ദേഹം പങ്കുവെച്ചത്. 13 ദശലക്ഷത്തോളം ഫോളോവേഴ്സുള്ള അക്കൗണ്ടിലൂടെയുള്ള ഈ പ്രതികരണം അങ്ങേയറ്റം അപലപനീയമാണെന്ന് കാട്ടി വലിയ പ്രതിഷേധമാണ് ഉയരുന്നത്.
സംഭവത്തിൽ മനംനൊന്ത് കഴിയുന്ന തങ്ങൾക്ക് ഇത്തരം വീഡിയോകളും ഓൺലൈൻ പ്രചാരണങ്ങളും വലിയ മാനസിക പ്രയാസമാണ് ഉണ്ടാക്കുന്നതെന്ന് വില്യം ചാപ്മാന്റെ കുടുംബം പ്രതികരിച്ചു. വില്യം വളരെ സ്നേഹസമ്പന്നനായ ഒരു ചെറുപ്പക്കാരനായിരുന്നുവെന്നും, എന്നാൽ കഴിഞ്ഞ കുറച്ചുവർഷങ്ങളായി അവൻ കടുത്ത മാനസിക പ്രശ്നങ്ങൾ നേരിട്ടിരുന്നതായും കുടുംബം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അവൻ കഴിച്ചിരുന്ന കടുത്ത മരുന്നുകൾ ഈ ദുരന്തത്തിൽ എന്തെങ്കിലും സ്വാധീനം ചെലുത്തിയിട്ടുണ്ടോ എന്ന കാര്യവും അധികൃതർ അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
കഴിഞ്ഞ ശനിയാഴ്ച ഒറ്റയ്ക്ക് പാർക്ക് സന്ദർശിക്കാനെത്തിയ വില്യം കടുവയുടെ കൂട്ടിലേക്ക് കടക്കുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കുട്ടിക്കാലത്ത് ബി.ബി.സി, ഐ.ടി.വി തുടങ്ങിയ ചാനലുകളുടെ പരമ്പരകളിൽ അഭിനയിച്ചിട്ടുള്ള വില്യം ചാപ്മാന്റെ മരണത്തിൽ ഇന്ന് ഡോൺകാസ്റ്റർ കൊറോണേഴ്സ് കോടതിയിൽ കൂടുതൽ അന്വേഷണ നടപടികൾ ആരംഭിക്കും. ട്രംപിന്റെ പ്രതികരണത്തിനെതിരെ 'റിപ്പബ്ലിക്കൻസ് എഗൈൻസ്റ്റ് ട്രംപ്' എന്ന എക്സ് അക്കൗണ്ടിലൂടെയുൾപ്പെടെ നിരവധി പേർ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
