‘വൺ ഇൻ, വൺ ഔട്ട്’ പദ്ധതി അവസാനിച്ചിട്ടും അഭയാർഥികളെ ഫ്രാൻസിലേക്ക് തിരിച്ചയച്ച് യുകെ
ഒക്ടോബർ ഒന്നിന് അവസാനിച്ച പദ്ധതിയിൽ നേരത്തേ ഉൾപ്പെടുത്തിയ അഭയാർഥികളുടെ ഫ്രാൻസിലേക്കുള്ള മടക്കയയ്ക്കൽ തുടരുന്നതായി റിപ്പോർട്ട്; തടങ്കലിനെതിരെ മനുഷ്യാവകാശ സംഘടനകൾ.
ലണ്ടൻ : ചെറുബോട്ടുകളിൽ എത്തുന്ന അഭയാർഥികളെ ഫ്രാൻസിലേക്ക് തിരിച്ചയയ്ക്കാനുള്ള ‘വൺ ഇൻ, വൺ ഔട്ട്’ പദ്ധതി അവസാനിച്ച് ആഴ്ചകൾ പിന്നിട്ടിട്ടും നടപടികൾ തുടരുന്നതായി റിപ്പോർട്ട്. ഒക്ടോബർ ഒന്നിന് പദ്ധതി അവസാനിച്ചെങ്കിലും ഇതിന്റെ പരിധിയിൽ ഉൾപ്പെട്ട നിരവധി പേർ ഇപ്പോഴും തടങ്കലിലാണെന്നാണ് വിവരം. ഒരു സംഘത്തെ ഒക്ടോബർ 28ന് പ്രത്യേക വിമാനത്തിൽ ഫ്രാൻസിലേക്ക് തിരിച്ചയച്ചു. നവംബർ 17ന് മറ്റൊരു വിമാനവും ക്രമീകരിച്ചിട്ടുണ്ട്. പദ്ധതി അവസാനിക്കുന്നതിന് മുമ്പ് യുകെയിലെത്തിയവരെയാണ് ഇപ്പോൾ തിരിച്ചയയ്ക്കുന്നതെന്നാണ് റിപ്പോർട്ട്. നേരത്തേ പദ്ധതിയിൽ ഉൾപ്പെടുത്തിയവരുടെ മടക്കയയ്ക്കൽ നടപടികൾ പൂർത്തിയാക്കുകയാണെന്ന് ഹോം ഓഫീസ് വൃത്തങ്ങൾ വ്യക്തമാക്കി.
ചാനൽ കടന്നുള്ള അപകടകരമായ ബോട്ടുയാത്രകൾ തടയാൻ ലക്ഷ്യമിട്ട് 2025 ജൂലൈയിലാണ് അന്നത്തെ പ്രധാനമന്ത്രി കിയർ സ്റ്റാർമറും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണും പദ്ധതി പ്രഖ്യാപിച്ചത്. യുകെയിൽ അനധികൃതമായി എത്തിയ ചിലരെ ഫ്രാൻസിലേക്ക് തിരിച്ചയയ്ക്കുകയും സമാനമായ എണ്ണത്തിൽ ആളുകളെ ഫ്രാൻസിൽനിന്ന് നിയമപരമായി യുകെയിലേക്ക് സ്വീകരിക്കുകയുമായിരുന്നു സംവിധാനം. എന്നാൽ പദ്ധതിയുടെ ഫലപ്രാപ്തിയെക്കുറിച്ച് ചോദ്യങ്ങൾ തുടരുകയാണ്. തിരിച്ചയച്ചവരിൽ കുറഞ്ഞത് ഏഴുപേർ ഒക്ടോബർ ഒന്നിനുശേഷം വീണ്ടും യുകെയിലെത്തിയതായാണ് റിപ്പോർട്ട്. ഇവരിൽ അഭിമുഖം നൽകിയ സിറിയൻ, ഇറാനിയൻ സ്വദേശികളുടെ അഭയാർഥി അപേക്ഷകൾ ഇപ്പോൾ യുകെയിൽ പരിശോധിക്കുന്നുണ്ട്. ഫ്രാൻസിലേക്കുള്ള മടക്കയയ്ക്കലിന് കുറഞ്ഞത് 7.8 കോടി പൗണ്ട് ചെലവായതായി ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദ് പാർലമെന്ററി സമിതിയെ അറിയിച്ചിരുന്നു.
പദ്ധതി അവസാനിച്ചിട്ടും ആളുകളെ തടങ്കലിൽ പാർപ്പിക്കുന്നതിനെതിരെ മനുഷ്യാവകാശ സംഘടനകൾ രംഗത്തെത്തി. ഫ്രാൻസിൽ ഭവനരഹിതരാകേണ്ടിവന്നതായും മനുഷ്യക്കടത്തുകാരുടെ മർദനവും ചൂഷണവും നേരിട്ടതായും തിരിച്ചയയ്ക്കപ്പെട്ട ചിലർ ആരോപിച്ചു. അപകടകരമായ യാത്രകൾ തടയാൻ സുരക്ഷിതവും നിയമപരവുമായ അഭയാർഥി പ്രവേശനമാർഗങ്ങൾ ഒരുക്കണമെന്നാണ് സംഘടനകളുടെ ആവശ്യം. ഈ വർഷം ഇതുവരെയുള്ള ചെറുബോട്ട് വരവുകൾ കഴിഞ്ഞവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഏകദേശം 40 ശതമാനം കുറഞ്ഞിട്ടുണ്ടെങ്കിലും യൂറോപ്പിലേക്കുള്ള അനധികൃത കുടിയേറ്റത്തിലും സമാനമായ കുറവുണ്ടായതിനാൽ ഇത് പദ്ധതിയുടെ നേട്ടമാണെന്ന് ഉറപ്പിക്കാനാവില്ല. മൂന്നാഴ്ചത്തെ ഇടവേളയ്ക്കുശേഷം ഒക്ടോബർ 29നും 30നുമായി 934 പേർ ബോട്ടുകളിൽ യുകെയിലെത്തിയെന്നാണ് ഹോം ഓഫീസ് കണക്ക്.
English Summary: The UK continues returning asylum seekers to France under the ended “one in, one out” scheme, drawing criticism from rights groups.
