പറക്കലിനിടെ കോക്ക്പിറ്റിൽ പൈലറ്റിന് കുത്തേറ്റു; വിമാനം തകർക്കാൻ ശ്രമം, യാത്രക്കാർ അക്രമിയെ കീഴടക്കി
Passengers and crew thwarted a catastrophic disaster aboard an Israel-bound FlyDubai flight after a co-pilot stabbed the captain and attempted to intentionally crash the aircraft, forcing an emergency landing in Saudi Arabia.
ലണ്ടൻ : ദുബായിൽ നിന്ന് ഇസ്രായേലിലെ ടെൽ അവീവിലേക്ക് പറക്കുകയായിരുന്ന ഫ്ലൈദുബായ് വിമാനത്തിൽ സഹപൈലറ്റിന്റെ ക്രൂരമായ കത്തിക്കുത്തും വിമാനം തകർക്കാനുള്ള ഭീകരശ്രമവും നടന്നു. വിമാനം നിയന്ത്രിച്ചിരുന്ന ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ സഹപൈലറ്റ് കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് വിമാനം ബോധപൂർവം തകർക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് യാത്രക്കാരെയും അധികൃതരെയും ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. രക്തത്തിൽ കുളിച്ച നിലയിലും മുഖ്യ പൈലറ്റ് കോക്ക്പിറ്റിന്റെ വാതിൽ തുറന്നുകൊടുത്തതോടെയാണ് പുറത്തുണ്ടായിരുന്ന ജീവനക്കാരും യാത്രക്കാരും വിവരമറിഞ്ഞത്.
കോക്ക്പിറ്റിൽ പിടിവലി നടക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ബോയിംഗ് 737 മാക്സ് വിമാനം നിമിഷങ്ങൾക്കകം പതിനായിരക്കണക്കിന് അടി താഴേക്ക് പതിച്ചതോടെ യാത്രക്കാർക്കിടയിൽ വൻ പരിഭ്രാന്തി പടർന്നു. തുടർന്ന് കോക്ക്പിറ്റിലേക്ക് ഇരച്ചുകയറിയ യാത്രക്കാരും ജീവനക്കാരും ചേർന്ന് അക്രമിയായ പൈലറ്റിനെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ബന്ധിക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന മറ്റ് ഓഫ്-ഡ്യൂട്ടി പൈലറ്റുമാർ യഥാസമയം നിയന്ത്രണം ഏറ്റെടുത്തതിനാലാണ് വിമാനം വൻ ദുരന്തത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
സംഭവത്തെ തുടർന്ന് സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ട വിമാനം അവിടെ സുരക്ഷിതമായി അടിയന്തര ലാൻഡിംഗ് നടത്തി. പരിക്കേറ്റ ഇരു പൈലറ്റുമാരെയും സൗദിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അക്രമിയെ കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുണ്ട്. വിമാനത്തിലുണ്ടായിരുന്ന 174-ലധികം യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ ഭീകരാക്രമണ സാധ്യതയടക്കം പരിശോധിച്ചുവരികയാണെന്ന് ഇസ്രായേൽ സുരക്ഷാ ഏജൻസികൾ വ്യക്തമാക്കി.
