യുകെയിൽ വീട്ടിൽ നിന്ന് സംശയാസ്പദമായ വസ്തുക്കൾ കണ്ടെത്തി; 70-കാരൻ അറസ്റ്റിൽ, 153 വീടുകൾ ഒഴിപ്പിച്ചു
A 70-year-old man has been arrested and 153 homes were evacuated in Somerset, UK, after police discovered suspicious substances during a property search.
ലണ്ടൻ : യുകെയിലെ സോമർസെറ്റിലുള്ള വീടിൽ നിന്ന് സംശയാസ്പദമായ വസ്തുക്കളും രാസവസ്തുക്കളും കണ്ടെത്തിയതിനെ തുടർന്ന് 70-കാരൻ അറസ്റ്റിലായി. വോർലിലെ ബെക്കറ്റ് റോഡിൽ സാമ്പത്തിക തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ തിരച്ചിലിനിടെയാണ് ഈ വസ്തുക്കൾ കണ്ടെടുത്തത്. ഇതോടെ മുൻകരുതൽ നടപടിയുടെ ഭാഗമായി പ്രദേശത്ത് 100 മീറ്റർ ചുറ്റളവിൽ സുരക്ഷാവലയം ഏർപ്പെടുത്തുകയും സമീപത്തെ 153 വീടുകൾ പൂർണ്ണമായും ഒഴിപ്പിക്കുകയും ചെയ്തു.
സംഭവത്തെ തുടർന്ന് ബോംബ് സ്ക്വാഡ് (Explosive Ordnance Disposal Unit) സ്ഥലത്തെത്തി വിശദമായ പരിശോധനകൾ ആരംഭിച്ചു. പ്രദേശവാസികളെ താൽക്കാലികമായി വെസ്റ്റൺ-സൂപ്പർ-മേയറിലെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റിപ്പാർപ്പിച്ചു. അടിയന്തര ചികിത്സ ആവശ്യമുള്ളവർക്ക് എൻഎച്ച്എസും പ്രാദേശിക കൗൺസിലും ചേർന്ന് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വളർത്തുമൃഗങ്ങളെ ഉപേക്ഷിച്ച് വീടൊഴിയേണ്ടി വന്നതിൽ ജനങ്ങൾക്ക് ആശങ്കയുണ്ടെങ്കിലും പൊതുജനസുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്ന് അധികൃതർ വ്യക്തമാക്കി.
സാമ്പത്തിക വഞ്ചനാക്കുറ്റത്തിനാണ് 70-കാരനെ നിലവിൽ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വ്യക്തമാക്കിയ പോലീസ് പ്രദേശത്ത് വിശദമായ പരിശോധനകൾ തുടരുകയാണ്. വിദഗ്ധ സംഘത്തിന്റെ പരിശോധന പൂർത്തിയായ ശേഷമേ ഒഴിപ്പിച്ച കുടുംബങ്ങൾക്ക് തിരികെ വീടുകളിലേക്ക് മടങ്ങാൻ സാധിക്കൂ.
