ഭീകരാക്രമണ ഭീഷണി: ബ്രിട്ടനിലെ വ്യോമതാവളത്തിൽ നിന്ന് യുഎസ് ബോംബർ വിമാനങ്ങൾ പിൻവലിച്ചു
The US Air Force has rapidly withdrawn its B-1 bombers from Britain's RAF Fairford base and redeployed them home following credible threats of a suspected terror plot linked to Iran.
ലണ്ടൻ : ബ്രിട്ടനിലെ ഗ്ലോസ്റ്റർഷെയറിലുള്ള ആർഎഎഫ് ഫെയർഫോർഡ് വ്യോമതാവളത്തിന് നേരെയുണ്ടായ ഭീകരാക്രമണ ഭീഷണിയെത്തുടർന്ന് യുഎസ് വ്യോമസേന തങ്ങളുടെ ബോംബർ വിമാനങ്ങൾ തിരിച്ചുവിളിച്ചു. ഇവിടെ തമ്പടിച്ചിരുന്ന 12 ബി-1 ബോംബർ വിമാനങ്ങളിൽ പത്തെണ്ണവും ഞായറാഴ്ചയോടെ യുഎസിലെ സ്വന്തം താവളങ്ങളിലേക്ക് മടങ്ങി. കഴിഞ്ഞയാഴ്ച മാത്രം പതിവ് വിന്യാസത്തിന്റെ ഭാഗമായി എത്തിയ വിമാനങ്ങൾ പോലും പെട്ടെന്ന് പിൻവലിച്ചത് സുരക്ഷാ ഭീഷണിയുടെ ഗൗരവം വ്യക്തമാക്കുന്നുവെന്ന് പെന്റഗൺ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
കഴിഞ്ഞ സെപ്റ്റംബർ അവസാനത്തോടെ ഫെയർഫോർഡ് താവളവുമായി ബന്ധപ്പെട്ടുണ്ടായ സുരക്ഷാ സംഭവത്തിന് പിന്നാലെ, സെൻട്രൽ ലണ്ടനിൽ നിന്ന് ഇരട്ട പൗരത്വമുള്ള ബ്രിട്ടീഷ്-ഇറാനിയൻ പൗരനെ ഭീകരാക്രമണ ഗൂഢാലോചനക്കേസിൽ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇതുവരെ ആറ് പേരെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തു. ബ്രിട്ടീഷ് അധികൃതർ ഈ സംഭവത്തെ ടെഹ്റാനുമായി ബന്ധപ്പെടുത്തിയെങ്കിലും ആരോപണങ്ങളെല്ലാം ഇറാൻ പൂർണമായി തള്ളി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ലഭിച്ച പുതിയ വിവരങ്ങളും സുരക്ഷാ മുന്നറിയിപ്പുകളും കണക്കിലെടുത്താണ് കമാൻഡർമാർ വിമാനങ്ങൾ പെട്ടെന്ന് യുഎസിലേക്ക് മടക്കാൻ തീരുമാനിച്ചത്. ലണ്ടനിൽ നിന്ന് 160 കിലോമീറ്റർ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ആർഎഎഫ് ഫെയർഫോർഡ് പതിറ്റാണ്ടുകളായി മിഡിൽ ഈസ്റ്റിലെ യുഎസ് സൈനിക നീക്കങ്ങൾക്കുള്ള പ്രധാന താവളങ്ങളിലൊന്നാണ്. ഈ മേഖലയിൽ നിന്നുള്ള പെട്ടെന്നുള്ള സൈനിക പിന്മാറ്റം സമീപപ്രദേശങ്ങളിൽ കനത്ത സുരക്ഷാ ആശങ്ക ഉയർത്തിയിട്ടുണ്ട്.
