വിസാ ചട്ടങ്ങൾ കർശനം; വിദേശവിദ്യാർഥികളുടെ പ്രവേശന ഓഫറുകൾ പിൻവലിച്ച് യുകെ സർവകലാശാലകൾ

കർശനമായ വിസാ മാനദണ്ഡങ്ങൾക്കിടെ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശവിദ്യാർഥികളുടെ ചില പ്രവേശന ഓഫറുകൾ യുകെ സർവകലാശാലകൾ പിൻവലിക്കുന്നതായി റിപ്പോർട്ട്.

Oct 16, 2026 - 15:23
Oct 16, 2026 - 15:38
 0
വിസാ ചട്ടങ്ങൾ കർശനം; വിദേശവിദ്യാർഥികളുടെ പ്രവേശന ഓഫറുകൾ പിൻവലിച്ച് യുകെ സർവകലാശാലകൾ
Photo credit: AI-generated representative image / UK Malayali News

ലണ്ടൻ : വിദ്യാർഥി വിസാ ചട്ടങ്ങളിലെ കർശന നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശവിദ്യാർഥികൾക്കു നൽകിയ കോഴ്സ് പ്രവേശന ഓഫറുകൾ യുകെ സർവകലാശാലകൾ പിൻവലിക്കുന്നതായി റിപ്പോർട്ട്. പുതുക്കിയ മാനദണ്ഡപ്രകാരം വിസാ അപേക്ഷകൾ നിരസിക്കപ്പെടുന്നവരുടെ നിരക്ക് അഞ്ചുശതമാനം കടന്നാൽ സ്ഥാപനങ്ങൾക്ക് വിദേശവിദ്യാർഥികളെ പ്രവേശിപ്പിക്കാനുള്ള അനുമതി നഷ്ടപ്പെടാം. നേരത്തെ ഈ പരിധി പത്തുശതമാനമായിരുന്നു. നിയന്ത്രണം ലംഘിക്കപ്പെടാതിരിക്കാൻ ചില സർവകലാശാലകൾ മുൻകരുതലായി പ്രവേശന നടപടികൾ വെട്ടിക്കുറയ്ക്കുന്നതായി ഹോം ഓഫീസ് കണക്കുകൾ വിശകലനം ചെയ്ത ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു. വിസാ അപേക്ഷകളിൽ കൂടുതൽ പരിശോധന നേരിടുന്ന രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികളുടെ പ്രവേശനത്തെയാണ് നടപടി പ്രധാനമായും ബാധിക്കുന്നത്.

2026ന്റെ ആദ്യ ആറുമാസത്തിൽ യുകെ പഠനവിസാ അപേക്ഷകളിൽ പിൻവലിക്കപ്പെട്ടവയുടെ വിഹിതം 10.5 ശതമാനമായി ഉയർന്നു. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 2.3 ശതമാനവും 2023ൽ 0.4 ശതമാനവുമായിരുന്നു. ഇന്ത്യൻ അപേക്ഷകരിൽ പിൻവലിക്കൽ നിരക്ക് 1.2 ശതമാനത്തിൽനിന്ന് 5.2 ശതമാനമായി വർധിച്ചു. പാകിസ്ഥാനിൽനിന്നുള്ളവരിൽ ഇത് 40.9 ശതമാനവും നൈജീരിയയിൽനിന്നുള്ളവരിൽ 22.7 ശതമാനവും ബംഗ്ലാദേശിൽനിന്നുള്ളവരിൽ 23.5 ശതമാനവുമാണ്. എന്നാൽ, എത്ര ഇന്ത്യൻ വിദ്യാർഥികൾക്ക് പ്രവേശനം നഷ്ടപ്പെട്ടെന്നോ എത്ര അപേക്ഷകൾ സർവകലാശാലകളുടെ തീരുമാനത്തെത്തുടർന്ന് പിൻവലിച്ചെന്നോ ഈ കണക്കുകൾ വ്യക്തമാക്കുന്നില്ല. ഈ വർഷം ഏകദേശം 15 സർവകലാശാലകൾ പാകിസ്ഥാനിൽനിന്നുള്ള പ്രവേശനം പൂർണമായി നിർത്തിവെച്ചതായും റിപ്പോർട്ടുണ്ട്.

വിസാ തീരുമാനങ്ങളിലെ സ്ഥിരതയില്ലായ്മയും വ്യക്തിനിഷ്ഠമായ വിലയിരുത്തലുകളും സർവകലാശാലകളെ കൂട്ടത്തോടെ ഓഫറുകൾ പിൻവലിക്കാൻ നിർബന്ധിതരാക്കുന്നുവെന്ന് യൂണിവേഴ്സിറ്റീസ് യുകെ ഇന്റർനാഷണൽ ഡയറക്ടർ ജെയ്മി ആരോസ്മിത്ത് വിമർശിച്ചു. അപ്രതീക്ഷിതമായി വിസാ നിരസിക്കൽ വർധിച്ചതാണ് ചില രാജ്യങ്ങളിൽനിന്നുള്ള പ്രവേശനം കുറയ്ക്കാൻ സ്ഥാപനങ്ങളെ പ്രേരിപ്പിച്ചതെന്ന് സണ്ടർലൻഡ് സർവകലാശാല വൈസ് ചാൻസലർ സർ ഡേവിഡ് ബെൽ പറഞ്ഞു. വിസാ നിരസിക്കൽ കുറവുള്ള ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ സർവകലാശാലകൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചേക്കാമെന്നും മേഖലയിലെ വിദഗ്ധർ വിലയിരുത്തുന്നു. അതേസമയം, വിദേശവിദ്യാർഥികൾ രാജ്യത്തിന് ഗുണകരമായ സംഭാവന നൽകുന്നുണ്ടെങ്കിലും ഉത്തരവാദിത്വത്തോടെയുള്ള പ്രവേശനം ഉറപ്പാക്കേണ്ടതുണ്ടെന്ന് ഹോം ഓഫീസ് വ്യക്തമാക്കി. വിദ്യാർഥി വിസാ സംവിധാനത്തിന്റെ ദുരുപയോഗം തടയുകയാണ് ലക്ഷ്യമെന്നും പ്രവേശനരീതികൾ മെച്ചപ്പെടുത്താൻ ആവശ്യമായ സ്ഥാപനങ്ങൾക്ക് പിന്തുണ നൽകുമെന്നും വകുപ്പ് അറിയിച്ചു.

English Summary: UK universities are withdrawing some international admission offers amid tighter visa rules, while Indian study visa application withdrawals have also risen.

സ്വന്തം ലേഖകൻ Official reporter profile for UK Malayali News, publishing news and updates relevant to the UK Malayali and Indian community.
ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.