സിസേറിയൻ പ്രസവങ്ങൾ റെക്കോർഡ് ഉയരത്തിൽ; പ്രസവശേഷം പിന്തുണ ലഭിക്കുന്നില്ലെന്ന് അമ്മമാർ
Record-high C-section rates in Wales have raised concerns over inadequate postnatal support for mothers recovering from major surgery.
ലണ്ടൻ : സിസേറിയൻ പ്രസവങ്ങളുടെ എണ്ണം റെക്കോർഡ് ഉയരത്തിലെത്തുന്നതിനിടെ, ശസ്ത്രക്രിയയ്ക്കുശേഷമുള്ള പരിചരണത്തിലും പിന്തുണയിലും തങ്ങൾ ഒറ്റപ്പെട്ടുപോകുന്നതായി നിരവധി അമ്മമാർ. 2025ൽ വെയിൽസിൽ ജനിച്ച കുഞ്ഞുങ്ങളിൽ 42 ശതമാനവും സിസേറിയൻ വഴിയാണ് ജനിച്ചതെന്ന് ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ പകുതിയിലേറെയും അടിയന്തര സിസേറിയനുകളായിരുന്നു. ഇംഗ്ലണ്ടിൽ ഏകദേശം 45 ശതമാനം പ്രസവങ്ങളും സിസേറിയൻ വഴിയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
സ്വാൻസിയിലെ കാരിസ് ലൂയിസ് ബ്രാൻഡൻ തന്റെ ആദ്യ കുഞ്ഞിന്റെ അടിയന്തര സിസേറിയനുശേഷം വീട്ടിലെത്തിയപ്പോൾ ശരീരത്തിന്റെ വീണ്ടെടുപ്പിനെക്കുറിച്ച് നിരവധി സംശയങ്ങളുണ്ടായിരുന്നുവെന്ന് പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ശേഷം സാധാരണ നിലയിലേക്ക് മടങ്ങാൻ ഏകദേശം മൂന്ന് ആഴ്ച വേണ്ടിവന്നെന്നും മുറിവിന്റെ പരിചരണം ഉൾപ്പെടെ ആവശ്യമായ വിവരങ്ങൾ ലഭിച്ചില്ലെന്നും അവർ പറഞ്ഞു. ഗ്വിനെഡിൽ നിന്നുള്ള സെറി ആൻ റോബർട്ട്സും അടിയന്തര സിസേറിയനുശേഷം കുഞ്ഞിനെ നവജാത ശിശു തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയപ്പോൾ, കുഞ്ഞിനെ ആദ്യമായി കൈയിലെടുക്കാൻ ഏഴ് മണിക്കൂർ കാത്തിരിക്കേണ്ടിവന്ന അനുഭവം പങ്കുവച്ചു.
ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തശേഷം പല സ്ത്രീകളും പ്രധാന വയറുശസ്ത്രക്രിയയിൽനിന്നുള്ള വീണ്ടെടുപ്പിനൊപ്പം നവജാത ശിശുവിനെ പരിചരിക്കേണ്ടി വരുന്നതായി പ്രസവാനന്തര പരിചരണ രംഗത്തെ വിദഗ്ധർ പറയുന്നു. വെയിൽസിലെ റോയൽ കോളജ് ഓഫ് മിഡ്‌വൈവ്സിന്റെ സർവേയിൽ പങ്കെടുത്ത 94 ശതമാനം പേരും തങ്ങൾക്ക് നൽകാൻ ആഗ്രഹിക്കുന്ന നിലവാരത്തിലുള്ള പരിചരണം നൽകാൻ കഴിയുന്നില്ലെന്ന് പ്രതികരിച്ചു. ജീവനക്കാരുടെ കുറവും അധിക ജോലിഭാരവും പ്രധാന കാരണങ്ങളാണെന്നും കൂടുതൽ നിക്ഷേപവും വ്യക്തമായ തൊഴിൽശേഷി പദ്ധതിയും ആവശ്യമാണെന്നും സംഘടന ആവശ്യപ്പെട്ടു. അതേസമയം, ഓരോ സ്ത്രീക്കും ആവശ്യാനുസൃതമായ ഉയർന്ന നിലവാരത്തിലുള്ള പ്രസവാനന്തര പരിചരണം ഉറപ്പാക്കുമെന്നും ലഭിക്കുന്ന പരാതികളിൽനിന്ന് സേവനങ്ങൾ പാഠം ഉൾക്കൊള്ളണമെന്നും വെയിൽസ് സർക്കാർ വ്യക്തമാക്കി.
