പൊതുസ്ഥലങ്ങളിൽ മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾക്ക് സമ്പൂർണ നിരോധനം വേണം; നിഗൽ ഫരാജ്
Nigel Farage has called for a complete UK ban on face coverings in public following recent anti-migration protests.
ലണ്ടൻ : പൊതുസ്ഥലങ്ങളിൽ മുഖം പൂർണമായി മറയ്ക്കുന്ന വസ്ത്രങ്ങൾക്ക് സമ്പൂർണ നിരോധനം ഏർപ്പെടുത്തണമെന്ന് റിഫോം യുകെ നേതാവ് നിഗൽ ഫരാജ് ആവശ്യപ്പെട്ടു. ബാലക്ലാവ ഉൾപ്പെടെയുള്ള മുഖംമൂടികൾ മാത്രമല്ല, മതപരമായ കാരണങ്ങളാൽ ധരിക്കുന്ന മുഖാവരണങ്ങളും നിരോധിക്കണമെന്നാണ് ഫരാജിന്റെ നിലപാട്. പൊതുജീവിതത്തിൽ മുഖം മറയ്ക്കുന്നത് വിശ്വാസത്തിനും സാമൂഹിക ഇടപെടലുകൾക്കും തടസ്സമാണെന്നും അദ്ദേഹം പറഞ്ഞു.
ഡോവറിലും പോർട്സ്മത്തിലും കുടിയേറ്റവിരുദ്ധ പ്രതിഷേധങ്ങൾക്കിടെ കറുത്ത വസ്ത്രവും ബാലക്ലാവയും ധരിച്ച നിരവധി പേർ റോഡുകൾ തടഞ്ഞതിനു പിന്നാലെയാണ് ഫരാജിന്റെ പുതിയ ആവശ്യം. ഡോവർ തുറമുഖത്തേക്കുള്ള പ്രധാന റോഡുകൾ പ്രതിഷേധക്കാർ തടഞ്ഞതോടെ ഗതാഗതം തടസ്സപ്പെട്ടിരുന്നു. പോർട്സ്മത്തിലെ പ്രതിഷേധത്തിനിടെ പോലീസുമായും സംഘർഷമുണ്ടാകുകയും ചില ഉദ്യോഗസ്ഥർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
അതേസമയം, സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തെ ഫരാജ് പിന്തുണയ്ക്കുന്നുണ്ടെങ്കിലും മുഖം മറച്ച് പ്രതിഷേധിക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. പൊതുപ്രതിഷേധങ്ങളിൽ മുഖം മറയ്ക്കുന്നതിനെ നിയന്ത്രിക്കാൻ പോലീസിന് പുതിയ അധികാരങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും, രാജ്യത്താകെ പൊതുസ്ഥലങ്ങളിൽ മുഖം മറയ്ക്കുന്നതിന് കൂടുതൽ വ്യാപകമായ നിരോധനം വേണമെന്ന ആവശ്യമാണ് ഫരാജ് മുന്നോട്ടുവയ്ക്കുന്നത്. വിഷയം കുടിയേറ്റം, പൊതുസുരക്ഷ, മതസ്വാതന്ത്ര്യം എന്നിവയെ ചുറ്റിപ്പറ്റിയുള്ള പുതിയ രാഷ്ട്രീയ ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്.
