കുട്ടികളുടെ ഡീപ്‌ഫേക്ക് ചിത്രങ്ങൾ ഉപയോഗിച്ച് സ്‌കൂളുകളെ ഭീഷണിപ്പെടുത്തുന്നു; ഞെട്ടിക്കുന്ന തോതിലെന്ന് റിപ്പോർട്ട്
Criminal gangs are reportedly using AI-generated deepfake sexual images of children to blackmail UK schools for ransom.
ലണ്ടൻ : കുട്ടികളുടെ സോഷ്യൽ മീഡിയയിലെയും സ്‌കൂൾ വെബ്‌സൈറ്റുകളിലെയും ചിത്രങ്ങൾ ഉപയോഗിച്ച് കൃത്രിമ ലൈംഗിക ചിത്രങ്ങൾ നിർമിച്ച് സ്‌കൂൾ അധികൃതരെ ബ്ലാക്ക്‌മെയിൽ ചെയ്യുന്നതായി മുന്നറിയിപ്പ്. മോചനദ്രവ്യം ആവശ്യപ്പെട്ടാണ് സംഘടിത ക്രിമിനൽ സംഘങ്ങൾ സ്‌കൂൾ മേധാവികളെയും ട്രസ്റ്റികളെയും ലക്ഷ്യമിടുന്നതെന്ന് വിദഗ്ധർ പറയുന്നു. യുകെയിലെ 500 പ്രൈമറി, സെക്കൻഡറി സ്‌കൂൾ അധ്യാപകരിൽ നടത്തിയ പഠനത്തിൽ 49 ശതമാനം പേർ വിദ്യാർഥികളുടെ ചിത്രങ്ങളുടെ ദുരുപയോഗം, കൃത്രിമമാറ്റം, അല്ലെങ്കിൽ പണം ആവശ്യപ്പെട്ടുള്ള ഭീഷണി നേരിട്ടതായി റിപ്പോർട്ട് ചെയ്തു.
സ്‌കൂളുകൾ പ്രസിദ്ധീകരിക്കുന്ന ചിത്രങ്ങൾ എഐ ദുരുപയോഗത്തിന് ഇരയാകുമെന്ന ആശങ്ക 54 ശതമാനം അധ്യാപകരും പ്രകടിപ്പിച്ചു. 45 ശതമാനം സ്‌കൂളുകൾക്ക് വിദ്യാർഥികളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുടെ പരാതിയും ലഭിച്ചിട്ടുണ്ട്. കുട്ടികളുടെ ലൈംഗിക ചൂഷണ ചിത്രങ്ങൾ നിർമിക്കാൻ ചിലർ ഇത്തരം സാങ്കേതികവിദ്യ ഉപയോഗിക്കുന്നതായും കുട്ടികൾ തന്നെ മറ്റ് കുട്ടികളുടെയും അധ്യാപകരുടെയും ഡീപ്‌ഫേക്ക് ചിത്രങ്ങൾ സൃഷ്ടിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതായും വിദഗ്ധർ വ്യക്തമാക്കി.
സ്‌കൂളുകളുടെ പ്രതിച്ഛായ സംരക്ഷിക്കാനുള്ള സമ്മർദം മനസ്സിലാക്കി കുറ്റസംഘങ്ങൾ അത് മുതലെടുക്കുകയാണെന്ന് മുൻ ദേശീയ ശിശുസംരക്ഷണ പൊലീസ് മേധാവി സൈമൺ ബെയ്ലി പറഞ്ഞു. പല സ്‌കൂളുകളും സംഭവങ്ങൾ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യാതെ രഹസ്യമായി കൈകാര്യം ചെയ്യുന്നതിനാൽ യഥാർഥ വ്യാപ്തി ഇതിലും വലുതായിരിക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കുട്ടികളുടെ ചിത്രങ്ങൾ പൊതുവായി ഓൺലൈനിൽ പങ്കിടുന്നതിൽ ജാഗ്രത പാലിക്കണമെന്ന് നാഷണൽ ക്രൈം ഏജൻസിയും ഇന്റർനെറ്റ് വാച്ച് ഫൗണ്ടേഷനും നേരത്തെ രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു
