ലണ്ടനിൽ കാറിടിച്ച് നിരവധിപ്പേർക്ക് പരിക്ക്; വധശ്രമത്തിന് ഒരാൾ അറസ്റ്റിൽ
പടിഞ്ഞാറൻ ലണ്ടനിലെ ഈലിംഗ് ബ്രോഡ്‌വേയിൽ കാറിടിച്ച് അഞ്ച് കാൽനടയാത്രക്കാർക്ക് പരിക്കേറ്റ സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ലണ്ടൻ : പടിഞ്ഞാറൻ ലണ്ടനിലെ ഈലിംഗ് ബ്രോഡ്‌വേയിൽ തിരക്കേറിയ റോഡിലേക്ക് കാർ ഓടിച്ചുകയറ്റി നിരവധി കാൽനടയാത്രക്കാരെ പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് സംഭവം. കാറിടിച്ചതിനെ തുടർന്ന് അഞ്ച് പേർക്ക് പരിക്കേറ്റു. ഇവരിൽ മൂന്ന് പേരെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോയ വാഹനത്തിലെ ഡ്രൈവറെ വധശ്രമം, അപകടകരമായ രീതിയിൽ വാഹനമോടിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബ്രിട്ടീഷ് പൗരത്വമുള്ള സോമാലിയൻ വംശജനാണ് പിടിയിലായതെന്ന് മെട്രോപൊളിറ്റൻ പൊലീസ് സ്ഥിരീകരിച്ചു. സംഭവസ്ഥലത്തിന് സമീപമുള്ള ഗ്രേഞ്ച് പാർക്കിൽ വെച്ചാണ് ഇയാളെ പൊലീസ് തടഞ്ഞുവെച്ചത്. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ ലണ്ടൻ ഭീകരവിരുദ്ധ പൊലീസ് വിഭാഗം പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും ഇത് ഭീകരാക്രമണമല്ലെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിന് പിന്നിലെ യഥാർത്ഥ പ്രേരണ എന്താണെന്ന് കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. തെളിവെടുപ്പിന്റെയും അന്വേഷണത്തിന്റെയും ഭാഗമായി പ്രദേശത്തെ റോഡ് ഗതാഗതത്തിന് പൊലീസ് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി.
English Summary: A man has been arrested on suspicion of attempted murder after a car hit five pedestrians in west London on Saturday.
