മദ്യലഹരിയിലെ വ്യാജ ബോക്സിങ് കളി ദുരന്തമായി: അനുജനെ ഒറ്റ ഇടിക്കു കൊലപ്പെടുത്തിയ ജ്യേഷ്ഠൻ കുറ്റക്കാരനെന്ന് കോടതി.
A 62-year-old man, Brent Clayton, has been found guilty of manslaughter at Preston Crown Court for fatally killing his younger brother Simon with a single punch during a drunken playfight at a social club in Rossendale.
ലണ്ടൻ : യുകെയിലെ റോസെൻഡെയ്‌ലിലുള്ള ഒരു സോഷ്യൽ ക്ലബ്ബിൽ മദ്യലഹരിയിലെ തമാശക്കളി ദുരന്തത്തിൽ കലാശിച്ച കേസിൽ, സ്വന്തം അനുജനെ ഒറ്റ ഇടിക്കു കൊലപ്പെടുത്തിയ 62-കാരൻ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. വാട്ടർഫൂട്ട് സോഷ്യൽ ക്ലബ്ബിൽ നടന്ന സംഭവത്തിൽ 58-കാരനായ സൈമൺ ക്ലേട്ടനെ അടിച്ചുവീഴ്ത്തി മരണത്തിന് ഇടയാക്കിയ കേസിൽ ജ്യേഷ്ഠൻ ബ്രെന്റ് ക്ലേട്ടനെയാണ് പ്രസ്റ്റൺ ക്രൗൺ കോടതി മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് (manslaughter) കുറ്റക്കാരനായി പ്രഖ്യാപിച്ചത്.
ക്ലബ്ബിലെ സിസിടിവി ദൃശ്യങ്ങൾ പ്രകാരം, അമിതമായി മദ്യപിച്ച ബ്രെന്റ് ക്ലേട്ടൻ റൂമിൽ തനിച്ച് ബോക്സിങ് പരിശീലിക്കുന്നതുപോലെ ചാടുകയും കളിക്കാൻ അനുജനെ നിരന്തരം നിർബന്ധിക്കുകയും ചെയ്തു. മടിയോടെ എഴുന്നേറ്റ സൈമണുമായി വ്യാജമായി പരസ്പരം ഇടിക്കുന്നതുപോലെ കളിക്കുന്നതിനിടയിൽ, ബ്രെന്റ് പെട്ടെന്ന് സൈമന്റെ മുഖത്തേക്ക് ശക്തമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിലത്തുവീണ് തലയടിച്ച സൈമണെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തലയ്ക്കേറ്റ ഗുരുതര ക്ഷതവും ഹൃദയാഘാതവും മൂലം പിന്നീട് മരണം സംഭവിക്കുകയായിരുന്നു.
സൈമൺ തന്നെ ആദ്യം അടിച്ചതിനാലാണ് പ്രത്യാക്രമണം നടത്തിയതെന്ന് പറഞ്ഞ് ബ്രെന്റ് കുറ്റം നിഷേധിച്ചെങ്കിലും കോടതി അത് തള്ളിക്കളഞ്ഞു. ഒരു തമാശയ്ക്ക് തുടങ്ങിയതാണെങ്കിലും ഒറ്റയടി ഒരു ജീവൻ കവരാനും കുടുംബത്തെ തകർക്കാനും ഇടയാക്കുമെന്ന മുന്നറിയിപ്പാണ് ഈ സംഭവമെന്ന് ലങ്കാഷെയർ പോലീസ് ചൂണ്ടിക്കാട്ടി. കേസിൽ ബ്രെന്റ് ക്ലേട്ടനുള്ള ശിക്ഷ ഒക്ടോബർ 14-ന് കോടതി പ്രഖ്യാപിക്കും.
