തടവുകാരെ നേരത്തെ വിട്ടയക്കുന്ന പദ്ധതി: അതിക്രമങ്ങൾക്ക് ഇരയായ സ്ത്രീകളുടെ സുരക്ഷയിൽ കടുത്ത ആശങ്ക
Domestic abuse survivors in the UK have voiced grave fears for their safety as thousands of prisoners are being released early to ease jail overcrowding, with ministers admitting they cannot fully guarantee victims' protection.
ലണ്ടൻ : യുകെയിലെ ജയിലുകളിലെ കടുത്ത സ്ഥലപരിമിതി പരിഹരിക്കാൻ ലക്ഷ്യമിട്ട് തടവുകാരെ കാലാവധി പൂർത്തിയാകുന്നതിന് മുൻപേ വിട്ടയക്കുന്ന പദ്ധതി നടപ്പിലായതോടെ, ഗാർഹിക പീഡനങ്ങളിൽനിന്ന് രക്ഷപ്പെട്ട സ്ത്രീകളുടെ സുരക്ഷയിൽ കടുത്ത ആശങ്ക. പല ഘട്ടങ്ങളിലായി ആയിരക്കണക്കിന് തടവുകാരെ നേരത്തെ മോചിപ്പിക്കാനുള്ള സർക്കാർ പദ്ധതി വ്യാഴാഴ്ച ആരംഭിച്ച പശ്ചാത്തലത്തിൽ, ഇരകളുടെ സുരക്ഷ പൂർണ്ണമായി ഉറപ്പുനൽകാൻ കഴിയില്ലെന്ന് ട്രഷറി ചീഫ് സെക്രട്ടറി ജെയിംസ് മുറെ സമ്മതിച്ചു. അതിക്രമങ്ങൾ കാട്ടിയ മുൻപങ്കാളികൾ പ്രതീക്ഷിച്ചതിലും വളരെ നേരത്തെ പുറത്തിറങ്ങുന്നത് തങ്ങളുടെ ജീവന് വലിയ ഭീഷണിയാണെന്ന് ഗാർഹിക പീഡനങ്ങൾക്ക് ഇരയായവർ മുന്നറിയിപ്പ് നൽകുന്നു.
സ്വന്തം കുഞ്ഞിനെ കൈകളിൽ പിടിച്ചിരുന്ന തന്നെ കഴുത്തുഞെരിച്ച് കൊല്ലാൻ ശ്രമിച്ച മുൻപങ്കാളി ഡാനിയൽ ബൗളർ നേരത്തെ പുറത്തിറങ്ങുന്നത് പ്രതികാര നടപടികൾക്ക് ഇടയാക്കുമെന്ന് ഭയക്കുന്നതായി പീഡനത്തിന് ഇരയായ മില്ലി കസിൻസ് വെളിപ്പെടുത്തി. കടുത്ത കുറ്റവാളികളെയും ബലാത്സംഗ കേസ് പ്രതികളെയും പദ്ധതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും, സ്ത്രീകളെ നിരന്തരം ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്ത നിരവധി ഗാർഹിക കുറ്റവാളികൾ ഈ ഇളവിന് അർഹരാകുന്നുവെന്നത് ഇരകളെ കടുത്ത ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
അതേസമയം, ഉദ്യോഗസ്ഥ ക്ഷാമവും അമിത ജോലിഭാരവും കാരണം പുറത്തിറങ്ങുന്ന തടവുകാരെ കൃത്യമായി നിരീക്ഷിക്കാൻ പ്രൊബേഷൻ സംവിധാനങ്ങൾക്ക് കഴിയുന്നില്ലെന്ന് പ്രൊബേഷൻ യൂണിയനായ 'നാപോ' (Napo) മുന്നറിയിപ്പ് നൽകി. മതിയായ സുരക്ഷാ മുന്നൊരുക്കങ്ങളില്ലാതെ തടവുകാരെ അടിയന്തരമായി തുറന്നുവിടുന്നത് കൂടുതൽ ഗുരുതര കുറ്റകൃത്യങ്ങൾക്ക് വഴിതുറക്കുമെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. നീതിന്യായ വ്യവസ്ഥയുടെ തകർച്ച ഒഴിവാക്കാനാണ് സർക്കാരിന് ഈ കടുത്ത തീരുമാനം എടുക്കേണ്ടി വന്നതെന്നാണ് അധികൃതരുടെ വിശദീകരണം.
