അഞ്ച് രാജ്യങ്ങളുടെ കലാസംഗമം ഗ്ലാസ്ഗോയിൽ; സാൻ ടിവി സൗത്ത് ഏഷ്യൻ മ്യൂസിക് ആൻഡ് ഡാൻസ് ഫെസ്റ്റിവൽ ഓഗസ്റ്റ് 15ന്
ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ എന്നീ രാജ്യങ്ങളുടെ വൈവിധ്യമാർന്ന കലാരൂപങ്ങൾ ആദ്യമായി ഒരേ വേദിയിൽ; ഓട്ടൻതുള്ളലുമായി ശ്രീ മണലൂർ ഗോപിനാഥൻ
ഗ്ലാസ്ഗോ: ദക്ഷിണേഷ്യയുടെ സംഗീതവും നൃത്തവും പൈതൃകവും ഒരേ വേദിയിൽ സംഗമിക്കുന്ന സാൻ ടിവി സൗത്ത് ഏഷ്യൻ മ്യൂസിക് ആൻഡ് ഡാൻസ് ഫെസ്റ്റിവൽ 2026, ഓഗസ്റ്റ് 15 ശനിയാഴ്ച ഗ്ലാസ്ഗോയിലെ ഐബ്രോക്സിലുള്ള എഡ്മിസ്റ്റൺ ഹൗസിൽ നടക്കും.
ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ എന്നീ അഞ്ച് രാജ്യങ്ങളിലെ കലാ-സാംസ്‌കാരിക വൈവിധ്യത്തെ ഒരുമിപ്പിക്കുന്ന ഫെസ്റ്റിവലിൽ, വിവിധ ജനവിഭാഗങ്ങളുടെ പരമ്പരാഗതവും സമകാലികവുമായ കലാരൂപങ്ങൾ ആദ്യമായാണ് ഇത്തരത്തിൽ ഒരേ വേദിയിൽ അവതരിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. രാജ്യാതിർത്തികൾക്കപ്പുറം കലയുടെ ഭാഷയിൽ ദക്ഷിണേഷ്യൻ സമൂഹങ്ങളെ ബന്ധിപ്പിക്കുകയാണ് ഫെസ്റ്റിവലിന്റെ പ്രധാന ലക്ഷ്യം.
പകൽ കുടുംബസൗഹൃദ സാംസ്‌കാരികാഘോഷം
ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 5 വരെ കുടുംബങ്ങൾക്കായി ഒരുക്കുന്ന പകൽ പരിപാടിയിൽ ശാസ്ത്രീയ നൃത്തം, നാടോടിക്കല, സംഗീതം, സമകാലിക ഫ്യൂഷൻ എന്നിവ അരങ്ങേറും. കഥക്, ഒഡിസി, ഭരതനാട്യം, മോഹിനിയാട്ടം തുടങ്ങിയ ഇന്ത്യൻ ശാസ്ത്രീയ നൃത്തരൂപങ്ങൾക്കൊപ്പം നേപ്പാളീസ്, ശ്രീലങ്കൻ നൃത്തങ്ങളും സിന്ധി, നേപ്പാളീസ് ഗാനങ്ങളും വേദിയിലെത്തും.
പകൽ പരിപാടിയുടെ പ്രധാന ആകർഷണങ്ങളിലൊന്നായി കേരളത്തിന്റെ തനതുകലയായ ഓട്ടൻതുള്ളൽ, പ്രശസ്ത കലാകാരൻ ശ്രീ മണലൂർ ഗോപിനാഥൻ അവതരിപ്പിക്കും. കമ്യൂണിറ്റി സ്റ്റാളുകളും സാംസ്‌കാരിക ഇടപെടലുകളും കുടുംബസൗഹൃദ ആഘോഷത്തിന്റെ ഭാഗമാകും.
രാത്രി ആവേശകരമായ സംഗീതവിരുന്ന്
രാത്രി 7 മുതൽ അർധരാത്രിവരെ മുതിർന്നവർക്കായി ഒരുക്കുന്ന സംഗീതവിരുന്നിൽ ശ്രീലങ്കൻ ലൈവ് ബാൻഡ് വൈബ്രേഷൻ, റാപ് സംഗീതസംഘം ഹൊറൈസൺ, റോക്ക് ബാൻഡ് ബോളിവുഡ് ശൂന്യ, അന്താരാഷ്ട്ര പ്രശസ്തനായ അപ്പാച്ചെ ഇന്ത്യൻ എന്നിവർ വേദിയിലെത്തും.
ദക്ഷിണേഷ്യൻ സമൂഹങ്ങളുടെ കലാപാരമ്പര്യം പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനൊപ്പം സ്കോട്‌ലൻഡിലെ വിവിധ സമൂഹങ്ങൾക്കിടയിൽ സൗഹൃദവും സാംസ്‌കാരിക വിനിമയവും വളർത്താനുള്ള വേദിയായും ഫെസ്റ്റിവൽ മാറുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു. ക്ലാസിക്കൽ കലകളിൽനിന്ന് ആധുനിക സംഗീതത്തിലേക്കുള്ള ദക്ഷിണേഷ്യയുടെ സമ്പന്നമായ കലായാത്ര ഒരു ദിവസംകൊണ്ട് അനുഭവിക്കാനുള്ള അപൂർവ അവസരമാണ് ഗ്ലാസ്ഗോയിൽ ഒരുങ്ങുന്നത്.
ഫ്രാഞ്ചൈസ് കണക്ട് ഫെസ്റ്റിവലിന്റെ ഔദ്യോഗിക സ്പോൺസറും ഓപ്പൺഫോക്ക് സിഐസി (Openfolk CIC) കമ്യൂണിറ്റി സ്പോൺസറുമായിരിക്കും. പരിപാടിയിലെ തിരഞ്ഞെടുക്കപ്പെട്ട ദൃശ്യങ്ങൾ സാൻ ടിവിയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രേക്ഷകരിലെത്തിക്കും.
കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾക്കും സാൻ ടിവി ഫെസ്റ്റിവൽ വെബ്‌സൈറ്റ് സന്ദർശിക്കാം. ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ SAN20 എന്ന പ്രമോ കോഡ് ഉപയോഗിച്ച് 20 ശതമാനം ഇളവ് നേടാം.
English Summary: SAN TV South Asian Music and Dance Festival 2026 will be held in Glasgow on August 15, bringing together cultural performances from India, Pakistan, Bangladesh, Sri Lanka and Nepal.
