ഇംഗ്ലണ്ടിൽ പ്രായമായവരുടെ വീഴ്ചാ അപകടം തടയുന്നതിൽ ജിപിമാർ സമ്മർദ്ദത്തിൽ; നിലവിലെ സ്ഥിതി അംഗീകരിക്കാനാകില്ലെന്ന് എൻഎച്ച്എസ് മേധാവികൾ

Jun 3, 2026 - 19:08
 0
ഇംഗ്ലണ്ടിൽ പ്രായമായവരുടെ വീഴ്ചാ അപകടം തടയുന്നതിൽ ജിപിമാർ സമ്മർദ്ദത്തിൽ; നിലവിലെ സ്ഥിതി അംഗീകരിക്കാനാകില്ലെന്ന് എൻഎച്ച്എസ് മേധാവികൾ

ലണ്ടൻ : ഇംഗ്ലണ്ടിൽ വീഴ്ചാ അപകടസാധ്യതയുള്ള പ്രായമായവരെ സമയബന്ധിതമായി കണ്ടെത്തി സഹായിക്കുന്നതിൽ ജിപി സർവീസുകൾ കടുത്ത സമ്മർദ്ദത്തിലാണെന്ന് പാർലമെന്ററി സമിതിയുടെ റിപ്പോർട്ട്. രോഗികൾക്ക് ഓൺലൈൻ വഴി ജിപി സേവനങ്ങൾ കൂടുതൽ ലഭ്യമാക്കാനുള്ള സർക്കാർ നടപടികൾക്ക് പിന്നാലെ ജിപിമാരുടെ ജോലിഭാരം കുത്തനെ കൂടിയതായും, ഇതിന്റെ പ്രതികൂലഫലം പ്രായമായവരുടെ പരിചരണത്തിൽ പ്രകടമാകുന്നതായും ഹൗസ് ഓഫ് കോമൺസ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചൂണ്ടിക്കാട്ടി. നിലവിലെ സ്ഥിതി അംഗീകരിക്കാനാകാത്തതാണെന്ന് സമിതിക്ക് മുന്നിൽ തെളിവ് നൽകിയ എൻഎച്ച്എസ് മേധാവികളും സമ്മതിച്ചു.

65 വയസിന് മുകളിലുള്ളവരിൽ വീഴ്ചയാണ് പരിക്കിനെ തുടർന്ന് മരണത്തിന് കാരണമാകുന്ന പ്രധാന ഘടകങ്ങളിലൊന്നെന്ന് റിപ്പോർട്ട് പറയുന്നു. ഓരോ വർഷവും ആയിരക്കണക്കിന് ഹിപ് ഫ്രാക്ചറുകൾക്കും ആശുപത്രികളിലെ അധിക തിരക്കിനും ഇത് കാരണമാകുന്നു. യുകെയിൽ വീഴ്ചയുമായി ബന്ധപ്പെട്ട ചെലവ് ഏകദേശം 4.4 ബില്യൺ പൗണ്ടായി കണക്കാക്കപ്പെടുന്നു. കരാർ വ്യവസ്ഥകൾ പ്രകാരം മിതമായോ ഗുരുതരമായോ ദുർബലതയുള്ള 65 വയസിനു മുകളിലുള്ളവരെ തിരിച്ചറിഞ്ഞ് വിലയിരുത്തുകയും പിന്തുണ നൽകുകയും ചെയ്യേണ്ടത് ജിപിമാരുടെ ഉത്തരവാദിത്വമാണെങ്കിലും, 2024/25 കാലയളവിൽ അത്തരം രോഗികളിൽ 17 ശതമാനം പേരെ മാത്രമാണ് വിലയിരുത്താനായത്.

അതേ വർഷം ഗുരുതര ദുർബലതയുള്ളതായി കണ്ടെത്തിയ 2,26,000 പേരിൽ 18 ശതമാനം പേർക്കു മാത്രമാണ് വീഴ്ചാ അപകടസാധ്യത പരിശോധിച്ചത്. മരുന്നുകളുടെ അവലോകനം നടത്തിയതും 16 ശതമാനം പേരിൽ മാത്രമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ജിപിമാർക്ക് പരിമിതമായ ശേഷിയേ ഉള്ളൂവെങ്കിലും എൻഎച്ച്എസ് ഇംഗ്ലണ്ട് പുതിയതും വ്യാപകവുമായ മുൻഗണനകൾ അവരുടെ മേൽ ചുമത്തിയതാണ് പ്രശ്നം രൂക്ഷമാക്കിയതെന്ന് എംപിമാർ വിമർശിച്ചു. ചില പ്രദേശങ്ങളിൽ 65 വയസിനു മുകളിലുള്ളവരുടെ വിലയിരുത്തൽ 10 ശതമാനത്തിൽ താഴെയായപ്പോൾ, ചില പ്രദേശങ്ങളിൽ ഇത് 90 ശതമാനത്തോളം എത്തിയതായും, നിലവിലുള്ള വിഭവങ്ങൾ കൊണ്ടുതന്നെ മികച്ച പ്രവർത്തനം സാധ്യമാണെന്നും സമിതി ചൂണ്ടിക്കാട്ടി. മരുന്നുകളുടെ ഉപയോഗം വീഴ്ചാ അപകടസാധ്യത വർധിപ്പിക്കാമെന്നതിനാൽ, ഭാവിയിൽ ഫാർമസിസ്റ്റുകൾ പോലുള്ള മറ്റ് ആരോഗ്യപ്രവർത്തകരെ ഈ മേഖലയിലേക്ക് ഉൾപ്പെടുത്താനുള്ള സാധ്യതയും എൻഎച്ച്എസ് ഇംഗ്ലണ്ട് പരിശോധിക്കുന്നുണ്ട്.

English summary: MPs say overloaded GPs in England are failing to properly support older people at risk of falls.

ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.