രോഗികളുടെ വിവരങ്ങൾ കൈകാര്യം ചെയ്യുന്ന പലാന്റിർ സംവിധാനം വേണ്ടെന്ന് നിരവധി എൻഎച്ച്എസ് സ്ഥാപനങ്ങൾ
പലാന്റിറിന്റെ ഫെഡറേറ്റഡ് ഡേറ്റ പ്ലാറ്റ്ഫോം നിലവിലെ സംവിധാനങ്ങളെക്കാൾ മെച്ചമല്ലെന്ന് ചില എൻഎച്ച്എസ് സ്ഥാപനങ്ങൾ; മറ്റു ട്രസ്റ്റുകൾ നേട്ടം റിപ്പോർട്ട് ചെയ്തതായി എൻഎച്ച്എസ് ഇംഗ്ലണ്ട്.
ലണ്ടൻ : രോഗികളുടെ വിവരങ്ങൾ ഏകോപിപ്പിക്കാനും ചികിത്സയ്ക്കുള്ള കാത്തിരിപ്പുപട്ടികയും ശസ്ത്രക്രിയകളും ക്രമീകരിക്കാനും കൊണ്ടുവന്ന പുതിയ കമ്പ്യൂട്ടർ സംവിധാനം ഉപയോഗിക്കാതെ ഇംഗ്ലണ്ടിലെ നിരവധി എൻഎച്ച്എസ് സ്ഥാപനങ്ങൾ. അമേരിക്കൻ കമ്പനിയായ പലാന്റിർ പ്രവർത്തിപ്പിക്കുന്ന ‘ഫെഡറേറ്റഡ് ഡേറ്റ പ്ലാറ്റ്ഫോം’ എന്ന സംവിധാനത്തിനെതിരെയാണ് വിമർശനം. ഇതിനായി ഏഴുവർഷത്തേക്ക് 33 കോടി പൗണ്ടിന്റെ കരാറാണ് നൽകിയിരിക്കുന്നത്. എന്നാൽ, ഇപ്പോൾ ഉപയോഗിക്കുന്ന സംവിധാനങ്ങളെക്കാൾ കാര്യമായ മെച്ചമില്ലെന്നാണ് ചില ആശുപത്രി അധികൃതരുടെ നിലപാട്. വിവരാവകാശ മറുപടികളിൽ 16 എൻഎച്ച്എസ് ട്രസ്റ്റുകളും ആരോഗ്യബോർഡുകളും പുതിയ സംവിധാനം ഉപയോഗിക്കുന്നില്ലെന്ന് അറിയിച്ചു. ചില സ്ഥാപനങ്ങൾ പരീക്ഷിച്ചുനോക്കിയശേഷം പഴയ സംവിധാനത്തിലേക്ക് മടങ്ങുകയും ചെയ്തു.
കരാർ ഇടയ്ക്കുവെച്ച് അവസാനിപ്പിക്കാനുള്ള വ്യവസ്ഥ സർക്കാർ ഉപയോഗിക്കണമോയെന്ന ചർച്ചയ്ക്കിടെയാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. രോഗികളുടെ സ്വകാര്യവിവരങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പലാന്റിറിന്റെ പങ്കിനെക്കുറിച്ചും ആശങ്കയുണ്ട്. തങ്ങളുടെ ആരോഗ്യവിവരങ്ങൾ ഈ സംവിധാനത്തിൽ പങ്കിടുന്നതിനോ സൂക്ഷിക്കുന്നതിനോ ഉപയോഗിക്കുന്നതിനോ എതിരെ 44,000ത്തിലധികം പേർ നിയമപരമായ എതിർപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. കമ്പനിക്ക് ഇസ്രയേൽ സൈന്യവുമായും അമേരിക്കയിലെ ആഭ്യന്തര സുരക്ഷാ സംവിധാനങ്ങളുമായുമുള്ള കരാറുകളും പ്രതിഷേധങ്ങൾക്ക് കാരണമാണ്. രണ്ട് പാർലമെന്ററി സമിതികൾ പലാന്റിറുമായുള്ള കരാർ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. തീരുമാനമെടുക്കുമ്പോൾ രോഗികളുടെ വിശ്വാസത്തിന് പ്രാധാന്യം നൽകണമെന്ന് ആരോഗ്യവിവരങ്ങളുടെ ഉപയോഗം നിരീക്ഷിക്കുന്ന നാഷനൽ ഡേറ്റ ഗാർഡിയനും സർക്കാരിനോട് നിർദേശിച്ചു.
അതേസമയം, എല്ലാ ആശുപത്രികളുടെയും ആവശ്യങ്ങൾ ഒരുപോലെയല്ലെന്നും നിരവധി സ്ഥാപനങ്ങൾക്ക് സംവിധാനം പ്രയോജനപ്പെടുന്നുണ്ടെന്നും പലാന്റിർ പ്രതികരിച്ചു. പ്ലാറ്റ്ഫോമിലെ വിവിധ സൗകര്യങ്ങൾ ഉപയോഗിച്ചതിലൂടെ നേട്ടമുണ്ടായതായി 137 ട്രസ്റ്റുകൾ അറിയിച്ചിട്ടുണ്ടെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ടും വ്യക്തമാക്കി. സംവിധാനം ഉപയോഗിക്കുന്ന ആശുപത്രികളിൽ കൂടുതൽ ശസ്ത്രക്രിയകൾ നടത്താനും രോഗികളെ ഡിസ്ചാർജ് ചെയ്യുന്നതിലെ കാലതാമസം കുറയ്ക്കാനും കഴിഞ്ഞെന്ന കണക്കുകളും കമ്പനി ചൂണ്ടിക്കാട്ടി. എന്നാൽ, ഈ മെച്ചങ്ങൾ പുതിയ സംവിധാനം കൊണ്ടുമാത്രം ഉണ്ടായതാണെന്ന് ഉറപ്പിക്കാൻ കഴിയില്ലെന്നാണ് എൻഎച്ച്എസ് ഇംഗ്ലണ്ടിന്റെ വിശദീകരണം. മറ്റു മാറ്റങ്ങളും ഇതിന് കാരണമായിരിക്കാമെന്നതിനാൽ കണക്കുകൾ മാത്രം അടിസ്ഥാനമാക്കി സംവിധാനത്തിന്റെ വിജയം വിലയിരുത്താനാകില്ല.
English Summary: Several NHS organisations say Palantir’s patient data system offers little improvement over existing software, while others report benefits.
