ബ്രിട്ടീഷ് തെരഞ്ഞെടുപ്പ് പരിഷ്കരണ നീക്കം വേഗത്തിലാക്കാൻ ആൻഡി ബേൺഹാം; വിവാദം ശക്തം
UK Prime Minister Andy Burnham faces scrutiny over attempts to fast-track sweeping electoral reforms that would scrap mandatory photo ID for voting and lower the voting age amid speculation of an early general election.
ലണ്ടൻ : ബ്രിട്ടനിലെ തെരഞ്ഞെടുപ്പ് ചട്ടങ്ങളിൽ നിർണായക മാറ്റങ്ങൾ വരുത്തുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാനുള്ള പ്രധാനമന്ത്രി ആൻഡി ബേൺഹാമിന്റെ നീക്കങ്ങൾക്കെതിരെ രാഷ്ട്രീയ വൃത്തങ്ങളിൽ ചോദ്യങ്ങളും വിമർശനങ്ങളും ശക്തമാകുന്നു. വോട്ടുചെയ്യാൻ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കിയത് ഒഴിവാക്കുക, വോട്ടിങ് പ്രായപരിധി 16 ആയി കുറയ്ക്കുക, രാഷ്ട്രീയ പാർട്ടികൾക്കുള്ള സംഭാവനകളിൽ നിയന്ത്രണം കർശനമാക്കുക തുടങ്ങിയ ഭേദഗതികളാണ് പുതിയ ബില്ലിലുള്ളത്. ജനപ്രതിനിധി ബില്ലിന്മേൽ ഹൗസ് ഓഫ് ലോർഡ്സിൽ നടക്കേണ്ട പരിശോധനാ സമയം പത്തു ദിവസത്തിൽ നിന്ന് അഞ്ചിൽ താഴെയായി വെട്ടിച്ചുരുക്കാൻ സർക്കാർ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് വിവാദം ഉയർന്നത്.
2022-ൽ കൺസർവേറ്റീവ് സർക്കാർ കൊണ്ടുവന്ന കർശനമായ ഫോട്ടോ ഐഡി നിബന്ധനകൾ ലഘൂകരിക്കുന്നതിലൂടെ, ഫോട്ടോയില്ലാത്ത ബാങ്ക് കാർഡുകൾ ഉപയോഗിച്ചും സമ്മതിദാനാവകാശം വിനിയോഗിക്കാൻ വോട്ടർമാർക്ക് അനുമതി നൽകാനാണ് പുതിയ നീക്കം. ഫോട്ടോ ഐഡി നിയമം ദരിദ്രരെയും യുവാക്കളെയും ന്യൂനപക്ഷങ്ങളെയും തെരഞ്ഞെടുപ്പിൽ നിന്ന് അകറ്റിനിർത്തുന്നുവെന്ന കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് ഈ ഇളവ് നിർദേശിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ, ബാങ്ക് കാർഡുകൾ മാത്രം പരിശോധിച്ച് വോട്ടർമാരെ തിരിച്ചറിയുന്നത് പോളിങ് ഉദ്യോഗസ്ഥർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ഇലക്ടറൽ കമ്മീഷൻ മുന്നറിയിപ്പ് നൽകുമ്പോൾ, കൃത്യമായ ചർച്ചകളില്ലാതെ ബിൽ പാസാക്കാൻ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷവും ആരോപിക്കുന്നു.
വിദേശ ഇടപെടലുകൾ തടയുന്നതിനായി രാഷ്ട്രീയ സംഭാവനകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന വ്യവസ്ഥകളും ഈ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പുകളിലെ വിജയങ്ങൾക്ക് പിന്നാലെ, ബേൺഹാം സർക്കാർ നേരത്തെ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണെന്ന അഭ്യൂഹങ്ങൾ ശക്തമായ പശ്ചാത്തലത്തിലാണ് ഈ പരിഷ്കരണങ്ങൾ വേഗത്തിൽ നടപ്പാക്കാൻ ശ്രമിക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. എന്നാൽ പാർലമെന്ററി ചട്ടങ്ങൾ പാലിച്ചാണ് ബിൽ മുന്നോട്ട് പോകുന്നതെന്നും തെരഞ്ഞെടുപ്പ് മുൻകൂട്ടി നടത്താൻ പദ്ധതിയില്ലെന്നും സർക്കാർ വക്താവ് വ്യക്തമാക്കി.
