റിയാദ് വിമാനത്താവളത്തിൽ ഹൂതി മിസൈൽ ആക്രമണം: 12 മരണം, 309 പേർക്ക് പരിക്ക്; യെമനിൽ തിരിച്ചടിച്ച് സൗദി സഖ്യം
A Houthi missile attack on Riyadh’s King Khalid International Airport killed 12 people—including a US citizen—and injured 309, prompting retaliatory strikes on Sana'a and mounting pressure on Donald Trump.
ലണ്ടൻ : സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ യെമനിലെ ഹൂതി വിമതർ നടത്തിയ മിസൈൽ ആക്രമണത്തിൽ ഒരു യു.എസ് പൗരൻ ഉൾപ്പെടെ 12 പേർ കൊല്ലപ്പെടുകയും 309 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ നാല് സൗദി പൗരന്മാർ, രണ്ട് ബംഗ്ലാദേശ് സ്വദേശികൾ, ഈജിപ്ഷ്യൻ വിമാന ജീവനക്കാരി, സിറിയൻ വനിത എന്നിവരും പലസ്തീൻ, ജോർദാൻ, സുഡാൻ പൗരന്മാരും ഉൾപ്പെടുന്നു. യാതൊരു സൈനിക സൗകര്യങ്ങളുമില്ലാത്ത സിവിലിയൻ വിമാനത്താവളത്തിന് നേരെയുണ്ടായ ഈ ആക്രമണത്തെ യു.എന്നും വിവിധ ലോകരാജ്യങ്ങളും ശക്തമായി അപലപിച്ചു.
ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് സൗദി പിന്തുണയുള്ള സഖ്യസേന പ്രഖ്യാപിച്ചതിന് പിന്നാലെ, ഹൂതികളുടെ നിയന്ത്രണത്തിലുള്ള യെമൻ തലസ്ഥാനമായ സനയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ സൗദി വ്യോമാക്രമണം നടത്തിയതായി ഹൂതി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൗദി വ്യോമാതിർത്തി ലക്ഷ്യമിട്ട് ഇനിയും ആക്രമണങ്ങൾ തുടരുമെന്ന് ഹൂതികൾ മുന്നറിയിപ്പ് നൽകിയതോടെ മേഖലയിലെ സംഘർഷം അതിരൂക്ഷമായിരിക്കുകയാണ്. മുൻകരുതലിന്റെ ഭാഗമായി റിയാദിലെ സ്കൂളുകളിലും സർവകലാശാലകളിലും പഠനം ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റിയിട്ടുണ്ട്.
അമേരിക്കൻ പൗരൻ ഉൾപ്പെടെ കൊല്ലപ്പെട്ട സാഹചര്യത്തിൽ, സൗദിക്ക് സൈനിക സഹായം നൽകുന്നതിൽ ഇതുവരെ വിമുഖത കാട്ടിയിരുന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനുമേൽ ശക്തമായ അന്താരാഷ്ട്ര സമ്മർദമാണ് ഉയരുന്നത്. ഹൂതികൾക്കെതിരെ സഖ്യകക്ഷിയായ സൗദിയെ സഹായിക്കേണ്ടിവരുന്നത് മിഡ്-ടേം തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ട്രംപ് രൂപീകരിച്ച വിദേശനയ തന്ത്രങ്ങളെയും വലിയ തോതിൽ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
