യുകെയിൽ ചൂട് കനക്കുന്നു; അടുത്ത ആഴ്ചയും 35 ഡിഗ്രിവരെ താപനില തുടരുമെന്ന് മുന്നറിയിപ്പ്
യുകെയിലെ മൂന്നാമത്തെ ഹീറ്റ് വേവ് അടുത്ത ആഴ്ചയും തുടരുമെന്നും ചില ഭാഗങ്ങളിൽ താപനില 35 ഡിഗ്രിവരെ ഉയരുമെന്നും മുന്നറിയിപ്പ്.
ലണ്ടൻ : യുകെയിൽ ഈ വർഷത്തെ മൂന്നാമത്തെ ഹീറ്റ് വേവ് അടുത്ത ആഴ്ചയും തുടരുമെന്ന് കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു. വെള്ളിയാഴ്ച രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ താപനില 35 ഡിഗ്രി സെൽഷ്യസിലെത്താൻ സാധ്യതയുണ്ട്. വ്യാഴാഴ്ച സർറിയിലെ വിസ്ലിയിൽ 35.5 ഡിഗ്രി രേഖപ്പെടുത്തി. ഇതോടെ 2026ൽ 34 ഡിഗ്രിയോ അതിലധികമോ താപനില രേഖപ്പെടുത്തിയ ദിവസങ്ങളുടെ എണ്ണം എട്ടായി ഉയർന്നു. 1976ലും 2020ലും രേഖപ്പെടുത്തിയിരുന്ന ഏഴ് ദിവസങ്ങളുടെ മുൻ റെക്കോർഡാണ് ഇതോടെ മറികടന്നത്.
തെക്കൻ ഇംഗ്ലണ്ടിലെ ഹീത്രോ, ബെർക്ക്ഷയർ, സർറി, ഐൽ ഓഫ് വൈറ്റ്, നോർത്ത്ഹോൾട്ട് എന്നിവിടങ്ങളിൽ രാത്രിയിലും താപനില 20 ഡിഗ്രിക്ക് മുകളിൽ തുടരുന്ന ‘ട്രോപ്പിക്കൽ നൈറ്റ്’ അനുഭവപ്പെട്ടു. ബെർക്ക്ഷയർ, വിൽറ്റ്ഷയർ, ഹാംപ്‍ഷയർ, ഓക്‌സ്ഫോർഡ്ഷയർ, കിഴക്കൻ വെയിൽസ് എന്നിവിടങ്ങളിൽ 34 മുതൽ 35 ഡിഗ്രിവരെ ചൂട് ഉയരുമെന്നാണ് മുന്നറിയിപ്പ്. വടക്കുകിഴക്കൻ കാറ്റ് വീശുന്നതോടെ ചില കിഴക്കൻ പ്രദേശങ്ങളിൽ നേരിയ ആശ്വാസം ലഭിച്ചേക്കുമെങ്കിലും തെക്കൻ മേഖലകളിൽ ചൂട് തുടരും.
ഇംഗ്ലണ്ടിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ഞായറാഴ്ച രാത്രി ഒമ്പത് മണിവരെ യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ ആംബർ, യെല്ലോ ഹീറ്റ് ഹെൽത്ത് അലർട്ടുകൾ നിലവിലുണ്ട്. 65 വയസ്സിന് മുകളിലുള്ളവർ, ചെറിയ കുട്ടികൾ, ആരോഗ്യപ്രശ്നങ്ങളുള്ളവർ എന്നിവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ചൂടിനൊപ്പം പൂമ്പൊടിയുടെ അളവും ഉയരുന്നതിനാൽ ഹേ ഫീവർ അലർജി ഉള്ളവർക്കും കൂടുതൽ ബുദ്ധിമുട്ട് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
English Summary: The UK is expected to remain in a prolonged heatwave with temperatures reaching up to 35°C into next week.
