വിമാനത്തിനുള്ളിൽ മോശമായി പെരുമാറുന്നവർക്കെതിരെ കടുത്ത നടപടികൾക്കൊരുങ്ങി ഇന്ത്യൻ വ്യോമയാന അധികൃതർ

Jun 4, 2026 - 13:00
 0
വിമാനത്തിനുള്ളിൽ  മോശമായി പെരുമാറുന്നവർക്കെതിരെ കടുത്ത നടപടികൾക്കൊരുങ്ങി ഇന്ത്യൻ വ്യോമയാന അധികൃതർ

വിമാനത്തിനുള്ളിൽ മദ്യലഹരിയിൽ സഹയാത്രക്കാരോടും ക്യാബിൻ ക്രൂവിനോടും മോശമായി പെരുമാറുന്നവർക്കെതിരെ കടുത്ത നടപടികൾക്കൊരുങ്ങി വ്യോമയാന അധികൃതർ. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ഇത്തരക്കാരെ ‘നോ ഫ്ലൈ ലിസ്റ്റിൽ’ ഉൾപ്പെടുത്തി വിമാനയാത്രയിൽ നിന്ന് വിലക്കാനാണ് തീരുമാനം. ഇന്ത്യൻ വിമാനക്കമ്പനികളുടെ ആഭ്യന്തര, രാജ്യാന്തര സർവീസുകളിലും ഇന്ത്യയിലേക്കും ഇന്ത്യയിൽ നിന്നുമുള്ള യാത്രകളിലും ഈ ചട്ടങ്ങൾ ബാധകമാകും. വിമാനത്തിനുള്ളിലെ അച്ചടക്കലംഘനങ്ങൾ ഇനി ചെറിയ പ്രശ്നമായി കാണാതെ, സുരക്ഷാ ഭീഷണിയായി പരിഗണിച്ചായിരിക്കും നടപടി.

യാത്രക്കാരുടെ മോശം പെരുമാറ്റങ്ങൾ കുറ്റത്തിന്റെ ഗൗരവം അനുസരിച്ച് വിവിധ വിഭാഗങ്ങളായാണ് കണക്കാക്കുക. ചീത്തവിളി, ഭീഷണിപ്പെടുത്തൽ, അപമാനകരമായ പെരുമാറ്റം, മദ്യലഹരിയിൽ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കൽ തുടങ്ങിയവയ്ക്ക് മൂന്ന് മാസം വരെ യാത്രാവിലക്ക് ലഭിക്കാം. തള്ളുക, അടിക്കുക, ലൈംഗികമായി അധിക്ഷേപിക്കുക, ക്യാബിൻ ക്രൂവിന്റെ ജോലി തടസ്സപ്പെടുത്തുക തുടങ്ങിയ ഗുരുതര സംഭവങ്ങൾക്ക് ആറ് മാസം വരെ വിലക്ക് ഏർപ്പെടുത്താം. കോക്ക്പിറ്റിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിക്കൽ, സുരക്ഷാ ഉപകരണങ്ങൾ കേടുവരുത്തൽ, ജീവനക്കാരെയോ സഹയാത്രക്കാരെയോ ഗുരുതരമായി ആക്രമിക്കൽ തുടങ്ങിയ അതീവ ഗുരുതര കുറ്റങ്ങൾക്ക് രണ്ട് വർഷം മുതൽ ആജീവനാന്തം വരെ വിമാനയാത്രയിൽ നിന്ന് വിലക്കാൻ വ്യവസ്ഥയുണ്ട്.

വിമാനത്തിനുള്ളിൽ പ്രശ്നമുണ്ടായാൽ പൈലറ്റ്-ഇൻ-കമാൻഡിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിമാനക്കമ്പനിയുടെ ആഭ്യന്തര സമിതി അന്വേഷണം നടത്തും. അന്വേഷണം പൂർത്തിയാകുന്നതുവരെ താൽക്കാലിക വിലക്കും ഏർപ്പെടുത്താം. മദ്യലഹരിയിലോ നിയന്ത്രണം വിട്ട നിലയിലോ യാത്രക്കാരൻ വിമാനത്തിൽ കയറാൻ ശ്രമിക്കുന്നതായി കണ്ടെത്തിയാൽ ബോർഡിംഗ് ഘട്ടത്തിൽ തന്നെ തടയാനും അധികാരമുണ്ടാകും. യാത്രക്കാരൻ പരിധി വിടുന്നതായി തോന്നിയാൽ മദ്യം നൽകുന്നത് നിഷേധിക്കാൻ ക്യാബിൻ ക്രൂവിനും അധികാരമുണ്ടാകും. അടുത്തിടെ വിമാനങ്ങളിൽ സഹയാത്രക്കാരെ അപമാനിക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്ത സംഭവങ്ങൾ വർധിച്ച സാഹചര്യത്തിലാണ് സുരക്ഷാ നടപടികൾ കൂടുതൽ കർശനമാക്കുന്നത്.

Webadmin UK Malayali News editorial team brings the latest UK news, immigration updates, community stories and important information for Malayali readers in the United Kingdom.
ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.