എൻഎച്ച്എസ് ജീവനക്കാർക്ക് രാഷ്ട്രീയ ബാഡ്ജുകൾക്ക് വിലക്ക് വരുമോ? പലസ്തീൻ അനുകൂല ചിഹ്നങ്ങൾ ഉൾപ്പെടെ നിരോധിക്കാൻ ശുപാർശ
ലണ്ടൻ : എൻഎച്ച്എസ് ജീവനക്കാർ യൂണിഫോമിൽ പലസ്തീൻ അനുകൂല ബാഡ്ജുകൾ ഉൾപ്പെടെയുള്ള രാഷ്ട്രീയ ചിഹ്നങ്ങൾ ധരിക്കുന്നത് നിരോധിക്കണമെന്ന് ശുപാർശ. എൻഎച്ച്എസിനുള്ളിലെ യഹൂദവിരുദ്ധതയും മറ്റു വംശീയ വിവേചനങ്ങളും പരിശോധിച്ച സർക്കാരിന്റെ സ്വതന്ത്ര ഉപദേഷ്ടാവ് ലോർഡ് മാൻ തയ്യാറാക്കിയ റിപ്പോർട്ടിലാണ് നിർദേശം. രോഗികൾക്കും ജീവനക്കാർക്കും സുരക്ഷിതവും വിശ്വാസയോഗ്യവുമായ ആരോഗ്യപരിചരണ അന്തരീക്ഷം ഉറപ്പാക്കുന്നതിനായാണ് പുതിയ നടപടികൾ ശുപാർശ ചെയ്തിരിക്കുന്നത്. യഹൂദരായ ചില രോഗികളും എൻഎച്ച്എസ് ജീവനക്കാരും തങ്ങളുടെ മതപരമായ തിരിച്ചറിയൽ മറച്ചുവയ്ക്കേണ്ടിവന്നതായി റിപ്പോർട്ടിൽ പറയുന്നു.
ആരോഗ്യപ്രവർത്തകർ സ്വന്തം രാഷ്ട്രീയ നിലപാടുകൾ ജോലിസ്ഥലത്തേക്ക് കൊണ്ടുവരുന്നത് ശരിയല്ലെന്ന് ലോർഡ് മാൻ വ്യക്തമാക്കി. ‘ഐ സപ്പോർട്ട് പലസ്തീൻ’ എന്ന ബാഡ്ജോ ‘ഐ സപ്പോർട്ട് ഇസ്രയേൽ’ എന്ന ബാഡ്ജോ ഒരുപോലെ ചിലർക്കു ആശങ്ക സൃഷ്ടിക്കാമെന്നും, അതിനാൽ ഇത്തരം ചിഹ്നങ്ങൾ ധരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കൽ സ്റ്റാഫിന്റെ രാഷ്ട്രീയ ചിഹ്നങ്ങൾ കാരണം രോഗികൾക്ക് ഭയം തോന്നുന്ന സാഹചര്യം ആരോഗ്യഫലങ്ങളെയും ബാധിക്കാമെന്നാണ് റിപ്പോർട്ടിലെ മുന്നറിയിപ്പ്. ചില പ്രതിഷേധങ്ങളിൽ എൻഎച്ച്എസ് ജീവനക്കാർ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന നിർദേശവും റിപ്പോർട്ടിൽ ഉൾപ്പെടുമെന്ന് സൂചനയുണ്ട്.
റിപ്പോർട്ടിലെ ശുപാർശകൾ പൂർണമായി അംഗീകരിക്കുമെന്ന് ആരോഗ്യ സെക്രട്ടറി ജെയിംസ് മറി അറിയിച്ചു. എൻഎച്ച്എസ് ഇംഗ്ലണ്ടും ശുപാർശകൾ നടപ്പിലാക്കാൻ വേഗത്തിൽ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി. യഹൂദരായ ജീവനക്കാർക്കു നേരെ ഒറ്റപ്പെടുത്തലും വിവേചനവും ഉണ്ടായതായി റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്. ചില രോഗികൾ യഹൂദവിരുദ്ധ സമീപനം നേരിടുമെന്ന ഭയത്തെ തുടർന്ന് ചികിത്സ തേടാൻ പോലും മടിക്കുന്നതായി ലോർഡ് മാൻ പറഞ്ഞു. അതേസമയം, ചില എൻഎച്ച്എസ് ട്രസ്റ്റുകൾ ഇതിനകം തന്നെ രാഷ്ട്രീയമായി കാണപ്പെടാവുന്ന ചിഹ്നങ്ങൾ ധരിക്കുന്നത് വിലക്കിയിട്ടുണ്ട്. എന്നാൽ ലണ്ടനിലെ ബാർട്സ് ഹെൽത്ത് എൻഎച്ച്എസ് ട്രസ്റ്റിന്റെ ഡ്രസ് കോഡ് നയത്തിനെതിരെ ചില ഡോക്ടർമാരും നഴ്സും നിയമനടപടിയുമായി രംഗത്തെത്തിയിട്ടുണ്ട്.
