യുകെയിൽ ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തിയ കേസിൽ യുവാവിനായി അന്താരാഷ്ട്ര തലത്തിൽ അന്വേഷണം ഊർജ്ജിതമാക്കി

ബെഡ്ഫോർഡിലെ ഗ്രേറ്റ് ഡെൻഹാമിൽ ഭാര്യയെയും രണ്ട് പെൺമക്കളെയും മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ പ്രതിയെന്ന് സംശയിക്കുന്ന യുവാവിനായി പോലീസ് അന്താരാഷ്ട്ര തലത്തിൽ അന്വേഷണം ശക്തമാക്കി.

Jul 9, 2026 - 11:12
Jul 9, 2026 - 11:13
 0
യുകെയിൽ ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തിയ കേസിൽ യുവാവിനായി അന്താരാഷ്ട്ര തലത്തിൽ അന്വേഷണം ഊർജ്ജിതമാക്കി
CCTV image of Ndodana Mkhanyisi Tshuma released by Bedfordshire Police. Image Credit: Bedfordshire Police / beds.police.uk

ലണ്ടൻ : ബെഡ്ഫോർഡിലെ ഗ്രേറ്റ് ഡെൻഹാമിൽ ഒരു വീട്ടിനുള്ളിൽ സ്ത്രീയെയും രണ്ട് പെൺമക്കളെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സംശയിക്കുന്ന യുവാവിനായി പോലീസ് പൊതുജനങ്ങളുടെ സഹായം തേടി. ബെഡ്ഫോർഡ് സ്വദേശിയും മാർക്ക് എന്ന പേരിലും അറിയപ്പെടുന്ന 45 വയസ്സുകാരൻ എൻഡോഡാന മ്ഖാന്യിസി ഷുമയുടെ സിസിടിവി ചിത്രം പുറത്തുവിട്ടാണ് ബെഡ്ഫോർഡ്ഷയർ പോലീസ് അന്വേഷണം ശക്തമാക്കിയത്. ബ്രിട്ടീഷ് പൗരത്വമുള്ള സിംബാബ്‌വെ വംശജനായ ഇയാൾ ജൂലൈ 4 ശനിയാഴ്ച ലണ്ടൻ ഹീത്രോ വിമാനത്താവളം വഴി ബ്രിട്ടീഷ് പാസ്‌പോർട്ട് ഉപയോഗിച്ച് രാജ്യം വിട്ടതായാണ് പോലീസ് നൽകുന്ന വിവരം.

ഗ്രേറ്റ് ഡെൻഹാമിലെ ഒരു വസതിയിൽ നിന്ന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് മൂന്ന് മൃതദേഹങ്ങളും കണ്ടെത്തിയത്. ഔദ്യോഗിക തിരിച്ചറിയൽ നടപടികൾ പൂർത്തിയായിട്ടില്ലെങ്കിലും മരിച്ചവർ പ്രതിയുടെ ഭാര്യയായ നോതാബോ സാൻഡിലെ ഷുമ, 42, മക്കളായ നതാലി, 15, നല, 5, എന്നിവരാണെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ഇവരെ കുറച്ചു ദിവസങ്ങളായി പുറത്തുകാണാത്തതിനെ തുടർന്ന് പോലീസ് വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് ദാരുണമായ സംഭവം പുറത്തറിയുന്നത്.

പ്രതി നിലവിൽ സിംബാബ്‌വെയിലേക്ക് കടന്നതായാണ് പോലീസിന്റെ നിഗമനം. പ്രതിയെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനായി ദേശീയ, അന്തർദേശീയ ഏജൻസികളുമായി ചേർന്ന് വിപുലമായ അന്വേഷണം പുരോഗമിക്കുന്നതെന്ന് ഡിറ്റക്ടീവ് ഇൻസ്പെക്ടർ ലീ മാർട്ടിൻ അറിയിച്ചു. ശനിയാഴ്ചയ്ക്ക് മുമ്പുള്ള ദിവസങ്ങളിൽ ഈ പ്രദേശത്ത് സംശയാസ്പദമായ രീതിയിൽ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടവർ 101 എന്ന നമ്പറിലോ മേജർ ഇൻസിഡന്റ് പബ്ലിക് പോർട്ടൽ വഴിയോ വിവരങ്ങൾ കൈമാറണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.

UK police are conducting an international manhunt for Ndodana Mkhanyisi Tshuma after his wife and two young daughters were found dead inside their home in Great Denham.

സ്വന്തം ലേഖകൻ Official reporter profile for UK Malayali News, publishing news and updates relevant to the UK Malayali and Indian community.
ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.