അനധികൃതമായി യുകെയിലെത്തിയതിന് 1,100ലേറെ പേർ ശിക്ഷിക്കപ്പെട്ടു; പീഡന-മനുഷ്യക്കടത്ത് ഇരകളും പട്ടികയിൽ
2022 മുതൽ അനധികൃത പ്രവേശനക്കുറ്റം ചുമത്തി 1,100ലേറെ പേരെ ശിക്ഷിച്ചതിൽ മനുഷ്യക്കടത്ത് ഇരകളും പ്രായവിവാദമുള്ള കുട്ടികളും ഉൾപ്പെട്ടതായി രേഖകൾ.
ലണ്ടൻ : ചെറുബോട്ടുകളിലൂടെയും ലോറികളിലൂടെയും അനധികൃത മാർഗത്തിൽ യുകെയിലെത്തിയതിന് 2022 മുതൽ 1,100ലേറെ പേർ ശിക്ഷിക്കപ്പെട്ടതായി വിവരാവകാശ രേഖകൾ വെളിപ്പെടുത്തുന്നു. 2022 ജൂലൈ മുതൽ 2026 ജനുവരി വരെ 1,109 പേരെയാണ് ‘അനധികൃത പ്രവേശനം’ എന്ന കുറ്റം ചുമത്തി പ്രോസിക്യൂട്ട് ചെയ്തത്. ഇവരിൽ 628 പേർ ചെറുബോട്ടുകളിലാണ് എത്തിയതെന്നും, 296 പേർ ഡിങ്കി ബോട്ടുകൾ ഓടിക്കുന്നതായി നിരീക്ഷണ ഡ്രോൺ ദൃശ്യങ്ങളിൽ കണ്ടെത്തിയതായും കണക്കുകൾ പറയുന്നു.
എന്നാൽ ശിക്ഷിക്കപ്പെട്ടവരിൽ പീഡനത്തിന്റെയും മനുഷ്യക്കടത്തിന്റെയും ഇരകളും പ്രായം സംബന്ധിച്ച് തർക്കമുണ്ടായിരുന്ന കുറഞ്ഞത് 30 കുട്ടികളും ഉൾപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. ഇവരിൽ 19 പേർ പ്രായപൂർത്തിയായവർക്കുള്ള ജയിലുകളിൽ കഴിയേണ്ടിവന്നു. ദക്ഷിണ സുഡാനിൽ നിന്നുള്ള ഒരാളെ തോക്കുചൂണ്ടി ചെറുബോട്ട് ഓടിക്കാൻ നിർബന്ധിച്ച സംഭവത്തിൽ ഹോം ഓഫീസ് പിന്നീട് നിയമപരമായ വെല്ലുവിളി തീർപ്പാക്കിയതും മനുഷ്യക്കടത്ത് ഇരകൾക്ക് കൂടുതൽ സംരക്ഷണം ഉറപ്പാക്കാമെന്ന് സമ്മതിച്ചതും രേഖകളിൽ ചൂണ്ടിക്കാട്ടുന്നു.
അഭയം തേടുന്നവർ യാത്രാമാർഗത്തിന്റെ പേരിൽ ശിക്ഷിക്കപ്പെടരുതെന്നാണ് അഭയാർഥി കൺവെൻഷന്റെ അടിസ്ഥാന തത്വമെന്ന് മനുഷ്യാവകാശ പ്രവർത്തകരും നിയമവിദഗ്ധരും വ്യക്തമാക്കി. ശിക്ഷിക്കപ്പെട്ടവരിൽ ഭൂരിഭാഗവും അറസ്റ്റിന് മണിക്കൂറുകൾക്ക് മുമ്പ് തന്നെ അഭയാർഥിത്വ അപേക്ഷ നൽകിയിരുന്നുവെന്നും, പിന്നീട് പലർക്കും അഭയം ലഭിക്കുകയോ മനുഷ്യക്കടത്ത് ഇരകളായി അംഗീകരിക്കപ്പെടുകയോ ചെയ്തതായും ഗവേഷകർ പറയുന്നു. ഇത്തരം കേസുകൾ ചാനൽ കടക്കാനുള്ള ശ്രമങ്ങളെ തടയുന്നു എന്നതിന് തെളിവില്ലെന്നും നിലവിലെ പ്രോസിക്യൂഷൻ രീതി അന്യായവും ക്രൂരവുമാണെന്നും വിമർശനം ഉയർന്നു.
English summary: More than 1,100 people have been prosecuted for illegal arrival in the UK since 2022, including trafficking survivors and disputed-age children.
