ബ്രിട്ടനിലെ ഗ്രാമീണ കടകളിലും മോഷണഭീതി; വ്യാപാരികൾക്ക് കനത്ത നഷ്ടം
ലണ്ടൻ : ബ്രിട്ടനിലെ നഗരപ്രദേശങ്ങളെ മാത്രമല്ല, ഗ്രാമീണ മേഖലകളിലെ കടകളെയും ലക്ഷ്യമിട്ട് മോഷണവും കവർച്ചയും വർധിക്കുന്നതായി പുതിയ റിപ്പോർട്ടുകൾ. ഫാം ഷോപ്പുകൾ, കാർഷിക ഉപകരണങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ, ഗ്രാമങ്ങളിലെ ചെറിയ റീട്ടെയിൽ കടകൾ എന്നിവിടങ്ങളിൽ മോഷ്ടാക്കളുടെ സാന്നിധ്യം കൂടുന്നതായി വ്യാപാരികൾ പറയുന്നു. ഇൻഷുറൻസ് സ്ഥാപനമായ എൻ.എഫ്.യു മ്യൂച്വൽ നടത്തിയ പഠനത്തിൽ, ഗ്രാമപ്രദേശങ്ങളിലെ റീട്ടെയിൽ സ്ഥാപനങ്ങളിൽ വലിയൊരു വിഭാഗം കഴിഞ്ഞ ഒരു വർഷത്തിനിടെ ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യത്തിന് ഇരയായതായി കണ്ടെത്തി. മോഷണം, കടന്നുകയറ്റം, നാശനഷ്ടം, ജീവനക്കാർക്കെതിരായ ഭീഷണി തുടങ്ങിയ സംഭവങ്ങളാണ് വ്യാപാരികളെ കൂടുതൽ ആശങ്കയിലാക്കുന്നത്.
ഗ്രാമപ്രദേശങ്ങളിലെ കടകൾക്ക് ഇത്തരം കുറ്റകൃത്യങ്ങൾ മൂലം വൻ സാമ്പത്തിക ബാധ്യതയാണ് നേരിടേണ്ടിവരുന്നത്. ഓരോ സ്ഥാപനത്തിനും ശരാശരി പതിനായിരക്കണക്കിന് പൗണ്ടിന്റെ നഷ്ടമുണ്ടായതായും ചില വ്യാപാരികൾക്ക് അരമില്യൺ പൗണ്ടിന് മുകളിലുള്ള നഷ്ടം വരെ സംഭവിച്ചതായും റിപ്പോർട്ടിൽ പറയുന്നു. കെന്റിലെ ബ്രോഡ്ഡിച്ച് ഫാം ഷോപ്പിൽ ഈസ്റ്റർ അവധിക്കാലത്ത് നടന്ന കവർച്ച ഗ്രാമീണ വ്യാപാരികൾ നേരിടുന്ന യാഥാർത്ഥ്യത്തിന്റെ ഉദാഹരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. രാത്രിയിൽ കടയുടെ മേൽക്കൂര തകർത്ത് അകത്തുകയറിയ മോഷ്ടാക്കൾ പണവും ചാരിറ്റിക്കായി ശേഖരിച്ച സംഭാവനകളും ഉൾപ്പെടെ കൊണ്ടുപോയതോടെ, കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാൻ ഉടമകൾ നിർബന്ധിതരായി.
ബ്രിട്ടനിലുടനീളം റീട്ടെയിൽ കുറ്റകൃത്യങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് ഗ്രാമീണ കടകളും പുതിയ ലക്ഷ്യമായി മാറുന്നതെന്ന വിലയിരുത്തലാണ് വ്യാപാര സംഘടനകൾ മുന്നോട്ടുവയ്ക്കുന്നത്. സംഘടിത കുറ്റകൃത്യ സംഘങ്ങൾ കടകളെ പദ്ധതിപൂർവം ലക്ഷ്യമിടുന്നതായി നേരത്തെ തന്നെ മുന്നറിയിപ്പുകൾ ഉയർന്നിരുന്നു. 2025-ൽ മാത്രം ലക്ഷക്കണക്കിന് shoplifting സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതും, റീട്ടെയിൽ മേഖലയ്ക്ക് കോടിക്കണക്കിന് പൗണ്ടിന്റെ നഷ്ടമുണ്ടായതും പ്രശ്നത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു. കടകളിലെ ജീവനക്കാരെ ആക്രമിക്കുന്നതിനെ പ്രത്യേക കുറ്റമായി കാണുന്ന പുതിയ നിയമനടപടികൾ സർക്കാർ കൊണ്ടുവന്നിട്ടുണ്ടെങ്കിലും, ഗ്രാമീണ വ്യാപാരികൾക്ക് കൂടുതൽ പോലീസ് നിരീക്ഷണവും ശക്തമായ സുരക്ഷാ പിന്തുണയും വേണമെന്ന ആവശ്യം ശക്തമാകുകയാണ്.
