വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റും ‘വർക്ക് ഫ്രം ഹോം’ തട്ടിപ്പും: ജീവനക്കാരെ പിടികൂടാൻ സ്വകാര്യ ഡിറ്റക്ടീവുകളെ നിയോഗിച്ച് ബ്രിട്ടനിലെ പ്രമുഖ കമ്പനികൾ
ലണ്ടൻ : ജോലിയിൽനിന്ന് വിട്ടുനിൽക്കാൻ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കുകയും വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സമയം ദുരുപയോഗം ചെയ്യുകയും ചെയ്യുന്ന ജീവനക്കാരെ കുടുക്കാൻ ബ്രിട്ടനിലെ പ്രമുഖ കമ്പനികൾ സ്വകാര്യ ഡിറ്റക്ടീവുകളുടെ സഹായം തേടുന്നു. ശാരീരിക ബുദ്ധിമുട്ടുകൾ കാണിച്ച് മാസങ്ങളോളം അവധിയിൽ പ്രവേശിച്ച ശേഷം മറ്റ് ജോലികൾ ചെയ്യുകയോ കായിക വിനോദങ്ങളിൽ ഏർപ്പെടുകയോ ചെയ്യുന്ന ജീവനക്കാരുടെ വിവരങ്ങൾ ശേഖരിക്കാനാണ് സ്വകാര്യ അന്വേഷണ ഏജൻസികളെ ചുമതലപ്പെടുത്തിയിരിക്കുന്നത്. കോവിഡ് കാലത്തിന് ശേഷം വീട്ടിലിരുന്ന് ജോലി ചെയ്യുന്ന രീതി വ്യാപകമായതോടെ ഇത്തരം ക്രമക്കേടുകൾ വൻതോതിൽ വർദ്ധിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഗുരുതരമായ അസ്ഥിരോഗങ്ങളും കഴുത്തുവേദനയും കാരണം ജോലി ചെയ്യാൻ കഴിയില്ലെന്ന് കാണിച്ച് മാസങ്ങളോളം അവധി എടുത്ത ചില ഉദ്യോഗസ്ഥർ മറ്റ് മത്സര കമ്പനികളിൽ രഹസ്യമായി ജോലി ചെയ്യുന്നതായും ജിമ്മുകളിൽ വ്യക്തിഗത പരിശീലകരായി സേവനമനുഷ്ഠിക്കുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സ്വകാര്യ ഡിറ്റക്ടീവ് ഏജൻസികൾക്ക് ലഭിക്കുന്ന കേസുകളിൽ വലിയൊരു പങ്കും ജീവനക്കാരുടെ ഇത്തരം വ്യാജ അവധികളും കബളിപ്പിക്കലുകളുമായി ബന്ധപ്പെട്ടതാണെന്ന് ഏജൻസി മേധാവികൾ വ്യക്തമാക്കുന്നു. കമ്പനികളുടെ പ്രവർത്തനക്ഷമതയെയും ഉൽപ്പാദനക്ഷമതയെയും ഇത് ദോഷകരമായി ബാധിച്ചതോടെയാണ് കടുത്ത നടപടികളിലേക്ക് കടക്കാൻ മാനേജ്മെന്റുകൾ നിർബന്ധിതരായത്.
കഴിഞ്ഞ വർഷം മാത്രം ബ്രിട്ടനിൽ പതിനൊന്ന് ദശലക്ഷത്തിലധികം മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നൽകിയതായാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. ഇത് മുൻവർഷങ്ങളെ അപേക്ഷിച്ച് ഇരുപത് ശതമാനത്തോളം കൂടുതലാണ്. തുടർച്ചയായി സംശയസ്പദമായ രീതിയിൽ അവധി എടുക്കുന്ന ജീവനക്കാരെ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പിടികൂടാനാണ് കമ്പനികൾ ഡിറ്റക്ടീവുകളെ നിയോഗിക്കുന്നത്. ഇത്തരത്തിലുള്ള വ്യാജ അവധി സംസ്കാരം തടയുന്നതിനായി ജീവനക്കാരെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കുന്നതിനുള്ള പ്രത്യേക പദ്ധതികൾക്ക് ബ്രിട്ടീഷ് സർക്കാരും നിലവിൽ രൂപം നൽകിയിട്ടുണ്ട്.
Employers in the UK are increasingly hiring private investigators to track and gather evidence on employees who abuse sick leave and work-from-home privileges.
