യൂറോപ്യൻ അതിർത്തി പരിശോധനാ സംവിധാനം താൽക്കാലികമായി നിർത്തിവെക്കണം; ഇ യു നേതാക്കളോട് നേരിട്ട് ഇടപെടാൻ ബേൺഹാമിനോട് ആവശ്യം
വേനലവധി യാത്രാ തിരക്ക് ഉയരുന്നതിനിടെ യൂറോപ്യൻ യൂണിയന്റെ EES അതിർത്തി പരിശോധനാ സംവിധാനം താൽക്കാലികമായി നിർത്താൻ ബേൺഹാം ഇടപെടണമെന്ന് ആവശ്യം.
ലണ്ടൻ : യൂറോപ്യൻ യൂണിയന്റെ പുതിയ എൻട്രി-എക്സിറ്റ് സിസ്റ്റം (EES) താൽക്കാലികമായി നിർത്തിവെക്കാൻ യൂറോപ്യൻ നേതാക്കളുമായി പ്രധാനമന്ത്രി ആൻഡി ബേൺഹാം നേരിട്ട് ചർച്ച നടത്തണമെന്ന് ലിബറൽ ഡെമോക്രാറ്റുകൾ ആവശ്യപ്പെട്ടു. യുകെയിലെ എല്ലാ സ്കൂളുകൾക്കും വേനലവധി ആരംഭിച്ചതോടെ ഏകദേശം 22 ലക്ഷം ബ്രിട്ടീഷുകാർ വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെ വിദേശയാത്ര നടത്തുമെന്നാണ് കണക്കാക്കുന്നത്. ഈ സാഹചര്യത്തിൽ നിലവിലെ അതിർത്തി പരിശോധനാ സംവിധാനം യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണ് വിമർശനം.
യൂറോപ്യൻ യൂണിയനിലെ അംഗരാജ്യങ്ങളല്ലാത്ത രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ എത്തുമ്പോൾ ഫോട്ടോയും വിരലടയാളവും ഉൾപ്പെടെയുള്ള ബയോമെട്രിക് വിവരങ്ങൾ രേഖപ്പെടുത്തണമെന്നതാണ് EES സംവിധാനത്തിന്റെ പ്രധാന വ്യവസ്ഥ. സാങ്കേതിക തകരാറുകളും നീണ്ട ക്യൂകളും കാരണം ചിലയിടങ്ങളിൽ നിയമം ഭാഗികമായി ഇളവോടെ നടപ്പാക്കുന്നുണ്ടെങ്കിലും, നിരവധി യാത്രക്കാർ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടിവരുകയും ചിലർക്ക് വിമാനങ്ങൾ നഷ്ടമാകുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. സെപ്റ്റംബർ വരെയെങ്കിലും ഈ സംവിധാനം താൽക്കാലികമായി നിർത്തിവെക്കാൻ എല്ലാ യൂറോപ്യൻ രാജ്യങ്ങളോടും ബേൺഹാം അഭ്യർഥിക്കണമെന്ന് ലിബറൽ ഡെമോക്രാറ്റ് വിദേശകാര്യ വക്താവ് കാലം മില്ലർ ആവശ്യപ്പെട്ടു.
യാത്രാ സംഘടനയായ എബ്റ്റയുടെ കണക്കുപ്രകാരം ഈ വാരാന്ത്യത്തിൽ സ്പെയിനാണ് ബ്രിട്ടീഷ് വിനോദസഞ്ചാരികളുടെ പ്രധാന ലക്ഷ്യസ്ഥാനം. ഗ്രീസ്, പോർച്ചുഗൽ, ഇറ്റലി, തുർക്കി എന്നിവിടങ്ങളിലേക്കും വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്. യാത്രക്കാർ കൂടുതൽ സമയം മുൻകൂട്ടി യാത്ര ആരംഭിക്കണമെന്ന് എബ്റ്റ നിർദേശിച്ചു. ബ്രിട്ടീഷ് യാത്രക്കാർക്ക് കുറഞ്ഞ ബുദ്ധിമുട്ടോടെ യാത്ര ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കുന്നുണ്ടെന്ന് യുകെ സർക്കാർ അറിയിച്ചു. ഫ്രാൻസിലേക്കുള്ള ഡോവർ തുറമുഖത്തും യൂറോടണൽ ടെർമിനലിലും കാർ യാത്രക്കാർക്ക് ഫോട്ടോയും വിരലടയാളവും നിർബന്ധമാക്കാതിരിക്കാൻ ഫ്രഞ്ച് അധികൃതർ തീരുമാനിച്ചതിനാൽ ഇതുവരെ വലിയ ഗതാഗതക്കുരുക്ക് ഉണ്ടായിട്ടില്ല. അതേസമയം, ഒക്ടോബർ അവസാനം വരെ EES നടപ്പാക്കുന്നതിൽ കൂടുതൽ ഇളവ് അനുവദിക്കണമെന്ന് ഈസിജെറ്റും യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
English Summary: UK politicians have urged Andy Burnham to seek a temporary suspension of the EU’s EES border checks to ease summer travel.
