ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രൂപകൽപ്പന ചെയ്ത ലോകത്തിലെ ആദ്യത്തെ വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ചു

Jun 5, 2026 - 17:01
 0
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രൂപകൽപ്പന ചെയ്ത ലോകത്തിലെ ആദ്യത്തെ വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ചു

ലണ്ടൻ : മെഡിക്കൽ രംഗത്ത് വൻ വിപ്ലവത്തിന് വഴിതുറന്നുകൊണ്ട് കൃത്രിമബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പൂർണ്ണമായും രൂപകൽപ്പന ചെയ്ത ലോകത്തിലെ ആദ്യത്തെ വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ചു. കേംബ്രിഡ്ജ് സർവകലാശാലയിലെ ഗവേഷകരാണ് ലോകത്തെമ്പാടുമുള്ള ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തിയ ഈ നേട്ടത്തിന് പിന്നിൽ. ഭാവിയിൽ ഉണ്ടായേക്കാവുന്ന പുതിയ കോവിഡ് വകഭേദങ്ങൾ ഉൾപ്പെടെയുള്ള മാരക വൈറസുകളെയും മഹാമാരികളെയും മുൻകൂട്ടി പ്രതിരോധിക്കാൻ ശേഷിയുള്ളതാണ് ഈ പുതിയ വാക്സിൻ സാങ്കേതികവിദ്യ. നിലവിലുള്ള വാക്സിനുകളെല്ലാം വൈറസുകൾക്ക് ജനിതക വ്യതിയാനം സംഭവിക്കുമ്പോൾ ഫലപ്രദമല്ലാതെ വരാറുണ്ട് എന്നാൽ ഈ പുതിയ എഐ വാക്സിൻ വൈറസ് കുടുംബങ്ങളെ ഒന്നടങ്കം ചെറുക്കാൻ കെൽപ്പുള്ളതാണെന്ന് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു.


വിവിധ കൊറോണ വൈറസുകളുടെ ജനിതക കോഡുകൾ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വിശകലനം ചെയ്താണ് ഗവേഷകർ ഇതിനായുള്ള സൂപ്പർ ആന്റിജൻ രൂപകൽപ്പന ചെയ്തത്. വൈറസുകൾ രൂപമാറ്റം വരുത്തിയാലും മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടർന്നാലും പ്രതിരോധ സംവിധാനത്തെ ശക്തമായി പരിശീലിപ്പിക്കാൻ ഈ ആന്റിജന് സാധിക്കും. സുരക്ഷാ മാനദണ്ഡങ്ങൾ വിലയിരുത്തുന്നതിനായി മുപ്പത്തിയൊമ്പത് പേരിൽ നടത്തിയ ആദ്യഘട്ട പരീക്ഷണം വിജയകരമായിരുന്നു. വാക്സിൻ സുരക്ഷിതമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇതിന്റെ പ്രതിരോധ ശേഷി കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ ഇരുനൂറോളം പേരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള അടുത്ത ഘട്ട പഠനങ്ങൾ ഇപ്പോൾ പുരോഗമിക്കുകയാണ്.


നിലവിൽ കൊറോണ വൈറസുകളിലാണ് പരീക്ഷണം നടത്തുന്നതെങ്കിലും വരും നാളുകളിൽ എബോള, പക്ഷിപ്പനി, സീസണൽ പനി എന്നിവയ്ക്കെതിരെയുള്ള സാർവത്രിക വാക്സിനുകൾ വികസിപ്പിക്കാനും ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് ഗവേഷകർ ശ്രമിക്കുന്നുണ്ട്. മനുഷ്യന്റെ പ്രതിരോധ സംവിധാനത്തിൽ ഈ വാക്സിൻ ഉണ്ടാക്കുന്ന സ്വാധീനം വരും തലമുറയ്ക്ക് വലിയ പ്രതീക്ഷ നൽകുന്നതാണെന്ന് പ്രമുഖ ശാസ്ത്രജ്ഞർ വിലയിരുത്തി. യു കെ സയൻസ് മിനിസ്റ്റർ ലോർഡ് വാലൻസ് ഉൾപ്പെടെയുള്ള പ്രമുഖർ ഈ കണ്ടുപിടുത്തത്തെ ബ്രിട്ടീഷ് ശാസ്ത്രരംഗത്തെ വലിയൊരു വിജയമായാണ് വിശേഷിപ്പിച്ചത്. വാക്സിൻ ഗവേഷണ രംഗത്ത് വലിയൊരു മാറ്റത്തിന് തുടക്കമിടുന്ന ഈ സാങ്കേതികവിദ്യ ഭാവിയിൽ ലക്ഷക്കണക്കിന് ജീവനുകൾ വേഗത്തിൽ രക്ഷിക്കാൻ സഹായിക്കും.


Researchers at the University of Cambridge have successfully conducted the world's first human trials of a vaccine designed entirely by artificial intelligence to provide broad protection against mutating viruses and future pandemics.

Webadmin UK Malayali News editorial team brings the latest UK news, immigration updates, community stories and important information for Malayali readers in the United Kingdom.
ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.