വിദേശകാര്യത്തിൽ സമയം കുറയ്ക്കാനാകില്ല; ആൻഡി ബേൺഹാമിന് മുന്നറിയിപ്പുമായി കിയർ സ്റ്റാർമർ
പ്രധാനമന്ത്രി പദത്തിലെത്തിയാൽ വിദേശകാര്യ വിഷയങ്ങളിൽ സമയം കുറയ്ക്കാനാകില്ലെന്ന് ആൻഡി ബേൺഹാമിന് കിയർ സ്റ്റാർമർ മുന്നറിയിപ്പ് നൽകി.
ലണ്ടൻ : പ്രധാനമന്ത്രി പദത്തിലെത്തിയാൽ വിദേശകാര്യ വിഷയങ്ങളിൽ കുറച്ച് സമയം മാത്രം ചെലവഴിക്കാമെന്ന ധാരണ യാഥാർഥ്യത്തിന് നിരക്കാത്തതാണെന്ന് തന്റെ പിൻഗാമിയാകാൻ സാധ്യതയുള്ള ആൻഡി ബേൺഹാമിന് മുന്നറിയിപ്പ് നൽകി കിയർ സ്റ്റാർമർ. പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപിച്ചതിന് ശേഷമുള്ള ആദ്യ അഭിമുഖത്തിലാണ് സ്റ്റാർമർ ഈ നിലപാട് വ്യക്തമാക്കിയത്. നിലവിൽ ആഭ്യന്തര പ്രശ്നങ്ങളിലാണ് ബേൺഹാം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാൽ ഇന്നത്തെ ആഗോള സാഹചര്യത്തിൽ രാജ്യത്തെ ജീവിതച്ചെലവ്, ഊർജവില, സുരക്ഷ തുടങ്ങിയ നിർണായക വിഷയങ്ങൾ അന്താരാഷ്ട്ര സംഭവവികാസങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടു കിടക്കുന്നതാണെന്ന് സ്റ്റാർമർ ചൂണ്ടിക്കാട്ടി.
യുകെയിലെ സാധാരണ കുടുംബങ്ങളുടെ ബില്ലുകൾ എങ്ങനെയായിരിക്കുമെന്ന് ആശങ്കപ്പെടുന്ന ഒരു പ്രധാനമന്ത്രിക്ക് യുക്രെയിനിലെ യുദ്ധാവസ്ഥയെയും ഹോർമുസ് കടലിടുക്കിലെ സംഘർഷങ്ങളെയും ഒരു തരത്തിലും അവഗണിക്കാൻ കഴിയില്ലെന്ന് സ്റ്റാർമർ പറഞ്ഞു. ആഭ്യന്തരവും അന്താരാഷ്ട്രവുമായ വിഷയങ്ങളെ പൂർണമായി വേർതിരിച്ച് കാണാമെന്ന ചിന്ത ശരിയല്ലെന്നും ആധുനിക കാലത്ത് അത് ഒട്ടും പ്രായോഗികമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിയായിരുന്ന കാലത്ത് വിദേശകാര്യ വിഷയങ്ങളിൽ കൂടുതൽ സമയം ചെലവഴിച്ചുവെന്ന വിമർശനം സ്റ്റാർമറിനെതിരെ ഉയർന്നിരുന്നു.
അതേസമയം രണ്ട് വർഷത്തെ ഭരണത്തിന് ശേഷം രാജി പ്രഖ്യാപിച്ചത് തികച്ചും വ്യക്തിപരമായ തീരുമാനമായിരുന്നുവെന്ന് സ്റ്റാർമർ വെളിപ്പെടുത്തി. കുടുംബത്തോടൊപ്പം ചെക്കേഴ്സിൽ രണ്ടു ദിവസം ചെലവഴിച്ച ശേഷമാണ് അന്തിമ തീരുമാനം എടുത്തത്. ലേബർ പാർട്ടിയെ താൻ തകർച്ചയിൽ നിന്ന് രക്ഷപ്പെടുത്തിയതായും പ്രധാനമന്ത്രിയായി വിജയകരമായി പ്രവർത്തിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. പുതിയ നേതാവിന്റെ പ്രവർത്തനങ്ങളിൽ താൻ ഇടപെടാതെ മൗനം പാലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, യുക്രെയിനിന് സ്റ്റാർമർ നൽകിയ പിന്തുണ തുടരുമെന്നും യൂറോപ്യൻ യൂണിയനുമായി അടുത്ത ബന്ധം നിലനിർത്താൻ താൽപര്യമുണ്ടെന്നും ബേൺഹാം നേരത്തെ സൂചന നൽകിയിരുന്നു.
English Summary: Keir Starmer said a future UK prime minister cannot afford to spend less time on diplomacy and international affairs.
