ബര്‍മിംഗ്ഹാമില്‍ കാറുകള്‍ക്ക് നേരെ വ്യാപക നാശനഷ്ടം; 40ലേറെ വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ത്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

Jun 13, 2026 - 18:16
 0
ബര്‍മിംഗ്ഹാമില്‍ കാറുകള്‍ക്ക് നേരെ വ്യാപക നാശനഷ്ടം; 40ലേറെ വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ത്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

ലണ്ടൻ : ബര്‍മിംഗ്ഹാമിലെ ബാല്‍സല്‍ ഹീത്ത് പ്രദേശത്ത് പാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്ക് നേരെ വ്യാപക അക്രമം. മോസ്ലി റോഡില്‍ വെള്ളിയാഴ്ച രാവിലെ ഉണ്ടായ സംഭവത്തില്‍ നാല്‍പ്പതിലേറെ വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ന്നതായാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് 28 വയസ്സുകാരനെ വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പൊലീസ് അറസ്റ്റ് ചെയ്തു.

റോഡരികില്‍ നിരത്തി പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്ക് നേരെ ഒരാള്‍ ഇരുമ്പു ദണ്ഡുപയോഗിച്ച് ആക്രമണം നടത്തുന്നതായി നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. മുന്നിലെ വിന്‍ഡ്ഷീല്‍ഡുകള്‍, പിന്‍വശത്തെ ഗ്ലാസ്, സൈഡ് വിന്‍ഡോകള്‍ എന്നിവ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വാഹനങ്ങളുടെ അലാറങ്ങള്‍ തുടര്‍ച്ചയായി മുഴങ്ങുന്നതിനിടെ ഒരാള്‍ കാറുകളുടെ ചില്ലുകള്‍ അടിച്ചു തകര്‍ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ആക്രമണത്തിന് പിന്നിലെ കാരണം സംബന്ധിച്ച് പൊലീസ് ഇതുവരെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. നാശനഷ്ടം സംഭവിച്ച വാഹനങ്ങളുടെ ഉടമകളുമായി പൊലീസ് ബന്ധപ്പെടുന്നതായാണ് റിപ്പോര്‍ട്ട്.

Webadmin UK Malayali News editorial team brings the latest UK news, immigration updates, community stories and important information for Malayali readers in the United Kingdom.
ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.