വിമാന സർവീസുകൾ വെട്ടിക്കുറയ്ക്കുന്നു: വേനൽക്കാല യാത്രകളിൽ പ്രതിസന്ധി
ലണ്ടൻ : മധ്യപൂർവ്വേഷ്യയിലെ സംഘർഷാവസ്ഥയെ തുടർന്ന് ആഗോളതലത്തിൽ ജെറ്റ് ഇന്ധന വിതരണത്തിൽ ഉണ്ടായ കടുത്ത അനിശ്ചിതത്വം ഈ വർഷത്തെ വേനലവധിക്കാല വിമാന യാത്രകളെ സാരമായി ബാധിക്കുമെന്ന് മുന്നറിയിപ്പ്. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ മാത്രം ഏകദേശം 85,000 സർവീസുകൾ റദ്ദാക്കപ്പെട്ടേക്കുമെന്നാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ജെറ്റ് ഇന്ധനവില കുത്തനെ ഉയരുകയും വിതരണ ശൃംഖല തടസ്സപ്പെടുകയും ചെയ്തതോടെ യൂറോപ്പിലെയും ബ്രിട്ടനിലെയും പ്രമുഖ വിമാനക്കമ്പനികൾ ഇതിനോടകം തന്നെ സർവീസുകൾ വെട്ടിക്കുറയ്ക്കാൻ നിർബന്ധിതരായിട്ടുണ്ട്.
ലുഫ്താൻസ, യൂണൈറ്റഡ് എയർലൈൻസ്, ഡെൽറ്റ, കെഎൽഎം തുടങ്ങിയ മുൻനിര കമ്പനികൾ പല റൂട്ടുകളിലും യാത്രകൾ റദ്ദാക്കിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബ്രിട്ടനിലെയും യൂറോപ്പിലെയും തിരക്കേറിയ വിമാനത്താവളങ്ങളിൽ അവസാന നിമിഷം ഉണ്ടാകുന്ന സർവീസ് റദ്ദാക്കലുകളും വൈകലുകളും യാത്രക്കാരെ വലയ്ക്കും. പ്രതിസന്ധി ലഘൂകരിക്കുന്നതിന് ബ്രിട്ടീഷ് സർക്കാർ അടിയന്തര നടപടികൾ ആലോചിക്കുന്നുണ്ടെങ്കിലും വരും മാസങ്ങളിൽ വിമാനയാത്ര ദുഷ്കരമാകുമെന്നാണ് വ്യോമയാന മേഖലയിലെ വിദഗ്ധരുടെ വിലയിരുത്തൽ.
ഇന്ധന പ്രതിസന്ധിക്ക് പുറമെ യാത്രക്കാർക്ക് സാമ്പത്തിക ബാധ്യതയും വർധിക്കുന്നുണ്ട്. ചെലവുകൾ നികത്തുന്നതിന്റെ ഭാഗമായി മിക്ക കമ്പനികളും ബാഗേജ് ഫീസും ഇന്ധന സർചാർജും വർധിപ്പിച്ചു കഴിഞ്ഞു. വരും ആഴ്ചകളിൽ ടിക്കറ്റ് നിരക്കുകൾ ഇനിയും ഉയരാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ മുൻകൂട്ടി ബുക്കിംഗ് ഉറപ്പാക്കണമെന്നും വിമാന വിവരങ്ങൾ കൃത്യസമയത്ത് പരിശോധിക്കണമെന്നും നിർദേശമുണ്ട്.
The aviation industry faces a major crisis as an estimated 85,000 flights could be cancelled by June due to global jet fuel shortages and rising costs.

