ഇംഗ്ലണ്ടിൽ കുട്ടികൾ കുറ്റം ചെയ്താൽ രക്ഷിതാക്കൾക്ക് പിഴയും, ആവശ്യമെങ്കിൽ തടവുശിക്ഷയും; നിയമമാറ്റ നിർദ്ദേശങ്ങളുമായി സർക്കാർ

May 22, 2026 - 18:24
 0
ഇംഗ്ലണ്ടിൽ കുട്ടികൾ കുറ്റം ചെയ്താൽ രക്ഷിതാക്കൾക്ക് പിഴയും, ആവശ്യമെങ്കിൽ തടവുശിക്ഷയും; നിയമമാറ്റ നിർദ്ദേശങ്ങളുമായി സർക്കാർ

ഇംഗ്ലണ്ടിലും വെയില്‍സിലുമായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്കെതിരെ നടപടികള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. നിലവിലെ പാരന്റിങ് ഓര്‍ഡറുകളിലടക്കം മാറ്റങ്ങള്‍ വരുത്തിക്കൊണ്ടുള്ള സമൂലമായ ഒരു പരിഷ്‌കരമാണ് സര്‍ക്കാര്‍ ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് നീതിന്യായവകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഈയാഴ്ച സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച യൂത്ത് ജസ്റ്റിസ് വൈറ്റ് പേപ്പറിലാണ് ഈ മാറ്റങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങളുള്ളത്.

റിപ്പോര്‍ട്ട് പ്രകാരം പാരന്റിങ് ഓര്‍ഡറുകള്‍ ശക്തമാക്കുക വഴി രക്ഷിതാക്കളെ നിര്‍ബന്ധമായും കുട്ടികളുടെ പെരുമാറ്റത്തില്‍ ശ്രദ്ധ ചെലുത്താന്‍ പ്രേരിപ്പിക്കുക, കൗണ്‍സിലിങ്ങുകളിലും ഗൈഡന്‍സ് സെഷനുകളിലും പങ്കെടുപ്പിക്കുക, പിഴ അടപ്പിക്കുക മുതലായ മാറ്റങ്ങള്‍ അധികൃതര്‍ പരിഗണിക്കുന്നുണ്ട്. ഓര്‍ഡര്‍ ലംഘിച്ചാലുള്ള പരമാവധി പിഴ നിലവിലെ 1,000 പൗണ്ടില്‍ നിന്നും ഉയര്‍ത്താനും, അതീവഗുരുതരമായ കേസുകളില്‍ രക്ഷിതാക്കളെ ജയിലിലടയ്ക്കാനും ഉതകുന്ന തരത്തില്‍ നിയമമാറ്റം വരുത്താനും പദ്ധതിയുണ്ട്. 

കുട്ടികളിലെ കുറ്റവാസന ചെറുപ്പത്തില്‍ തന്നെ കണ്ടെത്തുന്നത് അവര്‍ കുറ്റവാളികളായി മാറാതിരിക്കാന്‍ സഹായിക്കുമെന്ന് നീതിന്യായ സെക്രട്ടറിയും, ഉപപ്രധാനമന്ത്രിയുമായ ഡേവിഡ് ലാമി പറയുന്നു. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും പ്രധാന കുറ്റവാളികളില്‍ പത്തില്‍ എട്ട് പേരും തങ്ങളുടെ ആദ്യ കുറ്റകൃത്യം ചെയ്തത് കുട്ടികളായിരിക്കുമ്പോഴാണെന്നും, ഇതില്‍ മൂന്നില്‍ രണ്ട് പേരും കസ്റ്റഡിയില്‍ നിന്നും പുറത്തുവന്ന് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ വീണ്ടും കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടുവെന്നും ഈ വാദത്തിന് പിന്‍ബലമായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

ജഡ്ജുമാര്‍, യൂത്ത് ജസ്റ്റിസ് സര്‍വീസുകള്‍, പ്രത്യേക സപ്പോര്‍ട്ട് സിസ്റ്റം എന്നിവ സംയോജിപ്പിച്ചുകൊണ്ടുള്ള പുതിയ യൂത്ത് ഇന്റര്‍വെന്‍ഷന്‍ കോടതി ആണ് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന മറ്റൊരു കാര്യം. കുട്ടികളിലെ കുറ്റവാസനയുടെ മൂലകാരണം കണ്ടെത്തി പരിഹരിക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഒപ്പം കുറ്റം ചെയ്ത കുട്ടികളെ സദാ നിരീക്ഷിക്കുകയും, അവര്‍ വീണ്ടും കുറ്റം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യും. ഇതുവഴി കുട്ടികളെ കസ്റ്റഡി തടവില്‍ വയ്ക്കുന്നത് കുറയ്ക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. അടുത്ത തെരഞ്ഞെടുപ്പിന് മുമ്പായി കുട്ടികളുടെ കസ്റ്റഡി തടവുകള്‍ 25% കുറയ്ക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. പൊതുജനത്തിന് ഭീഷണിയാകുന്ന സന്ദര്‍ഭങ്ങളില്‍ മാത്രമേ കുട്ടികളെ തടവില്‍ പാര്‍പ്പിക്കുകയുള്ളൂ.

ശമ്പളമില്ലാത്ത ജോലി, കര്‍ഫ്യൂ, ചികിത്സ എന്നിങ്ങനെയുള്ള യൂത്ത് റീഹാബിലിറ്റേഷന്‍ ഓര്‍ഡറുകളും കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ ആലോചന നടത്തിവരികയാണ്. കുറ്റം ചെയ്ത കുട്ടികളുടെ ശരീരത്തില്‍ ഇലക്ട്രോണിക് മോണിറ്ററിങ് ഉപകരണം വച്ച് അവര്‍ എവിടെയെല്ലാം പോകുന്നു എന്നിവയടക്കം നിരീക്ഷിക്കുകയും ചെയ്യും.

കുട്ടിയായിരിക്കുമ്പോള്‍ ചെയ്ത കുറ്റം ജോലിക്ക് ചേരുക പോലുള്ള എല്ലാ സന്ദര്‍ഭങ്ങളിലും വെളിപ്പെടുത്തേണ്ടി വരുന്നതിന്റെ ആവശ്യകത ഒഴിവാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

നേരത്തെ തന്നെ കുട്ടികളിലെ കുറ്റവാസന കണ്ടെത്താനും, അനുബന്ധ നടപടികള്‍ക്കുമായി വര്‍ഷം 15.4 മില്യണ്‍ പൗണ്ട് മാറ്റി വയ്ക്കുകയും ചെയ്യും.

നിലവിലെ നിയമപ്രകാരം 16 വയസിന് താഴെയുള്ള ഒരാള്‍ കുറ്റകൃത്യം ചെയ്യുകയാണെങ്കില്‍ കോടതിക്ക് പാരന്റിങ് ഓര്‍ഡര്‍ പുറപ്പെടുവിക്കാം. 16, 17 പ്രായക്കാര്‍ കുറ്റം ചെയ്യുമ്പോള്‍, അവര്‍ വീണ്ടും കുറ്റകൃത്യം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് തോന്നിയാലും സമാനമായ പാരന്റിങ് ഓര്‍ഡര്‍ പുറപ്പെടുവിക്കാന്‍ കോടതിക്ക് അധികാരമുണ്ട്. അതേസമയം രാജ്യത്ത് പാരന്റിങ് ഓര്‍ഡര്‍ പുറപ്പെടുവിക്കുന്നത് 2009-10 കാലത്ത് 1,000-ല്‍ അധികമായിരുന്നുവെങ്കില്‍ 2022-23 കാലത്ത് അത് വെറും 33 ആയി കുറഞ്ഞുവെന്ന് നീതിന്യായവകുപ്പ് പറയുന്നു.

2024 ജൂലൈയില്‍ ഡാന്‍സ് ക്ലാസിനിടെ സൗത്ത്‌പോര്‍ട്ടില്‍ മൂന്ന് പെണ്‍കുട്ടികളെ കുത്തിക്കൊലപ്പെടുത്തിയ 17-കാരനായ ആക്‌സല്‍ റുഡാകുബാനയുടെ രക്ഷിതാക്കള്‍, നേരത്തെ മകന്റെ കാര്യത്തില്‍ ഇടപെട്ടിരുന്നുവെങ്കില്‍ ഈ സംഭവം ഒഴിവാക്കാന്‍ സാധിക്കുമായിരുന്നു എന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് സര്‍ക്കാര്‍ നിയമമാറ്റ നിര്‍ദ്ദേശം നടത്തിയിരിക്കുന്നത്.

നിയമമാറ്റം നടപ്പിലായാല്‍ ജഡ്ജുമാര്‍ക്ക് കൂടുതല്‍ അധികാരം ലഭിക്കുകയും, പാരന്റിങ് പ്രശ്‌നമനുഭവിക്കുന്ന കുട്ടികള്‍ക്ക് മെച്ചപ്പെട്ട പിന്തുണ ലഭിക്കുമെന്നും ലാമി പറയുന്നു. എന്നാല്‍ രക്ഷിതാക്കളെ ജയിലില്‍ അടയ്ക്കുന്നത് പോലുള്ള നടപടികള്‍ വളരെ അപൂര്‍വ്വം മാത്രമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം രക്ഷിതാക്കളുമായുള്ള വൊളന്ററി ഇടപെടലിലൂടെയാണ് കുട്ടികളിലെ കുറ്റവാസന കണ്ടെത്താനും, പ്രതിവിധി കാണാനും സാധിക്കുകയെന്ന് അലിയാന്‍സ് ഫോര്‍ യൂത്ത് ജസ്റ്റിസ് മേധാവിയായ ജെസ്സ് മുള്ളെന്‍ പറഞ്ഞു. കുട്ടി ചെയ്ത കുറ്റത്തിന് രക്ഷിതാക്കളെ ജയിലിലടച്ചാല്‍ കുട്ടികള്‍ക്ക് ആവശ്യമായ പിന്തുണ എവിടെ നിന്ന് ലഭിക്കുമെന്നും അവര്‍ ചോദ്യമുയര്‍ത്തി.

Webadmin UK Malayali News editorial team brings the latest UK news, immigration updates, community stories and important information for Malayali readers in the United Kingdom.
ശ്രദ്ധിക്കുക: വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, യുകെമലയാളി യുടേത് അല്ല.